- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണത്തുടർച്ചയെന്ന ഇടത് പ്രതീക്ഷക്ക് മങ്ങലേൽക്കില്ലെന്ന് ഐ.എ.എൻ.എസ്-സിവോട്ടർ സർവേയും; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനകീയ മുഖ്യമന്ത്രി കേരള മുഖ്യൻ തന്നെ; അഹങ്കാരിയെന്ന് എതിരാളികൾ ആക്ഷേപിക്കുന്ന പിണറായി ഭരണത്തിൽ കേരളത്തിലെ 53.08 ശതമാനം ആളുകളും വളരെയധികം സംതൃപ്തർ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി കേരള മുഖ്യൻ തന്നെ. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണെന്ന് പറയുന്നത് 53.08 ശതമാനം ജനങ്ങളാണ്. ഐ.എ.എൻ.എസ്-സിവോട്ടർ സർവേ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അസം, കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഐ.എ.എൻ.എസ്-സിവോട്ടർ സർവേ നടത്തിയത്. കേരളം, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ജനപ്രീതിയിൽ മുന്നിട്ട് നിൽക്കുമ്പോൾ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലേയും ഭരണത്തെ കുറിച്ച് ജനങ്ങൾക്ക് അത്ര നല്ല അഭിപ്രായമല്ല.
കേരളത്തിൽ 72.92 ശതമാനവും പശ്ചിമ ബംഗാളിൽ 57.5 ശതമാനവും അസമിൽ 58.27 ശതമാനവും പേർക്ക് അവരുടെ സർക്കാരുകളിൽ പ്രീതിയുണ്ട്. കേരളത്തിലെ 53.08 ശതമാനം ആളുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തിൽ വളരെയധികം സംതൃപ്തരാണ്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാലിന്റെ പ്രകടനത്തിൽ അവിടുത്തെ 45.84 ശതമാനം പേർ വളരെയധികം സംതൃപ്തി പ്രകടിപ്പിച്ചു. മമതാ ബാനർജിയുടെ പ്രകടനത്തിൽ ബംഗാളിലെ 44.82 ശതമാനം പേരും വളരെയധികം സംതൃപ്തി പ്രകടിപ്പിക്കുന്നതായി സർവേ പറയുന്നു.
അതേ സമയം തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രകടനത്തിൽ 16.55 ശതമാനവും പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് രാജിവച്ച വി.നാരാണസാമിയുടെ പ്രകടനത്തിൽ 17.48 ശതമാനം പേരും മാത്രമേ വളരെധികം സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളൂ. സർവേയിൽ, അസമിൽ 41.87 ശതമാനം പേർ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ വളരെയധികം സംതൃപ്തരാണ്, 29.3 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്, 12.39 ശതമാനം പേർ തൃപ്തരല്ല. മൊത്തം 58.78 ശതമാനം ആളുകൾ അസം സർക്കാറിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണ്.
കേരളത്തിൽ 45.35 ശതമാനം പേർ വളരെയധികം സംതൃപ്തരാണ്, 42.87 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്, 11.7 ശതമാനം പേർ തൃപ്തരല്ല. ആകെ 76.52 ശതമാനം ആളുകൾ കേരള സർക്കാരിന്റെ പ്രകടനത്തിൽ സംതൃപ്തരാണ്. പശ്ചിമ ബംഗാളിൽ 36.95 ശതമാനം ആളുകൾ സംസ്ഥാന സർക്കാരിന്റെ പ്രകടനത്തിൽ വളരെയധികം സംതൃപ്തരാണ്, 33.65 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്, 25.71 ശതമാനം പേർ തൃപ്തരല്ല. പശ്ചിമ ബംഗാൾ സർക്കാരിന്റെ പ്രകടനത്തിൽ മൊത്തം 44.89 ശതമാനം ആളുകൾ സംതൃപ്തരാണ്.
തമിഴ്‌നാട്ടിനെ സംബന്ധിച്ചിടത്തോളം വെറും 7.21 ശതമാനം ആളുകൾക്ക് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ വളരെയധികം സംതൃപ്തരായിട്ടുള്ളൂ, 43.24 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്, 31.47 ശതമാനം പേർ തൃപ്തരല്ല. ആകെ 18.98 ശതമാനം പേർ തമിഴ്‌നാട് സർക്കാരിന്റെ പ്രകടനത്തിൽ സംതൃപ്തരാണ്. പുതുച്ചേരിയിൽ 41.09 ശതമാനം ആളുകൾ സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തരല്ല, 18.23 ശതമാനം പേർ വളരെയധികം സംതൃപ്തരാണ്, 13.67 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്. സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് 27 ശതമാനം ആളുകൾക്ക് ഒന്നും പറയാനില്ല. അതിനാൽ പുതുച്ചേരി സർക്കാരിന്റെ മൊത്തം പ്രകടനം മൈനസ് 9.19 ശതമാനമായിട്ടാണ് സർവേ വിലയിരുത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി-സീ വോട്ടർ അഭിപ്രായ സർവേയിലും കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. എൽഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്ന അഭിപ്രായ സർവെ പക്ഷേ ബിജെപിക്ക് നേടാനാകുക പരമാവധി രണ്ട് സീറ്റുകളാണെന്നും പറയുന്നു. മറ്റുള്ളവർക്കും രണ്ടു സീറ്റുകളാണ് അഭിപ്രായ സർവെയിൽ പറയുന്നത്. സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് 33 ശതമാനം വോട്ടുമാണ് സർവെ പ്രവചിക്കുന്നത്. ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെ പറയുന്നു.
തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. സഖ്യത്തിന് 154 മുതൽ 162 സീറ്റ് വരെ ലഭിക്കും. എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58 മുതൽ 66 സീറ്റ് വരെയാണ് ലഭിക്കുക. മറ്റുള്ളവർ 8 മുതൽ 20 സീറ്റ് വരെ നേടിയേക്കുമെന്നും സർവേ ഫലം പറയുന്നു. അസമിൽ 68 മുതൽ 76 സീറ്റ് വരെ നേടി ബിജെപി അധികാരം നിലനിർത്തും. കോൺഗ്രസിന് 43 മുതൽ 51 സീറ്റ് വരെ ലഭിച്ചേക്കും. മറ്റുള്ളവർക്ക് അഞ്ച് മുതൽ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നും ഫലം പറയുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുതുച്ചേരിയിൽ ഭരണം നഷ്ടമായ കോൺഗ്രസിന് വരുന്ന തെരഞ്ഞെടുപ്പിലും ഭരണം നഷ്ടമായേക്കുമെന്നും സർവേയിൽ പറയുന്നു. ഇതിലൂടെ ദക്ഷിണേന്ത്യയിൽ രണ്ടാമത്തെ ബിജെപി സഖ്യ സർക്കാർ യാഥാർത്ഥ്യമായേക്കും. ബിജെപി സഖ്യത്തിന് 17 മുതൽ 21 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് എട്ട് മുതൽ 12 സീറ്റ് വരെ ലഭിക്കും. മറ്റുള്ളവർ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും അഭിപ്രായ സർവേ പറയുന്നു. അതേസമയം, ബംഗാളിൽ മമത ബാനർജി സർക്കാർ തുടർഭരണം നേടുമെന്നാണ് പ്രവചനം. 148-164 സീറ്റുകൾ വരെ തൃണമൂൽ കോൺഗ്രസ് നേടും. ബിജെപിക്ക് 92-108, സീറ്റുകൾ നേടിയേക്കും. ബംഗാൾ ആകെ സീറ്റ്-294; ടിഎംസി-148-164, ബിജെപി 92-108, കോൺഗ്രസ്+മറ്റുള്ളവർ:31-39
ദേശീയ രാഷ്ട്രീയത്തിൽ അതിനിർണ്ണായകമാണ് മെയ് രണ്ട് വരെയുള്ള ദിനങ്ങൾ. അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിൽ അസമിൽ മാത്രമാണ് ബിജെപി ഭരണം. എന്നാൽ ബംഗാളിലും പുതുച്ചേരിയിലും കേന്ദ്രം ഭരിക്കുന്ന മോദിക്ക് ചില സ്വപ്‌നങ്ങളുണ്ട്. ഇത് പൂവമിയുമോ അസമിൽ തകർന്നടിയുമോ.. ഇതെല്ലാമാണ് ഉയരുന്ന ചോദ്യം. കർഷ പ്രക്ഷോഭത്തിന്റെ നാളിൽ കോൺഗ്രസിനും ബിജെപിക്കും മൂന്നാം ബദലിനും ഏറെ നിർണ്ണായകമാണ് ഈ വോട്ടെടുപ്പ് കാലവും.
മറുനാടന് മലയാളി ബ്യൂറോ