- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യബന്ധന ബോട്ടുകളിൽ ശ്രീലങ്കൻ സംഘം തമിഴ്നാട്ടിലേക്കു കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; കേരള തീരത്തും ജാഗ്രത; കോസ്റ്റ്ഗാർഡും പൊലീസും നിരീക്ഷണം ശക്തമാക്കി; കേരളത്തിൽ നിന്നുള്ള 14 മലയാളികൾ കാബൂൾ വിമാനത്താവളത്തിൽ ചാവേറാക്രമണം നടത്തിയ ഐസിസ് -കെ യുടെ ഭാഗം
കൊച്ചി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമ്പോൾ ഇന്ത്യയും സുരക്ഷാഭീതിയിലാണ്. തീവ്രവാദികൾ ഇന്ത്യയെയും ഉന്നം വെക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിനിടെ പുറത്തുവന്ന ഇന്റലിജൻസ് റിപ്പോർട്ടും കേരളത്തിൽ അടക്കം ജാഗ്രത വർധിപ്പിക്കേണ്ട ആവശ്യകത വ്യക്തമാക്കുന്നു. മത്സ്യബന്ധന ബോട്ടുകളിൽ ശ്രീലങ്കൻ സംഘം തമിഴ്നാട്ടിലേക്കു കടന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് കേരള തീരത്തും ജാഗ്രതാ നിർദ്ദേശം നല്കിയിരിക്കയാണ്.
കോസ്റ്റൽ പൊലീസിനു പുറമേ കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ എത്തിയതിനു ശേഷം റോഡ് മാർഗം ഇവർ കൊച്ചിയിലേക്കു തിരിക്കുമെന്നും സൂചനയുണ്ടത്രെ. അതിനുശേഷം വീണ്ടും മത്സ്യബന്ധന ബോട്ടിൽ വിദേശത്തേക്കു കടക്കാൻ നീക്കമുള്ളതായാണു വിവരം ലഭിച്ചിരിക്കുന്നത്.കൊച്ചിക്കും മുനമ്പത്തിനും പുറമേ കൊല്ലം തീരത്തും നിരീക്ഷണം ശക്തമാക്കി.
അതിനിടെ സംസ്ഥാന ജാഗ്രത പാലിക്കേണ്ട മറ്റൊരു റിപ്പോർട്ടു കൂടി പുറത്തുവന്നു. കേരളത്തിൽ നിന്നുള്ള 14 പേർ കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) എന്ന ഭീകരസംഘടനയുടെ ഭാഗമാണെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബഗ്രാം ജയിലിൽ നിന്ന് താലിബാൻ മോചിപ്പിച്ച തീവ്രവാദികളിൽ ഉൾപ്പെട്ട 14 മലയാളികളും ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ 13 യു എസ് സൈനികർ ഉൾപ്പടെ 170 പേർ കൊല്ലപ്പെട്ടിരുന്നു.
ഐസിസ്-കെയുടെ ഭാഗമായ 14 മലയാളികളിൽ ഒരാൾ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറ്റ് 13 പേരെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഇവർ ഇപ്പോഴും ഐസിസ്-കെ തീവ്രവാദ ഗ്രൂപ്പിനൊപ്പം കാബൂളിലുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ കാബുൾ വിമാനത്താവള ആക്രമത്തിൽ ഇവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്നും റിപ്പോർട്ട് പറയുന്നു.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ സ്ഥിതിഗതികൾ രൂക്ഷമാണ്. പാക്കിസ്ഥാൻ, ഹഖാനി ശൃംഖലയുടെ പിന്തുണയോടെ, മറ്റ് രാജ്യങ്ങളിൽ നിന്ന് നിയമസാധുത ലഭിക്കുന്നതിന് മുൻ സർക്കാരിലെ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി 12 അംഗ സമിതി രൂപീകരിക്കാൻ താലിബാന് മേൽ സമ്മർദ്ദം ശക്തമാണ്. അതേസമയം, താലിബാൻ വിഷയത്തിൽ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും അവിടെ നിന്ന് പൂർണ്ണമായി പിൻവാങ്ങാൻ കാത്തിരിക്കുകയാണ്. യു എസ് സൈനികരും പൗരന്മാരും പൂർണമായി പിൻവാങ്ങിയ ശേഷം അഫ്ഗാനിസ്ഥാനിൽ സൈനിക നടപടി ഉണ്ടാകുമെന്നാണ് സൂചന.
ഐസിസ് - കെ അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസൻ പ്രൊവിൻസ് (ISKP) അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സജീവമായ ഐസിസിന്റെ അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക അനുബന്ധ സംഘടനയാണ്. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഒരു സംഘടനയാണിത്.
ഇറാഖിലും സിറിയയിലും ഐഎസിന്റെ ശക്തിയുടെ ഏറ്റവും ഉന്നതിയിലായിരുന്ന 2015 ജനുവരിയിലാണ് ഐസിസ്-കെ സ്ഥാപിക്കപ്പെട്ടത്. എന്നാൽ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഐസിസ്-കെയെ പരാജയപ്പെടുത്തുകയും തകർക്കുകയും ചെയ്തിരുന്നു. ഇത് അഫ്ഗാനിസ്ഥാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ജിഹാദികളിൽ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്വന്തം സംഘടന വേണ്ടത്ര തീവ്രമായി കാണാത്ത അഫ്ഗാൻ താലിബാനിലെ അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.
പെൺകുട്ടികളുടെ സ്കൂളുകൾ, ആശുപത്രികൾ, ഗർഭിണികളെയും നഴ്സുമാരെയും വെടിവച്ചുകൊന്ന ഒരു പ്രസവ വാർഡ് എന്നിങ്ങനെ സമീപ വർഷങ്ങളിൽ ഐസിസ്-കെ നടത്തിയ കൊടും ക്രൂരതകൾ നിരവധിയാണ്. അഫ്ഗാനിസ്ഥാനിൽ മാത്രം ഒതുങ്ങുന്ന താലിബാനിൽ നിന്ന് വ്യത്യസ്തമായി, ഐസിസ്-കെ ആഗോള ഐഎസ് ശൃംഖലയുടെ ഭാഗമാണ്. അവർ പാശ്ചാത്യ, അന്തർദേശീയ തലത്തിലും ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്ന തീവ്രവാദ സംഘടനയാണ്.
കിഴക്കൻ പ്രവിശ്യയായ നംഗർഹറിലാണ് ഐസിസ്-കെയുടെ ആസ്ഥാനം. പാക്കിസ്ഥാനിലേക്കും പുറത്തേക്കും മയക്കുമരുന്നും കള്ളക്കടത്തുകളും നടത്തുന്ന ഇടനാഴിയാണ് ഇവിടം. സംഘടനയുടെ സുവർണ കാലത്ത് ഏകദേശം മൂവായിരത്തോളം പോരാളികൾ ഉണ്ടായിരുന്നു. എന്നാൽ അമേരിക്കയും അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഐസിസ്-കെയ്ക്ക് വലിയ നഷ്ടമുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ