കണ്ണൂർ: കേരളാകോൺഗ്രസ് ജില്ലാ നേതൃയോഗം നാളെ നടക്കാനിരിക്കെ മാണിഗ്രൂപ്പിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി ജോസടക്കമുള്ള ഒരുവിഭാഗം നേതാക്കൾ അകന്നു നിൽക്കുന്നതാണ് പാർട്ടിയിൽ അസ്വാരസ്യം ഉയരാൻ കാരണം. ചെയർമാൻ ജോസ്‌കെ.മാണിയുടെ അവഗണനയാണ് പാർട്ടിക്കുള്ളിൽ എതിർപ്പുയരാനിടയാക്കിയത്.

ജോസ് കെ.മാണി നാളത്തെ ജില്ലാനേതൃയോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ സി.പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇരിട്ടിയിൽ നടത്തുന്ന കർഷക സെമിനാറിലും ജോസ് കെ.മാണി പ്രസംഗിക്കും. എന്നാൽ പാർട്ടി നേതൃയോഗം കഴിഞ്ഞാൽ ചെയർമാൻ പി.ടി ജോസടക്കമുള്ള നേതാക്കളെ കാണുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കണ്ണൂർ ജവഹർ ലൈബ്രറിഹാളിലാണ് നേതൃയോഗം നടക്കുക.

വിമതവിഭാഗം നേതാക്കൾക്കു പകരം ജോസഫ് ഗ്രൂപ്പിൽ നിന്നും മറുകണ്ടം ചാടി വന്ന മാത്യു കുന്നപ്പള്ളിയെ നേതൃത്വത്തിലേക്ക് ഉയർത്താനുള്ള ജോസ് കെ.മാണിയുടെ നീക്കത്തിൽ ജില്ലയിലെ മറ്റു നേതാക്കൾക്കും അതൃപ്തിയുണ്ട്. എന്നാൽ മാത്യു കുന്നപ്പള്ളി കളംമാറി ചവിട്ടിയതോടെ ജില്ലയിലെ ജോസഫ് ഗ്രൂപ്പും നിർജീവമായിട്ടുണ്ട്. ഫലത്തിൽ ഇതു യു.ഡി.എഫിനെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന,് യു.ഡി. എഫ് സ്വാധീനകേന്ദ്രങ്ങളിൽ കൂടി കടന്നുകയറാൻ കഴിഞ്ഞത് ജോസ് കെ.മാണിയുടെ വരവോടെയാണെന്നതിനാൽ പാർട്ടിയുടെ ആഭ്യന്തര ഗ്രൂപ്പു പോരിൽ സി.പി. എം ഇടപെടാൽ താൽപര്യം കാണിച്ചിട്ടില്ല. മാത്രമല്ല ഐ. എൻ. എല്ലിലേതു പോലെയുള്ള പരസ്യമായ വിഴുപ്പലക്കലിൽ കാര്യങ്ങൾ എത്തിയിട്ടില്ലാത്തതിനാൽ കാത്തിരുന്ന് കാണാമെന്ന പോളിസിയിലാണ് സി.പി. എം നേതൃത്വം.

എന്തുതന്നെയായാലും ബുധനാഴ്‌ച്ച നടക്കുന്ന ജില്ലാ നേതൃയോഗത്തിനു ശേഷം വിമതവിഭാഗത്തോട് ജോസ് കെ.മാണി സ്വീകരിക്കുന്ന നിലപാട് വ്യക്തമാവും. അദ്ദേഹം പി.ടി ജോസിനെ സന്ദർശിച്ചു ചർച്ച നടത്തിയാൽ തീരുന്ന പ്രശ്നങ്ങളെ പാർട്ടിയിലുള്ളുവെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ ജോസ് കെ.മാണി ഇതിനു തയ്യാറാകില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ നൽകുന്ന സൂചന. ഇതോടെ കണ്ണൂരിൽ കേരള കോൺഗ്രസ് മാണിവിഭാഗം പിളർപ്പിലേക്ക് എത്തിയേക്കും. ജോസഫ് ഗ്രൂപ്പിൽ നിന്നു മാത്യു കുന്നപ്പള്ളിയെ അടർത്തിയെടുത്തതു പോലെ മാണിഗ്രൂപ്പിൽ നിന്നും ഒരുവിഭാഗത്തെ കൊണ്ടുവരാൻ ജേക്കബ്, ജോസഫ് വിഭാഗവും ശ്രമിക്കുന്നുണ്ട്. ഇതിനോടൊപ്പം വിമത നേതാക്കൾക്ക് അർഹമായ സ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി ബിജെപിയും അണിയറയിൽ കരുക്കൾ നീക്കുന്നുണ്ട്.