കോട്ടയം: പാർട്ടി ചിഹ്നമായ രണ്ടില തങ്ങൾക്കാണെന്നും യഥാർത്ഥ കേരള കോൺഗ്രസ് എം തങ്ങളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിയെഴുതിയതോടെ ജോസ്.കെ.മാണി പക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജോസഫ് പക്ഷത്തിനെതിരെ ജോസ് പക്ഷം കരുക്കൾ നീക്കി തുടങ്ങി. പി.ജെ.ജോസഫിനേയും മോൻസ് ജോസഫിനേയും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്പീക്കർക്ക് പരാതി നൽകുമെന്ന് ജോസ് കെ.മാണി പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ.മാണി.

'കഴിഞ്ഞ മാസം 24-ന് നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ നിന്നും രാജ്യസഭാ വോട്ടെടുപ്പിലും വിട്ടുനിൽക്കാൻ എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. ആ വിപ്പ് പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നീ എംഎൽഎമാർ ലംഘിച്ചു. അവർക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കും. അയോഗ്യത നടപടിയെടുക്കണമെന്ന് സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി ആവശ്യപ്പെട്ടു'- ജോസ് കെ.മാണി പറഞ്ഞു.രണ്ട് പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് അടുത്ത ദിവസം കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വളരെ വേഗത്തിൽ തന്നെ ഒരു രാഷ്ട്രീയ നിലപാട് എടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുട്ടനാട്ടിൽ മത്സരിക്കുന്നതിന് കേരള കോൺഗ്രസ് സജ്ജമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ തിയതി പ്രഖ്യാപിക്കുമ്പോൾ അക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും. കുട്ടനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.ജെ.ജോസഫിന് മേൽവിലാസമോ ചിഹ്നമോ ഇല്ലെന്നും ജോസ് പറഞ്ഞു.എന്ത് അടിസ്ഥാനത്തിലാണ് പി.ജെ. ജോസഫ് കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ജോസ് പറഞ്ഞു.

കേരള കോൺഗ്രസ് പേരിലും രണ്ടില ചിഹ്നത്തിലും മത്സരിക്കാൻ കഴിയില്ല. ജോസഫ് ഏകപക്ഷീയമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഏത് ചിഹ്നത്തിലും മേൽവിലാസത്തിലും മത്സരിക്കുമെന്ന് അറിയണം. പി.ജെ.ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലുവിളിക്കുന്നു. ജോസഫിന്റേത് തോറ്റ് തുന്നംപാടിയവന്റെ വിലാപമെന്നും ജോസ് പരിഹസിച്ചു. തെറ്റു തിരുത്തിയാൽ യുഡിഎഫിലേക്ക് തിരിച്ച് വരാമെന്നാണ് പി.ജെ ജോസഫ് പറയുന്നത്. ഏത് തെറ്റാണ് തിരുത്തേണ്ടതെന്നും ജോസ്.കെ.മാണി ചോദിക്കുന്നു. പലരും കേരളാ കോൺഗ്രസിനെ സ്വാഗതം ചെയ്യുന്നുണ്ട്. അതിൽ സന്തോഷം ഉണ്ട് ഉചിതമായ തീരുമാനം എടുക്കും. കുട്ടനാട് സീറ്റ് മോഹിച്ച് ആരും എൽഡിഎഫിലേക്ക് വരേണ്ടതില്ലെന്ന എൻസിപി നേതാവ് മാണി. സി.കാപ്പന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു.

ജോസും ചാഴിക്കാടനും കോവിഡ് ചട്ടം ലംഘിച്ചെന്ന് ജോസഫ് വിഭാഗം

ഡൽഹി സന്ദർശനം കഴിഞ്ഞെത്തിയ എംപി.മാരായ ജോസ് കെ മാണിയും തോമസ് ചാഴിക്കാടനും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോട്ടയത്ത് പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ പങ്കെടുക്കുന്നതിനെതിരെ ജോസഫ് വിഭാഗം കളക്ടർക്കും എസ്‌പിക്കും പരാതി. യോഗത്തിൽ പങ്കെടുക്കുന്ന മറ്റു നേതാക്കളും ക്വാറന്റയിനിൽ പോകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

എന്നാൽ ജോസഫ് വിഭാഗത്തിന്റേത് അനാവശ്യ വിവാദമെന്ന് കേരള കോൺഗ്രസ് എം പ്രതികരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ പോയി എഴുദിവസത്തിനുള്ളിൽ തിരിച്ചു വന്നാൽ ക്വാറന്റയിൻ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് പുതിയ നിർദ്ദേശമുള്ളതിനാൽ ഡൽഹിയിൽ പോയി മടങ്ങി വന്ന എംപിമാരായ ജോസ് കെ മാണിയും ചാഴികാടനും ക്വാറന്റയിനിൽ പ്രവേശിക്കേണ്ട കാര്യമില്ലെന്ന് കേരള കോൺ (എം) വിശദീകരണം.