കോട്ടയം: കോട്ടയം ജില്ലയിൽ പാലായിൽ ജോസ് കെ. മാണി കടുത്ത മത്സരം നേരിടുന്നുവെന്ന് സിപിഐ വിലയിരുത്തൽ വരുമ്പോൾ മുന്നണിയിലെ ഘടകക്ഷിയോട് എതിർപ്പ് പ്രകടിപ്പിച്ച് ജോസും പാർട്ടിയും. കോട്ടയത്ത് 6 സീറ്റുകളിൽ എൽഡിഎഫിനു മേൽക്കൈ എന്നാണ് സിപിഐ പറയുന്നത്. എന്നാൽ പാലായിൽ മാണി സി. കാപ്പന് എൽഡിഎഫ് സീറ്റ് നിഷേധിച്ചതിൽ മണ്ഡലത്തിൽ അതൃപ്തിയുണ്ട്. കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലും കടുത്ത മത്സരമുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സിപിഐ വേണ്ടവിധത്തിൽ സഹകരിച്ചില്ല എന്ന വിമർശനമാണ് കേരള കോൺഗ്രസ് എം മുന്നോട്ടുവെച്ചത്. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ കുറ്റപ്പെടുത്തി. ഘടക കക്ഷികൾ മത്സരിച്ച ഇടങ്ങളിൽ കേരള കോൺഗ്രസ് തങ്ങളുടെ വോട്ടുകൾ അവർക്ക് നൽകിയെന്നും എന്നാൽ ചില പാർട്ടികൾ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.

പാലാ അടക്കുമുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചൂണ്ടിയായിരുന്നു കേരള കോൺഗ്രസിന്റെ വിമർശനം. പാല, റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറിൽ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യം തന്നെയുണ്ടായതായി സ്ഥാനാർത്ഥിയായ പ്രമോദ് നാരായണനും പറഞ്ഞു. സ്ഥാനാർത്ഥികൾ ഇക്കാര്യങ്ങൾ ചെയർമാൻ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.

കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തത് സിപിഎമ്മിന്റെ സമ്മർദ്ദം മൂലമല്ലെന്ന് കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ആവർത്തിച്ചു. എൽഡിഎഫിന്റെ കെട്ടുറപ്പിനുവേണ്ടിയാണ് സീറ്റ് വിട്ട് നൽകിയതെന്നും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

തെരഞ്ഞെടുപ്പിന് എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസിന് ശക്തമായ പിന്തുണ ലഭിച്ചതായി ചെയർമാൻ ജോസ് കെ മാണി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തോടെ സിപിഐയ്ക്ക് പല സീറ്റുകളും നഷ്ടമായിരുന്നു. വോട്ടുകൾ പെട്ടിയിലായതിനുശേഷം കേരള കോൺഗ്രസ്- സിപിഐ ഭിന്നത ഇപ്പോൾ വീണ്ടും മറനീക്കി പുറത്തുവരികയാണ്. സീറ്റ് നഷ്ടപ്പെട്ടതിനാൽ പ്രവർത്തകർക്ക് നീരസം ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോട് തങ്ങൾ സഹകരിക്കാതിരുന്നിട്ടില്ലെന്നാണ് സിപിഐയുടെ മറുപടി.