- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു മുന്നണിയിലും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളായിട്ടും ചിഹ്നം ഇപ്പോഴും കയ്യാലപ്പുറത്ത്; രണ്ടില ആർക്ക് കിട്ടുമെന്ന ആകാംക്ഷ മുറുകവേ വടംവലി ശക്തമായി ജോസഫും ജോസ് കെ മാണിയും; ചിഹ്നം ആവശ്യപ്പെട്ട് ഇരു കൂട്ടരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകി; ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ തൽക്കാലം മരവിപ്പിക്കാനും സാധ്യത
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിലെ ഇരു മുന്നണികളിലെയും സ്ഥാനാർത്ഥി നിർണയം അടക്കം ഏതാണ്ട് പൂർത്തിയായി വരികയാണ്. ഇതിനിടെ മത്സരിക്കാൻ രംഗത്തിറങ്ങിയ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് വലിയ പ്രശ്നമാണ്. രണ്ടില ചിഹ്നം ആർക്കു കിട്ടുമെന്ന ആകാംക്ഷയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇടവേളയ്ക്കുശേഷം രണ്ടില ചിഹ്നം വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലേക്ക് എത്തുകയാണ്. ചിഹ്നം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകി. ഇതോടെ കമ്മിഷൻ വീണ്ടും തർക്കവേദിയാകും.
നിലവിൽ രണ്ടില തർക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജോസ് വിഭാഗത്തിന് രണ്ടില അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ ഉത്തരവ് മാത്രമേ സ്റ്റേ ചെയ്തിട്ടുള്ളൂവെന്നും അതിനുമുമ്പുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീർപ്പ് തങ്ങൾക്ക് അനുകൂലമാണെന്നും ജോസഫ് വിഭാഗം വാദിക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീർപ്പാണ് ഇപ്പോൾ നിലനിൽക്കുകയെന്ന് അവർ അവകാശപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തർക്കം മുറുകിയാൽ ചിഹ്നം തൽക്കാലം മരവിപ്പിക്കാനും സാധ്യത കൂടുതലാണ്.
പാലാ തിരഞ്ഞെടുപ്പിലും അകലക്കുന്നം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിലും ചിഹ്നം അനുവദിക്കാനുള്ള അധികാരം ജോസഫിനാണെന്ന് സംസ്ഥാന കമ്മിഷൻ പറഞ്ഞിരുന്നു. കാരണം അദ്ദേഹം വർക്കിങ് ചെയർമാൻ എന്ന പദവിയിലിരിക്കുന്നുവെന്നതു തന്നെ. കമ്മിഷൻ ഈ വാദം അംഗീകരിച്ചില്ലെങ്കിൽ ആവശ്യപ്പെടേണ്ട ചിഹ്നം സംബന്ധിച്ചു പാർട്ടിയിൽ ചർച്ച നടക്കുകയാണ്. കൃഷിയുമായി ബന്ധമുള്ള ചിഹ്നമാകും ചോദിക്കുക.
ജോസ് വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയാണ് സംസ്ഥാന കമ്മിഷനു മുമ്പാകെ കാണിക്കുക. ഹൈക്കോടതി ഈ തീരുമാനം സ്റ്റേ ചെയ്തതിനാൽ ജോസഫിന് ചിഹ്നം നൽകുന്നതിനെ എതിർക്കുകയും ചെയ്യും. രണ്ടിലയിൽ കോടതിയിലോ കമ്മിഷനിലോ തീർപ്പുണ്ടായില്ലെങ്കിൽ അവരും പുതിയൊരു ചിഹ്നം തത്കാലം കണ്ടെത്തണം. പാലാ ഉപതിരഞ്ഞെടുപ്പിൽ കൈതച്ചക്കയായിരുന്നു അവരുടെ ചിഹ്നം. ജോസഫ് ചിഹ്നം അനുവദിച്ച് കത്തുനൽകാഞ്ഞതാണ് പ്രശ്നമായത്. കൃഷിക്കാരുടെ പ്രിയപ്പെട്ട വിഭവമെന്നാണ് അന്ന് ജോസ് വിഭാഗം കൈതച്ചക്കയെ വിശേഷിപ്പിച്ചത്.
'പൂവത്തിളപ്പ് ഉപതിരഞ്ഞെടുപ്പിൽ ചിഹ്നം അനുവദിക്കാനുള്ള അധികാരം പാർട്ടി വർക്കിങ് ചെയർമാനായ പി.ജെ.ജോസഫിനാണു നൽകിയത്. ഹൈക്കോടതി വിധി വരുന്നത് അനുസരിച്ചാകും തുടർനടപടികൾ. ഇന്നലെയോടെ ഞങ്ങളുടെ വാദം പൂർത്തിയായി. ചിഹ്നം സംബന്ധിച്ചാണു തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുക്കേണ്ടിയിരുന്നത്. പാർട്ടി സംബന്ധിച്ചു തീരുമാനം എടുക്കാൻ കമ്മിഷന് അധികാരമില്ല. ഇതാണു ഹൈക്കോടതിയിൽ അവതരിപ്പിച്ച പ്രധാന വാദം. എ്ന്നാണ് ജോസഫ് വിഭാഗം നേതാവായ ജോയ് എബ്രഹാം പറയുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി സ്റ്റേ ചെയ്യുകയാണു ഹൈക്കോടതി ചെയ്തത്. സ്റ്റേ മാറ്റിയാൽ രണ്ടില ചിഹ്നത്തിൽ തന്നെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ മത്സരിക്കും. മറുഭാഗത്തിന് ഇനി ചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മാണി വിഭാഗത്തിലെ സ്റ്റീഫൻ ജോർജ്ജും അഭിപ്രായപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ