പാലാ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യും. ഒരു സ്ഥാനാർത്ഥിയേയും പരസ്യമായി പിന്തുണയ്‌ക്കേണ്ടെന്നതാണ് കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ നിലപാട്.

മനസാക്ഷി വോട്ടിനുള്ള ആഹ്വാനം ഉടൻ ഉണ്ടാകും. ഇത് സംബന്ധിച്ചു വെള്ളിയാഴ്ചത്തെ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചർച്ച ചെയ്യുമെന്ന് കെ.എം. മാണി പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകൾ മുന്നണി ബന്ധം സംബന്ധിച്ച തീരുമാനം എടുക്കാൻ അനുയോജ്യമായ സമയമല്ല. അത്തരം തീരുമാനം പൊതുതിരഞ്ഞെടുപ്പിലേ എടുക്കൂ. യുഡിഎഫിനോടും എൽഡിഎഫിനോടും തുല്യദൂരം പാലിച്ചു സ്വതന്ത്രമായാണ് കേരള കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇത് തൽകാലം തുടരാനാണ് തീരുമാനം.

ഇത് ഫലത്തിൽ സിപിഎമ്മിന് തിരിച്ചടിയാണ്. കേരളാ കോൺഗ്രസ് സിപിഎമ്മിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതാണ് തെറ്റുന്നത്. കേരളാ കോൺഗ്രസിനെ സിപിഐ തുറന്നെതിർക്കുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ പരസ്യ പിന്തുണ കൊടുക്കേണ്ടതില്ലെന്നാണ് മാണിയുടെ പക്ഷം. എന്നാൽ മാണിയുടെ മനസ്സ് സിപിഎമ്മിന് അനുകൂലമാണ്. ഇത് വോട്ടായി മാറുമെന്ന് ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ പ്രതീക്ഷിക്കുന്നു. എന്നാൽ കേരളാ കോൺഗ്രസ് അണികൾക്ക് കൂറ് യുഡിഎഫിനോടാണ്. അതുകൊണ്ട് തന്നെ വോട്ടുകൾ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുന്ന വിജയകുമാറിന് കിട്ടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

കേരളാ കോൺഗ്രസിന്റെ പരസ്യ പിന്തുണയോടെ ക്രൈസ്തവ വോട്ടുകൾ കൂടെ കൂട്ടി ജയിക്കാമെന്നതായിരുന്നു സജി ചെറിയാന്റെ പ്രതീക്ഷ. ഇതിനാണ് ചെറിയ മങ്ങൽ ഏൽക്കുന്നത്. ഈ സാഹചര്യത്തിൽ ബിജെപിയുമായി തെറ്റി നിൽക്കുന്ന എസ് എൻ ഡി പിയിലേക്കാകും സജി ചെറിയാന്റെ കണ്ണ്. എസ് എൻ ഡി പി വോട്ടുകൾ ഒന്നടങ്കം തനിക്ക് കിട്ടുമെന്നാണ് സജി ചെറിയാൻ വിലയിരുത്തൽ. ഈ സാമുദായിക സമവാക്യം അനുകൂലമാക്കാൻ വെള്ളപ്പാള്ളി നടേശനെ സജി ചെറിയാൻ നേരിട്ട് വീണ്ടും കാണാനും സാധ്യത ഏറെയാണ്.

കേരള കോൺഗ്രസ് യുഡിഎഫിലേക്കു തിരികെ വരണമെന്ന ഉമ്മൻ ചാണ്ടിയുടെ ആഗ്രഹത്തോടു തൽക്കാലം പ്രതികരിക്കാതെ കരുതലെടുക്കുന്ന മാണിയുടെ നിലപാടിനെ ഇടത്തേയ്ക്ക് ചായ്ക്കാനും സജി ചെറിയാൻ ശ്രമം സജീവമാക്കിയിട്ടുണ്ട്. എന്നാൽ ചെങ്ങന്നൂരിൽ വിജയസാധ്യത സംബന്ധിച്ച് രണ്ടുതരത്തിലും അഭിപ്രായം കേൾക്കുന്നുണ്ടെന്നാണ് കേരളാ കോൺഗ്രസിന്റെ പക്ഷം. ഈ സാഹചര്യത്തിലാണ് ആർക്കും പരസ്യ പിന്തുണ അവർ പ്രഖ്യാപിക്കാതിരിക്കുന്നത്.

ബാർ കോഴ കേസിൽ യുഡിഎഫിലെ ചിലരുടെ നിർബന്ധം മൂലമാണ് പൊലീസ് എഫ്‌ഐആർ എടുത്തത്. കേരള കോൺഗ്രസ് എൽഡിഎഫിലേക്കു വരുന്നതിനെ എതിർക്കുന്ന പാർട്ടികൾക്കുള്ളത് അപകർഷതാ ബോധമാണെന്നും കെ.എം. മാണി പറയുന്നു. ഇതെല്ലം കേരളാ കോൺഗ്രസിനെ ആശയക്കുഴപ്പത്തിലേക്ക് മാറ്റുകയാണ്.