- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്നും കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനിൽക്കും; പാർട്ടി എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ.ജയരാജും രണ്ടു മുന്നണിക്കും വോട്ടു ചെയ്യില്ല: 24ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ വെട്ടാനുള്ള നീക്കവുമായി ജോസ് വിഭാഗം
തിരുവനന്തപുരം: ഈ മാസം 24ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്നും കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനിൽക്കും. പാർട്ടി എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ.ജയരാജും രണ്ടു മുന്നണിക്കും വോട്ടു ചെയ്യില്ലെന്നും കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയിൽ ധാരണ. യുഡിഎഫിൽ നിന്നു പുറത്തുനിൽക്കുന്ന ജോസ് വിഭാഗം 24നു നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന നിലപാടു രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ ഉയർത്തിയിരുന്നു. ഇതിനിടയിലാണ് വിട്ടു നിൽക്കാൻ ജോസ് വിഭാഗം തീരുമാനം എടുത്തത്.
അന്തിമ തീരുമാനം എടുക്കാൻ നിയമസഭാകക്ഷി യോഗത്തെ ചുമതലപ്പെടുത്തിയെന്നാണു പാർട്ടി വ്യക്തമാക്കിയതെങ്കിലും വിട്ടുനിൽക്കാനുള്ള തീരുമാനം യോഗത്തിലുണ്ടാവുകയായിരുന്നു. ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് ഒഴിവാക്കിയതിനു മറുപടിയായി കോൺഗ്രസ് സ്ഥാനാർത്ഥിയെ എതിർത്തു വോട്ടു ചെയ്യണമെന്ന അഭിപ്രായം യോഗത്തിൽ വന്നു. എന്നാൽ തൽക്കാലം സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചതിനാൽ അതേ നിലപാടു നിയമസഭയിലും ഉയർത്തിപ്പിടിക്കണമെന്ന അഭിപ്രായം അംഗീകരിച്ചു. വിട്ടുനിൽക്കുന്നതു തന്നെ യുഡിഎഫിന് അർഹമായ മറുപടിയാണെന്ന വിലയിരുത്തലാണ് ജോസ് വിഭാഗം യോഗത്തിൽ കൈക്കൊണ്ടത്.
വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കണം എന്ന നിർദ്ദേശം പിളർപ്പിനു മുൻപു നിയമസഭാകക്ഷി വിപ്പ് ആയിരുന്ന റോഷി അഗസ്റ്റിൻ, ജോസഫ് പക്ഷ എംഎൽഎമാർക്ക് അടക്കം നൽകും. പിളർപ്പിനു ശേഷം മോൻസ് ജോസഫിനെ വിപ്പ് ആക്കിയ ജോസഫ് വിഭാഗം യുഡിഎഫ് സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യണമെന്ന ബദൽവിപ്പ് നൽകുമെന്നും ജോസ്പക്ഷം അനുമാനിക്കുന്നു.
പാർട്ടിയുടെ അവകാശത്തർക്കത്തിന്മേൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എടുക്കുന്ന തീർപ്പിനെ അടിസ്ഥാനമാക്കി മാത്രമേ വിപ്പ് ലംഘനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം സ്പീക്കർക്ക് എടുക്കാൻ കഴിയൂ.
കേരളം അവഗണിക്കുമ്പോഴും കേന്ദ്ര കമ്മിഷന്റെ തീരുമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണു ജോസ് പക്ഷത്തിന്റെ പ്രതീക്ഷ. ഈ മാസം തന്നെ അതുണ്ടാകുമെന്നും കണക്കുകൂട്ടുന്നു. യുഡിഎഫിൽ നിന്നു പുറത്തുവന്ന ശേഷം എൽഡിഎഫിലേക്കു സ്വാഗതം ചെയ്യുന്ന സൂചന സിപിഎമ്മിൽ നിന്നും തിരിച്ചു വിളിക്കുന്ന സമീപനം കോൺഗ്രസിൽ നിന്നും ഉണ്ടായ സാഹചര്യത്തിൽ രാഷ്ട്രീയ ഭാവിയെക്കുറിച്ചു ജോസ് പക്ഷത്തിനു തൽക്കാലം ആശങ്കയില്ല. യുക്തമായ സമയത്തു തീരുമാനമെടുക്കുക, അതുവരെ സ്വതന്ത്രമായി നിൽക്കുക എന്ന സമീപനം ഈ പശ്ചാത്തലത്തിലാണു രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത്.