- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാണിക്ക് കിട്ടിയ സീറ്റിൽ നാലിൽ ഒന്നു മാത്രം ജോസഫിന് നൽകിയതിനാൽ ആ സീറ്റുകൾ പ്രതീക്ഷിച്ചാൽ മതിയെന്ന് കോൺഗ്രസ്; മാണിക്ക് കൊടുത്ത മുഴുവൻ സീറ്റുകളും വേണമെന്ന ജോസഫ്; തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മുറുകുന്നത് കോൺഗ്രസ്-ജോസഫ് തർക്കം
കോട്ടയം : യു.ഡി.എഫിലെ തദ്ദേശസീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസിന്റെ അവകാശ വാദങ്ങൾ കോൺഗ്രസ് അംഗീകരിക്കില്ല. കോൺഗ്രസുമായുള്ള നിർണായക ചർച്ച നടക്കാനിരിക്കെ നിർണായക തീരുമാനങ്ങൾ കോൺഗ്രസ് എടുത്തു കഴിഞ്ഞു.
സിറ്റിങ് സീറ്റുകൾ മാത്രമേ ജോസഫിന് നൽകൂ. എന്നാൽ സിറ്റിങ് സീറ്റുകളെന്നാൽ ജയിച്ചവ മാത്രമല്ല മത്സരിച്ചതും ഉൾപ്പെടുന്നതാണെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിന്. അത്രയും സീറ്റുകൾ കിട്ടണമെന്നാണ് അവരുടെ ആവശ്യം. ജയിച്ച സീറ്റുകൾ മാത്രമാണ് അനുവദിക്കുന്നതെങ്കിൽ അത് നാമമാത്രമാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാണിക്ക് കിട്ടിയ സീറ്റിൽ നാലിൽ ഒന്നു മാത്രമാണ് കഴിഞ്ഞ തവണ ജോസഫിന് നൽകിയത്. അതുകൊണ്ട് അത്രയും സീറ്റ് നൽകാനാണ് കോൺഗ്രസ് തീരുമാനം.
ആ സീറ്റുകൾ പ്രതീക്ഷിച്ചാൽ മതിയെന്ന് കോൺഗ്രസ് ജോസഫിന് സൂചന നൽകി കഴിഞ്ഞു. എന്നാൽ മാണിക്ക് കൊടുത്ത മുഴുവൻ സീറ്റുകളും വേണമെന്ന ജോസഫും വാശിയിലാണ്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത് മുറുകുന്നത് കോൺഗ്രസ്-ജോസഫ് തർക്കമാണ്. പല കേരളാ കോൺഗ്രസിൽ നിന്നും നേതാക്കൾ ജോസഫിലെത്തി. അവർക്കൊന്നും സീറ്റ് കൊടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ജോസഫ് ഇപ്പോൾ. നിയമസഭാ സീറ്റും പരമിതമായി മാത്രമേ കേരളാ കോൺഗ്രസിന് യുഡിഎഫിൽ കോൺഗ്രസ് അനുവദിക്കൂ.
കെ.എം.മാണിയും പി.ജെ. ജോസഫും ഒന്നിച്ചുനിന്ന കേരള കോൺഗ്രസിൽ തങ്ങൾക്ക് പരിമിതസീറ്റുകൾ മാത്രമാണ് തദ്ദേശത്തിൽ കിട്ടിയതെന്ന് ജോസഫ് ഗ്രൂപ്പ് അന്നേ ചൂണ്ടിക്കാട്ടുന്നുണ്ട്. പാർട്ടി പദവികൾ 3-1 എന്ന നിലയിലായിരുന്നു അനുവദിച്ചത്. മൂന്ന് സ്ഥാനങ്ങൾ മാണി ഗ്രൂപ്പിനും ഒരെണ്ണം ജോസഫ് ഗ്രൂപ്പിനും എന്ന രീതി. ഫലം വന്നപ്പോൾ ജോസഫ് സ്ഥാനാർത്ഥികൾ പലയിടത്തും തോറ്റു. ഇത് ഇത്തവണ മാറ്റാനാണ് ജോസഫിന്റെ ശ്രമം.
450 സീറ്റുകളിൽ കോട്ടയത്ത് മാത്രം കേരള കോൺഗ്രസ് എം മത്സരിച്ചപ്പോൾ ജോസഫ് ഗ്രൂപ്പിന് നൽകിയത് 140 സീറ്റുകളാണ്. സ്വാഭാവികമായും ജയിച്ചവരുടെ എണ്ണത്തിലും കുറവുണ്ട്. മുന്നണി മര്യാദ അനുസരിച്ച് മത്സരിച്ച സീറ്റ് കിട്ടണം. അതും കേരളാ കോൺഗ്രസ് മൊത്തത്തിൽ മത്സരിച്ച 450 സീറ്റും. ഇതാണ് ജോസഫിന്റെ ആവശ്യം. ഇത് കോൺഗ്രസ് അംഗീകരിക്കില്ല. ഇതോടെ യുഡിഎഫിന് അതൊരു പ്രതിസന്ധിയായി മാറുകയും ചെയ്യും.
കോട്ടയം ജില്ലാ പഞ്ചായത്തിൽ 11 സീറ്റുകളിലാണ് കേരള കോൺഗ്രസ് എം മത്സരിച്ചത്. അതിൽ ജോസഫ് ഗ്രൂപ്പിന് കിട്ടിയത് നാല് സീറ്റുകളാണ്. കോട്ടയത്ത് 11 സീറ്റുകൾ തന്നെ ചോദിക്കും. ഇടുക്കിയിൽ അഞ്ചും പത്തനംതിട്ടയിൽ രണ്ടും എറണാകുളത്ത് അഞ്ചും സീറ്റുകളാണ് പാർട്ടി ആവശ്യപ്പെടുന്നത്. ഇടുക്കിയിൽ ഏതാണ്ട് ധാരണയായിട്ടുണ്ട്. ഇടുക്കിയിൽ ജോസഫിന് സ്വാധീനമുള്ളതുകൊണ്ടാണ് അത്. എന്നാൽ മറ്റ് ജില്ലകളിൽ ജോസഫിന്റെ ആവശ്യം അംഗീകരിക്കില്ല.
തിങ്കളാഴ്ച രാവിലെ 10-ന് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിലാണ് കോട്ടയം ഡി.സി.സി.യിൽ ചർച്ച. പി.ജെ.ജോസഫും മോൻസ് ജോസഫും പാർട്ടിയെ പ്രതിനിധീകരിക്കും. കടുത്ത നിലപാട് തന്നെയാകും ഈ ചർച്ചകളിൽ ജോസഫ് എടുക്കുക. കേരളാ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കൂടുതൽ സീറ്റ് വേണമെന്നതാണ് ജോസഫിന്റെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ