കോട്ടയം: ബാർകോഴ ആരോപണങ്ങളുടെയെല്ലാം ക്ഷീണം തീർക്കാൻ കേരളാ കോൺഗ്രസും കെ എം മാണിയും സംസ്ഥാനത്ത് വിപുലമായ ജീവകാരുണ്യ പരിപാടികൾക്ക് പദ്ധതിയിടുന്നു. സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ ഒരേ ദിവസം ഒരേ സമയത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് കെ എം മാണിയും കൂട്ടരും ഒരുങ്ങുന്നത്. പാർട്ടി ചെയർമാൻ കെ.എം. മാണി എംഎൽഎയുടെ 84ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടികൾ. കേരള കോൺഗ്രസ് (എം) കാരുണ്യദിനാഘോഷം എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പരിപാടിയെന്നു വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചു. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വയോധികസദനങ്ങൾ, അഗതിമന്ദിരങ്ങൾ, ബാലഭവനങ്ങൾ, ആശുപത്രികൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവിടങ്ങളിലാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. ഭക്ഷണം, വസ്ത്രം, മരുന്ന്, വിനോദോപാധികൾ എന്നിവ ഓരോ കേന്ദ്രത്തിന്റെയും ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യും. ഇതിനായി പി.ജെ. ജോസഫ് ചെയർമാനായി സംഘാടക സമിതിയും വാട്‌സാപ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

അരിവില ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിപണിയിൽ അടിയന്തരമായി ഇടപെടുക, റേഷൻ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുക, കർഷക പെൻഷൻ പുനഃസ്ഥാപിക്കുക, ബജറ്റിൽ വകയിരുത്തിയിരിക്കുന്ന തുക കൃത്യമായി വിനിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ധർണ സംഘടിപ്പിക്കാനും തീരുമാനമായി.

ഒരു മുന്നണിക്കുമൊപ്പമല്ലാതെ സ്വതന്ത്ര നിലപാട് സ്വീകരിച്ചിരിക്കുന്നത് തുടരുമെന്നും നേതാക്കൾ പറഞ്ഞു. യോഗം കെ.എം. മാണി ഉദ്ഘാടനം ചെയ്തു. സി.എഫ്. തോമസ്, ജോസ് കെ. മാണി, ജോയി ഏബ്രഹാം, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ, പി.കെ. സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.