തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിജെ ജോസഫിന്റെ മകൻ മത്സരിക്കാനുള്ള സാധ്യത ഇപ്പോഴും സജീവം. മകൻ മത്സരിക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നതു പാർട്ടി നിർദ്ദേശത്തിന് അനുസരിച്ച് മാത്രമാകും എന്നാണ് അപുവിന്റെ നിലപാട്. വരും ദിവസങ്ങളിൽ ആകാംക്ഷയേറ്റുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളുന്നില്ലെന്നും അപ്പു പറയുന്നു. അതായത് മത്സരിക്കാനുള്ള സാധ്യത സജീവമായി തുറന്നിടുകയാണ് ജോസഫിന്റെ മകൻ. പി.ജെ.ജോസഫിന്റെ നയങ്ങൾ മക്കൾ രാഷ്ട്രീയത്തിന് എന്നും എതിരാണ്. കൃത്യമായി പ്രവർത്തിച്ച് വരുന്നവർക്ക് മാത്രമെ രാഷ്ട്രീയത്തിൽ അവരുടേതായ സ്ഥാനം ഉണ്ടാകൂ. അതുകൊണ്ടായിരിക്കും എന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിൽ അപ്പച്ചൻ അത്തരം ഒരു നിലപാടെടുത്തതെന്നും മനോരമയോട് അപ്പു പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാണ്.

തിരുവമ്പാടിയിൽ ഞാൻ മത്സരരംഗത്ത് ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. സംയുക്ത കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് ഒരു സമ്മേളനം നടന്നിരുന്നു. അതിന്റെ ഭാഗമായി അവിടെ എത്തിയപ്പോഴാണ് മണ്ഡലം കമ്മറ്റിയുടെ ഭാഗമായി ഇങ്ങനെ ഒരു ആവശ്യം ഉയരുന്നത്. രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച ശേഷം വളർന്നുവരുന്നതാണ് അച്ഛന്റെ ഇഷ്ടം. എന്നാൽ ഇനി പാർട്ടി നിർദ്ദേശം എന്താണോ അത് അനുസരിക്കുമെന്നും അപ്പു പറയുന്നു. 2008 മുതൽ ഞാൻ സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി അംഗവും പാർട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമായും പ്രവർത്തിക്കുന്നുണ്ടെന്ന വിശദീകരണവും മതിയായ രാഷ്ട്രീയ പരിചയമുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ്. അതായത് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ കളത്തിൽ ഇറങ്ങാനുള്ള മോഹമാണ് അപ്പു പറഞ്ഞു വയ്ക്കുന്നത്.

ഒരു കാലത്ത് കേരളാ കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത നേതാവാണ് പിജെ ജോസഫ്. ജോസ് കെ മാണിയേയും അനൂപ് ജേക്കബ്ബിനേയും പോലും മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ എതിർത്തു. എന്നാൽ ഇപ്പോൾ സ്വന്തം മകൻ അപ്പുവിന് വേണ്ടി ചരടു വലികൾ നടത്തുന്നുവെന്ന ആരോപണം ശക്തമാണ്. അതൊഴിവാക്കാനാണ് അപ്പു മത്സരിക്കില്ലെന്ന് ജോസഫ് പറഞ്ഞതെന്ന വിലയിരുത്തലുണ്ട്. പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി മകനെ മത്സരിപ്പിക്കുന്നുവെന്ന് വരുത്താനാണ് നീക്കം. ഇതിനുള്ള രാഷ്ട്രീയ നീക്കമാണ് ജോസഫിൽ നടക്കുന്നതെന്നും സൂചനയുണ്ട്. അതിനിടെ അച്ഛനും മകനും മത്സരിക്കുന്നതിനെതിരെ ജോസഫിൽ രണ്ടഭിപ്രായവും സജീവം. ഇതിനിടെയാണ് അപ്പു മനസ്സ് തുറക്കുന്നത്. തിരുവമ്പാടിയിലും മത്സരിക്കാൻ അപ്പു തയ്യാറാണെന്നതാണ് വസ്തുത.

പേരാമ്പ്ര കേരള കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റായിരുന്നു. എന്നാൽ 40 വർഷം അവിടെ തുടർച്ചയായി മത്സരിച്ചിട്ടും കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ അവിടെ വിജയിച്ചിരുന്നില്ല. 1980ൽ ഡോ.കെ.സി.ജോസഫ് വിജയിച്ച ശേഷം പേരാമ്പ്രയിൽ ജയിക്കാൻ കേരള കോൺഗ്രസിനായിട്ടില്ല. എന്നാൽ ലീഗിന്റെ സിറ്റിങ് സീറ്റാണ് തിരുവമ്പാടി. ലീഗുമായി ചർച്ച നടത്തിയാൽ മാത്രമെ അത്തരം കാര്യങ്ങളിൽ തീരുമാനമാകൂ. ഞാൻ ഒരു ഐടി പ്രഫഷനൽ ആണ്. 2008ൽ സ്വിറ്റ്‌സർലൻഡ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. കൃഷിയും ജീവകാരുണ്യപ്രവർത്തനത്തിലേക്കും തിരിഞ്ഞും. ഒപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്നു. യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. സ്വന്തം കാലിൽ നിന്ന് വരുമാന മാർഗം കണ്ടെത്തണം. രാഷ്ട്രീയം ഒരു ഉപജീവനമാർഗം ആയിരിക്കരുതെന്നും അപ്പു വിശ്വസിക്കുന്നു. ഏതായാലും രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് പറയുകയാണ് അപ്പു.

അതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാൻ പി.ജെ. ജോസഫ് തയ്യാറെടുക്കുന്നുവെന്നും സൂചനയുണ്ട്. പാർട്ടി രൂപീകരണത്തിനു മുന്നോടിയായി കോട്ടയത്തെ പഴയ പാർട്ടി ഓഫിസ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. രണ്ടില ചിഹ്നവും മറ്റും ജോസ് കെ മാണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച സാഹചര്യത്തിലാണ് ഇത്. ജോസഫിനെ അയോഗ്യനാക്കാനുള്ള നീക്കവും അണിയറയിലുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനെതിരെ നൽകിയ ജോസ് കെ മാണിയുടെ പരാതിയാണ് ഇതിന് കാരണം. അതുണ്ടായാൽ അപ്പു തൊടുപുഴയിൽ ജോസഫിന് പകരക്കാരനാകും. അതിന് വേണ്ടിയാണ് തിരുവമ്പാടിയിലെ ചർച്ചകൾ ജോസഫ് ഇടപെട്ട് തടുത്തതെന്ന സൂചനയുമുണ്ട്.

ഏതായാലും കേരളാ കോൺഗ്രസ് ജോസഫ് നിലവിൽ വരാൻ സാധ്യത ഏറെയാണ്. പാർട്ടി രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 'ചെണ്ട' തന്നെയാകും ഇനി ചിഹ്നം എന്ന് കഴിഞ്ഞ ദിവസം ജോസഫ് പ്രഖ്യാപിച്ചിരുന്നു. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അംഗീകാരം സംബന്ധിച്ച കേസ് ഹൈക്കോടതിയിലും ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത കേസ് ഇടുക്കി മുൻസിഫ് കോടതിയിലും നടന്നു വരികയാണ്. കോടതി വിധി പ്രതികൂലമായാൽ ഉടൻ സ്വന്തം പാർട്ടി രൂപീകരിക്കാനാണ് ആലോചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സ്വന്തം പാർട്ടിയും ചിഹ്നവും വേണമെന്നാണ് പാർട്ടിയിലെ ആലോചന.

കോട്ടയം സ്റ്റാർ ജംക്ഷനിലാണ് പാർട്ടിയുടെ ഓഫിസ് ഉണ്ടായിരുന്നത്. 2010 ൽ മാണി വിഭാഗവുമായി ലയിച്ചതോടെ ആ ഓഫിസ് ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡീസ് സെന്ററിന്റെ മേഖലാ ഓഫിസാക്കി. പുതിയ പാർട്ടി രൂപീകരിച്ചാൽ ഈ കെട്ടിടം പാർട്ടി ഓഫിസാക്കി മാറ്റും.കേരള കോൺഗ്രസ് (എം) ജോസഫ്, മാണി വിഭാഗങ്ങൾ വഴിപിരിഞ്ഞതിനു ശേഷം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ജോസഫ് വിഭാഗം യോഗങ്ങൾ ചേർന്നിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് ജോസഫ് വിഭാഗം പത്രിക നൽകിയത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക ഉത്തരവ് വാങ്ങിയാണ് ഈ സ്ഥാനാർത്ഥികളെ ഒരു ബ്ലോക്കായി പരിഗണിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് പുതിയ പാർട്ടിയുടെ രജിസ്‌ട്രേഷനെ കുറിച്ചുള്ള ചർച്ച സജീവമാക്കുന്നത്.

പാർട്ടി പദവികൾ സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു. പി.ജെ. ജോസഫ് തന്നെയാകും ചെയർമാൻ. മോൻസ് ജോസഫ് എംഎൽഎ, കെ. ഫ്രാൻസിസ് ജോർജ്, ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, ജോസഫ് എം.പുതുശേരി, ജോണി നെല്ലൂർ എന്നിവർ ഡപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.