കോട്ടയം: എല്ലാ അർത്ഥത്തിലും സെമി കേഡർ പാർട്ടിയാവുകയാണ് കേരളാ കോൺഗ്രസ് എം. സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലും. ഏതെങ്കിലും ഹോട്ടൽമുറിയിൽ ഒത്തുകൂടി സമ്മേളനം നടത്താൻ പാടില്ലെന്നാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നിർദ്ദേശം. സിപിഎം സമ്മേളനങ്ങളുടെ മാതൃകയിലേക്ക് കാര്യങ്ങൾ മാറും. എല്ലാം പൊതുജനങ്ങളെ അറിയിച്ചു കൊണ്ടുള്ള സമ്മേളനമാകും.

കേരളാ കോൺഗ്രസ് എമ്മിന്റെ എല്ലാ സമ്മേളനവും പൊതു ജനം അറിഞ്ഞേ ഇനി നടത്തൂ. നാലാൾ അറിഞ്ഞ് കൊടിതോരണങ്ങൾ കെട്ടി ആഘോഷമാക്കണം സമ്മേളനമെന്നാണ് ജോസ് കെ മാണിയുടെ നിർദ്ദേശം. പാർട്ടി ചെയർമാൻ ജോസ് കെ.മാണി ചുമതലക്കാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം നിർദ്ദേശിച്ചിട്ടുള്ളത്. കേരള കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായ വിവിധ തലങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം.

അതായത് തിരിഞ്ഞെടുപ്പ് നടത്തിപ്പ് പൊതു ജനം അറിഞ്ഞേ മതിയാകൂ. സിപിഎം സമ്മേളനങ്ങളുടെ ചെറു പതിപ്പായി ഇത് മാറും. കേരളത്തിന്റെ മുക്കിലും മൂലയിലും സംഘടനയുണ്ടെന്ന് ആളുകളേയും ഇതര പാർട്ടികളേയും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. വാർഡ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ലാതല തിരഞ്ഞെടുപ്പുകൾ പാർട്ടി സമ്മേളനംതന്നെയാക്കി മാറ്റണം. യോഗം നടക്കുന്ന സ്ഥലവും പരിസരവും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിക്കണം.

ഓരോ തലത്തിലും എത്ര കൊടിവേണമെന്നും നിർദ്ദേശമുണ്ട്. വാർഡുയോഗത്തിന് കുറഞ്ഞത് 50 കൊടികൾ. മണ്ഡലത്തിന് 100, നിയോജകമണ്ഡലത്തിന് 150 എന്നിങ്ങനെ വേണം. ജില്ലാ സമ്മേളനത്തിന് കുറഞ്ഞത് 500 കൊടികളെങ്കിലും സ്ഥാപിക്കണം. ഇക്കാര്യത്തിന് പ്രത്യേക ചുമതലക്കാർ വേണമെന്ന് ജോസ് കെ മാണി പറയുന്നത്. സിപിഎം മോഡലിൽ പ്രസംഗവും മുൻകൂട്ടി തയ്യാറാക്കും. പാർട്ടി നയങ്ങൾ എന്താണെന്ന് പഠിപ്പിക്കലും സമ്മേളനത്തിന്റെ ലക്ഷ്യമാകും.

സമ്മേളനത്തിൽ എന്താണ് പറയേണ്ടതും പഠിപ്പിക്കേണ്ടതുമെന്നും കത്തിലുണ്ട്. കെ.എം.മാണിയും അധ്വാനവർഗസിദ്ധാന്തവും കേരള കോൺഗ്രസ് (എം) നയപരിപാടികൾ, കാലിക പ്രസക്തി എന്നിവ പഠിപ്പിക്കണം. വിഷയത്തിൽ യോഗ്യനായ ഒരാളെ വിളിച്ച് ക്ലാസെടുക്കണം. കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ടിങ് നിർബന്ധം. ഇതിനുശേഷമാകണം തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പുചുമതലക്കാർക്കു പുറമേ ഐ.ടി. ചാർജുകാരൻകൂടി ഉണ്ടാകണം. സാമൂഹിക മാധ്യമം കൈകാര്യംചെയ്യാൻ കഴിയുന്ന ആളാകണം അത്. കേരള കോൺഗ്രസ് എമ്മിന്റെ സാമൂഹിക-മാധ്യമ ഇടപെടൽ കൂട്ടുന്നതിന്റെ ഭാഗമായാണ് ഇത്. നിർദ്ദേശങ്ങൾ ജില്ലാ ജനറൽബോഡി വിളിച്ച് എല്ലാവരെയും അറിയിക്കാനാണ് ജോസ് കെ മാണിയുടെ നിർദ്ദേശം.