പത്തനംതിട്ട: കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രവർത്തക യോഗത്തിനിടെ തമ്മിലടിച്ചതിന്റെ പേരിൽ ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസിനെതിരേ നടപടി ഉണ്ടായേക്കും. അടിപിടികൂടിയവർക്കെതിരെയല്ല, അതിന് ഒത്താശ ചെയ്ത വിക്ടറിനെതിരേ നടപടി വേണമെന്ന കടുംപിടുത്തത്തിലാണ് ജോസഫ് എം. പുതുശേരി വിഭാഗം. കെ.എം.മാണിയും ഇതിന് അനുകൂല നിലപാട് എടുത്തതോടെ പത്തനംതിട്ടയിൽ പാർട്ടി പിളർപ്പിന്റെ വക്കിലാണ്.

കഴിഞ്ഞ മാസം 21 നാണ് പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിൽ അടി നടന്നത്. ജില്ലാ സമ്മേളനവും അംഗത്വ പ്രചാരണവും വിഷയമാക്കി ചേർന്ന കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രവർത്തക യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്. തിരുവല്ലയിലെ തോൽവിയുടെ പേരിൽ മൂന്ന് യൂത്ത്ഫ്രണ്ട് നേതാക്കളെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവർ പുതുശേരി പക്ഷത്തു നിന്നുള്ള നേതാക്കളെ അടിച്ചോടിച്ചു. പുതുശേരിയുടെ കോലം കത്തിച്ച് മുദ്രാവാക്യം വിളികളുമായി ഹാളിനുള്ളിലേക്ക് കടന്ന പ്രവർത്തകർ അവിടെയുണ്ടായിരുന്ന കസേരയും മറ്റും അടിച്ചൊടിച്ചു. പുതുശേരി പക്ഷക്കാരും സംസ്ഥാന ജനറൽ സെക്രട്ടറിമാരുമായ പ്രഫ. ഡി.കെ. ജോൺ, ചെറിയാൻ പോളച്ചിറയ്ക്കൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗം സാം ഈപ്പൻ എന്നിവർക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. മൂവരും വശത്തുള്ള വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. തിരുവല്ലയിൽ ജോസഫ് എം. പുതുശേരിയുടെ തോൽവിക്ക് കാരണക്കാരായി എന്നു പറഞ്ഞ് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്, ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശേരിൽ, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ബിനു കുരുവിള എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾക്ക് എതിരായ സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്നും യോഗം ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രവർത്തകയോഗം നടന്നു കൊണ്ടിരിക്കേ അതിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ പ്രവർത്തകർ ഭിത്തിയിലുറപ്പിച്ചിരുന്ന ജോസഫ് എം. പുതുശേരിയുടെ ഫോട്ടോ അടിച്ചു തകർത്തു പുറത്തെറിയുകയും ചെയ്തു.
സമ്മേളനത്തിലുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സമിതി നിയോഗിച്ച അന്വേഷണ കമ്മിഷൻ കഴിഞ്ഞ ദിവസമാണ് സിറ്റിങ് നടത്തിയത്. ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപിയുടെ നേതൃത്വത്തിൽ അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ചാഴികാടൻ എന്നിവർ അംഗങ്ങളായി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

ജില്ലയിൽ നിന്നുള്ള ഭാരവാഹികൾ, സംസ്ഥാന സമിതിയംഗങ്ങൾ, ജില്ലാ യോഗത്തിൽ പങ്കെടുത്തവർ എന്നിങ്ങനെ തെളിവു നൽകാൻ കഴിയുന്നവരെയെല്ലാം സമിതിക്ക് മുമ്പാകെ ഹാജരാക്കാനായരുന്നു നിർദ്ദേശം. ഇതേത്തുടർന്നാണ് ജില്ലയിൽ നിന്നുള്ള രണ്ട് വിഭാഗങ്ങളും തങ്ങളുടെ ഒപ്പം നിൽക്കുന്നവരെ വാഹനങ്ങളിൽ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിച്ചത്. തെളിവ് നൽകുന്നവരുടെ ബാഹുല്യം കാരണം വൈകിട്ട് മൂന്നിന് ആരംഭിച്ച നടപടികൾ രാത്രി ഒമ്പതു വരെ നീണ്ടു. ജില്ലയിൽ നിന്നും എത്തിയവരിൽ സമാന അഭിപ്രായമുള്ളവർ ഒരുമിച്ചും അല്ലാതെയുള്ളവർ ഒറ്റയ്ക്കും കമ്മിഷനു മുന്നിൽ രഹസ്യ സ്വഭാവത്തോടെ തെളിവു കൊടുത്തു. നൂറ്റിയമ്പതിലധികം പേർ ഇത്തരത്തിൽ നേതാക്കളോട് സംഭവങ്ങൾ വിശദീകരിച്ചു.

തിരുവല്ല മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മൂന്ന് യൂത്ത്ഫ്രണ്ട് നേതാക്കളെ സസ്‌പെൻഡ് ചെയ്തതിലുള്ള പ്രതിഷേധമാണ് ജില്ലാ യോഗത്തിൽ നടന്നതെന്നായിരുന്നു മിക്കവരും പറഞ്ഞത്. അക്രമം മുൻകൂട്ടി തയാറാക്കിയ അജണ്ടയുടെ ഭാഗമായിരുന്നുവെന്നും മാദ്ധ്യമ പ്രവർത്തകരെ ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നുംജോസഫ് എം. പുതുശേരിയെ അനുകൂലിക്കുന്നവർ പറഞ്ഞു. ജില്ലാ പ്രവർത്തക യോഗത്തിലുണ്ടാകുമായിരുന്ന പ്രശ്‌നങ്ങൾ ഇവർ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. യോഗം നിയന്ത്രിക്കേണ്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് പക്ഷംപിടിച്ചതായും ഇവർ പരാതിപ്പെട്ടു. ഇവർക്കെതിരെ നടപടി വേണമെന്നും ജില്ലാ പ്രസിഡന്റിനെ നീക്കംചെയ്യണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. സസപെൻഡ് ചെയ്തവരെ തിരിച്ചെടുത്താൽ പോലും പ്രസിഡന്റിന്റെ മാറ്റം ഒഴിവാക്കാൻ കഴിയില്ലെന്ന് ഇവർ നേതാക്കളോട് പറഞ്ഞതായി അറിയുന്നു.

തെളിവെടുപ്പിനു മുമ്പ് ഒരു വിഭാഗം ഭാരവാഹികൾ പാലായിൽ കെ.എം. മാണിയുടെ വസതിയിൽ എത്തിയിരുന്നു. ജോസഫ് എം. പുതുശേരിയാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നും ഇതിൽ നടപടി ആവശ്യപ്പെട്ടെങ്കിലും നേതാവ് വഴങ്ങിയില്ല. പരാതികൾ കമ്മിഷനു മുന്നിൽ നൽകാൻ അദ്ദേഹം നിർദ്ദേശിച്ചെങ്കിലും ഇവർ ഇതിന് തയാറാകാതെ മടങ്ങി. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചു നിന്നതോടെ ഇനി കമ്മിഷൻ റിപ്പോർട്ട് വന്നിട്ട് മതി തീരുമാനമെന്നാണ് നേതൃത്വം പറയുന്നത്.