പത്തനംതിട്ട: ജില്ലയിൽ കേരളാ കോൺഗ്രസി(എം)ലെ ആസന്നമായ പിളർപ്പ് ഒഴിവാക്കാൻ ഒടുവിൽ പാർട്ടി ചെയർമാൻ കെ.എം. മാണി ഇടപെടുന്നു. വിക്ടർ ടി. തോമസ് വിഭാഗത്തിന് പ്രാമുഖ്യമുള്ള ജില്ലാ കമ്മറ്റി നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ കൺവൻഷൻ മാറ്റിവയ്ക്കാൻ മാണി നിർദേശിച്ചു.

ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ വിക്ടർ ടി. തോമസ് പക്ഷവുമായി ഇന്ന് കൂടിക്കാഴ്ച നടക്കും. ചൊവ്വാഴ്ച പാലായിലെ വസതിയിൽ കെ.എം. മാണിയെ സന്ദർശിച്ച ജോസഫ് എം. പുതുശേരിയും അനുകൂലികളും പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്നു യൂത്ത്ഫ്രണ്ട് നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ച ചേർന്ന ജില്ലാ പ്രവർത്തക സമിതിയോഗം ഇവരെ തിരിച്ചെടുക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. പുതുശേരി അനുകൂലികളെ അടിച്ചോടിച്ച ശേഷമായിരുന്നു പ്രമേയം പാസാക്കിയത്.

ഇത് കൈക്കരുത്തിന്റെ വിജയമാണെന്നും തിരുവല്ലയിൽ തന്നെ കാലുവാരിയവർ പാർട്ടിക്ക് പുറത്തു പോകണമെന്നുമാണ് പുതുശേരിയുടെ നിലപാട്. ഒരു വിഭാഗം ഏകപക്ഷീയമായി തീരുമാനിച്ച പാർട്ടി ജില്ലാ കൺവൻഷൻ മാറ്റി വയ്ക്കണമെന്നും പുതുശേരി ആവശ്യപ്പെട്ടു. ജില്ലാ കൺവൻഷൻ മാറ്റിവയ്ക്കണം എന്ന ആവശ്യം അംഗീകരിച്ച കെ.എം. മാണി പക്ഷേ, സസ്‌പെൻഡ് ചെയ്തവരെ പുറത്താക്കണം എന്ന ആവശ്യത്തോട് പ്രതികരിച്ചില്ല.

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്, ജില്ലാ പ്രസിഡന്റ് ജേക്കബ് മാമൻ വട്ടശേരിൽ, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു കുരുവിള എന്നിവരെയാണ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപി. സസ്‌പെൻഡ് ചെയ്തത്. തിരുവല്ലയിൽ തന്റെ പരാജയത്തിന് ഇവരാണ് കാരണക്കാർ എന്ന് പുതുശേരി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ, പാർട്ടി ജില്ലാ നേതൃത്വത്തോടോ യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃത്വത്തോടോ ആലോചിക്കാതെയാണ് നടപടി എന്ന് വിക്ടർ ടി. തോമസ് ആരോപിക്കുന്നു. മൂവരും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവില്ല. പുതുശേരിയെ സുഖിപ്പിക്കാൻ വേണ്ടിയാണ് സസ്‌പെൻഷൻ നടപടി എന്നും വിക്ടർ പക്ഷം പറയുന്നു.

ജില്ലയിൽ വിക്ടർ ടി. തോമസ് പക്ഷമാണ് പ്രബലമായി നിൽക്കുന്നത്. പുതുശേരിക്കൊപ്പം വിരലിൽ എണ്ണാവുന്നവർ മാത്രമാണുള്ളത്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പാർട്ടി വിടാൻ ഉറച്ചു തന്നെയാണ് ഇവർ മുന്നോട്ടു പോകുന്നത്. പാർട്ടിയെ ഇടതുപാളയത്തിലെത്തിക്കാൻ ശ്രമിക്കുന്ന പുതുശേരിയുടെ ലക്ഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റാണെന്നും ഇവർ ആരോപിക്കുന്നു.