- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ മാണി വിഭാഗത്തിന്റെ പോക്ക് ഇടത്തേക്കോ? ഇനിയും ഒത്തു തീർപ്പുമായി പോകാമെന്ന പ്രതീക്ഷയറ്റതോടെ രണ്ടിലയുടെ കാര്യത്തിൽ രണ്ടിലൊന്ന് അറിഞ്ഞേ തീരൂവെന്ന് യുഡിഎഫ് നേതാക്കൾ; ഇനി പ്രതീക്ഷ പി കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടുള്ള മധ്യസ്ഥ ശ്രമം മാത്രം; വിപ്പു പാലിക്കാത്ത സാമാജികർക്കെതിരെ പരസ്പ്പരം വാളെടുത്തു ജോസഫും ജോസും; ഇരുകൂട്ടരും നിയമസഭാ സ്പീക്കർക്ക് പരാതി നൽകും; ഇനി ഒരു പാർട്ടിക്കു കീഴിൽ ഒരുമിച്ചു പോകാൻ സാധിക്കാത്ത വിധം അകന്നു ഇരു നേതാക്കളും
തിരുവനന്തപുരം: യുഡിഎഫ് പിണറായി സർക്കാറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബഹിഷ്ക്കരിച്ചതോടെ കേരളാ കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗം കൂടുതൽ ഇടതുപക്ഷവുമായി അടുക്കുന്നെന്ന് രാഷ്ട്രീയ സൂചനകൾ. അതേസമയം ഇടതു നേതാക്കളുമായി യാതൊരു ചർച്ചയും ജോസ് കെ മാണി നടത്തിയതുമില്ല. ഇതോടെ തങ്ങളെ മുന്നണിയിൽ നിന്നും പുറത്താക്കിയെന്ന പറഞ്ഞ നേതാക്കളെ കൊണ്ടു തന്നെ തിരികെ വരാൻ ആവശ്യപ്പെടാനുള്ള തന്ത്രമാണ് ജോസ് കെ മാണി രൂപപ്പെടുത്തുന്നത്. എന്നാൽ, യുഡിഎഫ് വിപ്പു ലംഘിച്ചതോടെ ജോസ് കെ. മാണി വിഭാഗവുമായി ഒത്തുതീർപ്പ് എന്ന മുന്നണിയുടെ പ്രതീക്ഷയറ്റു.
സെപ്റ്റംബർ മൂന്നിനു ചേരുന്ന യു.ഡി.എഫ്. നേതൃയോഗം ജോസ് വിഭാഗത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്കു നീങ്ങും. യു.ഡി.എഫ്. യോഗങ്ങളിൽനിന്നു മാത്രമല്ല, മുന്നണിയിൽനിന്നുതന്നെ പുറത്താക്കുകയെന്ന തീരുമാനത്തിലേക്കാണ് നേതൃത്വം നീങ്ങുന്നത്. സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യണമെന്നു കാണിച്ച് യു.ഡി.എഫും കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗവും ജോസ് വിഭാഗം എംഎൽഎ.മാർക്ക് വിപ്പ് നൽകിയിരുന്നു. മറുപടിയായി ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിൻ, ജോസഫ് വിഭാഗം എംഎൽഎ.മാർക്ക് വിട്ടുനിൽക്കാനും വിപ്പ് നൽകി. പാർട്ടി പിളർന്നതിനാൽ ഇരുവിഭാഗവും തങ്ങളുടെ വിപ്പിനാണ് നിയമപരമായ പ്രാബല്യമെന്ന് അവകാശപ്പെടുന്നുണ്ട്.
ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനും എൻ. ജയരാജും തിങ്കളാഴ്ച സഭയിൽ ഹാജരായില്ല. മാത്രമല്ല, ഒരിക്കൽ പുറത്താക്കിയ തങ്ങൾക്ക് എങ്ങനെ വിപ്പ് നൽകാൻ യു.ഡി.എഫിനു കഴിയുമെന്ന് ജോസ് കെ. മാണി ചോദിച്ചു. വിപ്പ് ലംഘിച്ചതിന്റെപേരിൽ ഇരു വിഭാഗവും മറുഭാഗത്തെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകും. സ്പീക്കറുടെ തീരുമാനമാണ് അന്തിമം. എന്നാൽ, പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് ഏതു വിഭാഗമാണ് ഔദ്യോഗികമെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീർപ്പ് വരാനുണ്ട്. കമ്മിഷന്റെ തീർപ്പ് വരുന്നതിനുമുമ്പ് സ്പീക്കർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധ്യതയുമില്ല.
ആദ്യംമുതൽ മധ്യസ്ഥറോളിലുള്ള പി.കെ. കുഞ്ഞാലിക്കുട്ടി ജോസ് വിഭാഗത്തെ യു.ഡി.എഫിൽത്തന്നെ നിലനിർത്താനുള്ള ശ്രമം നടത്തിവരുകയാണ്. കേരള കോൺഗ്രസിന് രണ്ട് എംപി.മാർ കൂടിയുള്ളതിനാൽ യു.പി.എ.യ്ക്കും ഇക്കാര്യത്തിൽ താത്പര്യമുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തിയെങ്കിലും ഫലപ്രതീക്ഷ കുറവാണെന്ന് മധ്യസ്ഥർ പറയുന്നു.
രാജ്യസഭാതിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയചർച്ചയിലും മുന്നണിയെ കെവിട്ടതോടെ കേരളകോൺഗ്രസ്(എം) ജോസ് പക്ഷത്തോടുള്ള യുഡിഎഫിന്റെ അകൽച്ച കൂടിയിരിക്കയാണ്. മുന്നണിയിൽ അവരെ ഇനി എങ്ങനെ നിലനിർത്തുമെന്ന ചോദ്യം ശക്തമാണ്. സെപ്റ്റംബർ 3നു ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. കേരളകോൺഗ്രസ് ജോസ്പക്ഷ എംഎൽഎമാർ യുഡിഎഫിനെ വഞ്ചിച്ചുവെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ ബാനറിൽ മത്സരിച്ചു ജയിച്ച രണ്ട് എംഎൽഎമാർക്കും മുന്നണിയെ പിന്തുണയ്ക്കാനുള്ള കടമയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും രൂക്ഷമായി പ്രതികരിച്ചു. ജോസ് പക്ഷ എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ. ജയരാജുമാണ് രാജ്യസഭ, അവിശ്വാസ വോട്ടെടുപ്പുകളിൽ നിന്നു വിട്ടുനിന്നത്.
എന്നാൽ യുഡിഎഫ് പുറത്താക്കിയതോടെ സ്വതന്ത്ര നിലപാട് എടുക്കാൻ തീരുമാനിച്ചതിനാൽ നിയമസഭയിൽ മറിച്ച് എങ്ങനെ നിലപാട് എടുക്കാനാവുമെന്നാണു ജോസ് പക്ഷം ചോദിക്കുന്നത്. എൽഡിഎഫിനെയും പാർട്ടി പിന്തുണച്ചിട്ടില്ല. അവിശ്വാസ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചിട്ടുമില്ല. അച്ചടക്കനടപടിയെന്ന വിരട്ടലൊന്നും വേണ്ടെന്നും ചർച്ചയ്ക്ക് ഇനിയും സമയമുണ്ടെന്നുമുള്ള സമീപനമാണ് ഇവർ പ്രകടിപ്പിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തർക്കത്തിന്റെ പേരിൽ യുഡിഎഫിൽ നിന്നു പുറത്താക്കിയെന്ന പ്രഖ്യാപനം ആദ്യം മുന്നണി കൺവീനർ നടത്തിയെങ്കിലും മുന്നണി നേതൃയോഗങ്ങളിൽ നിന്ന് ഒഴിവാക്കാൻ മാത്രമേ തീരുമാനിച്ചുള്ളൂ എന്നു പിന്നീട് മയപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ കോൺഗ്രസും മുസ്ലിം ലീഗും അനൗദ്യോഗികമായി നടത്തിയിരുന്നുവെങ്കിലും ജോസ് പക്ഷം വഴങ്ങിയിട്ടില്ല. ചർച്ചകളോടു മുഖം തിരിക്കാതിരുന്നത് ഒത്തുതീർപ്പ് സാധ്യതകൾ തുറന്നുവെങ്കിലും സഭയിൽ യുഡിഎഫിനൊപ്പം നിൽക്കാതിരുന്നതോടെ ആ അന്തരീക്ഷത്തിനും മങ്ങലായി. വിപ്പ് ലംഘനത്തിന്റെ പേരിൽ ജോസഫ്ജോസ് പക്ഷ വാക്പോര് ഇന്നലെയും തുടർന്നു, തർക്കങ്ങൾ സ്പീക്കർക്കു മുന്നിലും എത്തി.
പാർട്ടി വിപ്പ് പാലിക്കാത്ത പി.ജെ.ജോസഫിനും മോൻസ് ജോസഫിനും എതിരേ നിയമസഭാ സ്പീക്കർക്ക് പരാതി നൽകുമെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി എംപി. അറിയിച്ചു. ജനാധിപത്യമര്യാദകൾ പാലിക്കാതെ, കേരള കോൺഗ്രസ് പാർട്ടിക്കെതിരേ നടപടിയെടുത്തവർ നിയമസഭയിൽ നടത്തിയ പരാമർശം അനീതി നിറഞ്ഞതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിത്.
മുന്നണിയിൽനിന്ന് പുറത്താക്കിയ പാർട്ടിയോട്, മുന്നണി തീരുമാനം അനുസരിച്ച് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും ജോസ് കെ.മാണി പറഞ്ഞു. അതേസമയം, ജോസ് വിഭാഗത്തിലെ എംഎൽഎ.മാർ വിപ്പ് ലംഘിച്ചെന്ന് കേരള കോൺഗ്രസ് (എം.) വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. അവിശ്വാസപ്രമേയത്തിൽ ജോസ് വിഭാഗം വിപ്പ് ലംഘിച്ചെന്ന് കാണിച്ച് സ്പീക്കർക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിപ്പ് ലംഘിച്ച എംഎൽഎ.മാർ സ്വഭാവിക നടപടി നേരിടേണ്ടി വരും.
നിയമസഭാ ചട്ടങ്ങളിൽ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. ജോസ് വിഭാഗം, കെ.എം.മാണിയുടെ കാലത്തെ കാര്യമാണ് പറയുന്നത്. കെ.എം.മാണി മരിച്ചതിനുശേഷം നിയമസഭാകക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നീ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ തനിക്ക് കത്തുനൽകി. അതനുസരിച്ച് താൻ ഒഴിവുകൾ നികത്തിയിരുന്നു. മുന്നണി മര്യാദയ്ക്ക് എതിരായി പ്രവർത്തിച്ച എംഎൽഎ.മാർ രാജിവെയ്ക്കണോയെന്ന് ജനം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ എളുപ്പം പരിഹരിക്കപ്പെടുന്ന വിധത്തിൽ അല്ല കേരളാ കോൺഗ്രസിലെ കാര്യങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ