- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിരോധത്തിൽ കേരളം ലോക തോൽവിയായി; പിടിച്ചുകെട്ടാനാകാതെ രോഗവ്യാപനം; ടിപിആർ ദേശീയ ശരാശരിയുടെ ആറിരട്ടി; നിലവിൽ രാജ്യത്തെ പോസിറ്റീവ് കേസുകളിൽ പകുതിയോളം സംസ്ഥാനത്ത്; ബ്രേക്ക് പോയ ചെയിൻ വിട്ട് ബേസിക് പ്രതിരോധത്തിലേക്ക് മടങ്ങാൻ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ജാഗ്രത കൈവിട്ടതോടെ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയായി. കഴിഞ്ഞ ആഴ്ചയിൽ മാത്രം കേരളത്തിലെ കോവിഡ് സ്ഥിരീകരിച്ചത് 42430 പേർക്കാണ്. ജനുവരി രണ്ടാംവാരത്തിൽ 36700 പേർക്കാണ് രോഗം ബാധിച്ചത്. 15 ശതമാനം വർധനയാണ് ഒരാഴ്ചയ്ക്കിടെ ഉണ്ടായത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ കണക്കും ഞെട്ടിക്കുന്നതാണ്.
എറണാകുളം ജില്ലയിലാണ് രോഗികൾ പെരുകുന്നത്. കോട്ടയം, കൊല്ലം, കണ്ണൂർ, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലും രോഗികളുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുകയാണ്. കണ്ണൂരിൽ ഒരാഴ്ചകൊണ്ട് 40 ശതമാനത്തിലധികമാണ് രോഗികളുടെ വർധന. തിരുവനന്തപുരത്താകട്ടെ 33ശതമാനത്തിന്റെ വർധനവാണുണ്ടായത്.
ഒന്നരമാസത്തിനുശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ന് മുകളിലായെന്നതും ഗുരുതര പ്രതിസന്ധിയാണ് ചൂണ്ടിക്കാണിക്കുന്നത്. ദേശീയശരാശരി 2 ആണെന്നിരിക്കെയാണ് സംസ്ഥാനത്തെ ഈ കുതിച്ചുകയറ്റം. സംസ്ഥാനത്തെ പല ജില്ലകളിലും ടിപിആർ 12ന് മുകളിലാണ്. വയനാട്ടിലത് 14.8 ഉം കോട്ടയത്ത് 14.1 ഉം ആണ് നിരക്ക്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 13,203 പുതിയ കോവിഡ് കേസുകളാണ്. രാജ്യത്ത് റിപ്പോര്ട്ട് ചെയ്ത കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ നിലവിൽ മൂന്നാംസ്ഥാനത്താണ് കേരളം. രാജ്യത്ത് തുടക്കത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ ഏറ്റവും കുറവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഡൽഹി, മഹാരാഷ്ട്ര, ചെന്നൈ തുടങ്ങി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിലവിൽ കേസുകൾ ക്രമാനുഗതമായി കുറയുന്ന കാഴ്ചാണ്.
1,84,182 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്താകട്ടെ നിലവിൽ 72891 പേരാണ് ചികിൽസയിലുള്ളത്. കോവിഡ് തീവ്രമാകുന്നവരുടെ എണ്ണത്തിലും വൻ വർധനയാണ്. 149പേരാണ് വെന്റിലേറ്ററിൽ ചികിൽസയിലുള്ളത്. 505 പേർ ഐസിയുവുകളിലും തുടരുകയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,824 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,99,889 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,935 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1282 പേരെ രോഗലക്ഷണങ്ങളോടെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്ഥാനത്ത് നിലവിൽ 407 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.
പൊതുജനം ജാഗ്രത കൈവിട്ടതും പൊതുഗതാഗതമടക്കം എല്ലാത്തിലും നിയന്ത്രണങ്ങൾ നീക്കിയതും രോഗബാധ കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ . സമ്പൂർണ അടച്ചിടൽ അടക്കം കർശന നിയന്ത്രണങ്ങൾ ഇനിയുണ്ടാകില്ലെന്നുറപ്പുള്ളതിനാൽ മാസ്‌ക്, സാമൂഹിക അകലം ഇങ്ങനെയുള്ള നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനായി ബ്രേക്ക് ദ ചെയിനുശേഷം ബാക്ക് ടു ബേസിക്‌സ് എന്നപേരിൽ രണ്ടാം ഘട്ട കോവിഡ് പ്രതിരോധ നടപടി തുടങ്ങാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിക്കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ