തൃശൂർ: സംസ്ഥാനത്തോ കോവിഡ് അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യമാണുള്ളത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ അതിവേഗമാണ് രോഗം വ്യാപിക്കുന്നത്. ഒരിക്കൽ കോവിഡ് വന്നുപോയവർക്ക് പോലും വീണ്ടും കോവിഡ് വരുന്ന സാഹചര്യമാണ സംജാതമായിരിക്കുന്നത്. മന്ത്രി വി എസ്.സുനിൽകുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചെന്ന് ബോധ്യപ്പെടുമ്പോഴും കാര്യങ്ങളുടെ ഗൗരവം വ്യക്തമാകുന്നതാണ്.

രോഗലക്ഷണങ്ങളില്ലാതെയാണ് വി എസ് സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പു പ്രചരണ പ്രവർത്തനത്തിൽ അടക്കം അദ്ദേഹം സജീവമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത. അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറിലും സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, കോവിഡ്മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും ഡിസ്ചാർജ് ചെയ്ത അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെ 11ന് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ പങ്കെടുക്കും. വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കാണ് പരിശോധന.

സംസ്ഥാനത്ത് ബുധനാഴ്ച 8,778 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,905 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 65,258 സാംപിളുകൾ പരിശോധിച്ചപ്പോൾ 13.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ ആയിരത്തിലേറെപ്പേർ രോഗബാധിതരായി. 22 മരണംകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 4,836 ആയി.

തെരഞ്ഞെടുപ്പുകാലത്ത് കോവിഡ് നിരക്കു കുറച്ചു കാണിച്ചതിന്റെ ദുഷ്ഫലമാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ കോവിഡ് ബാധയെ സംബന്ധിച്ച് അടക്കം വിവാദങ്ങൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി കോവിഡ് ബാധിച്ച വിവരം മറച്ചുവെച്ചെന്നാണ് ഉയർന്ന ആക്ഷേപം. താൻ കോവിഡ് പോസിറ്റീവ് ആയി എന്ന് ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ അറിയിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിക്കുകയും ചെയ്തു. നെഗറ്റിവ് ആയതിനെ തുടർന്ന് ഇന്ന് അദ്ദേഹം ആശുപത്രി വിട്ടു. പക്ഷേ, അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യിക്കുന്നതിന് വേണ്ടി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണം അതോടെ ശക്തമായി.

പ്രോട്ടോകോൾ പ്രകാരം ഒരാൾ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ നിന്ന് വിട്ടയക്കണമെങ്കിൽ കുറഞ്ഞത് പത്ത് ദിവസം കഴിഞ്ഞേ പരിശോധന നടത്താവൂയെന്നാണ്. എന്നാൽ, മുഖ്യമന്ത്രിയെ ഏഴാം ദിവസം തന്നെ പരിശോധന നടത്തി ആശുപത്രിയിൽനിന്ന് വിട്ടയച്ചുവെന്നാണ് ആരോപണമുയർന്നത്. ഇത് സംബന്ധിച്ച വിശദീകരണം ചോദിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എംപി. ശശി പറഞ്ഞത് പ്രോട്ടോകോൾ ലംഘനം നടന്നിട്ടില്ലയെന്നും മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത് ഏപ്രിൽ നാലിന് ആണെന്നുമാണ്.

അങ്ങിനെ നോക്കുമ്പോൾ പത്ത് ദിവസം കഴിഞ്ഞാണ് പരിശോധന നടത്തിയതെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. അപ്പോളാണ് അടുത്ത പ്രശ്‌നം ഉടലെടുത്തത്. ഏപ്രിൽ നാലിന് പോസിറ്റീവ് ആയതാണെങ്കിൽ അതിനർഥം മുഖ്യമന്ത്രി നാലു ദിവസം അത് മറച്ചുവെച്ച് പൊതുജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നാണല്ലോ. മുഖ്യമന്ത്രി കോവിഡ് ബാധിതനായെന്ന് ഡോ. എംപി. ശശി പറയുന്ന ഏപ്രിൽ നാലിന് ധർമ്മടത്ത് നടന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ആറിന് വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.

സംഭവം വിവാദമായി തുടങ്ങുന്നതിന് മുമ്പേ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ തിരുത്തും വന്നു. ഏപ്രിൽ നാലിന് മുഖ്യമന്ത്രിക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയതേ ഉള്ളൂവെന്നും എട്ടിന് പരിശോധന നടത്തിയപ്പോളാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷണങ്ങൾ കണ്ട് തുടങ്ങി പത്ത് ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ നെഗറ്റിവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തതെന്നും ഇനി ഒരാഴ്ച അദ്ദേഹം കണ്ണൂരിലെ വീട്ടിൽ ക്വാറന്റീനിൽ ആയിരിക്കുമെന്നും ഡോക്ടർ വിശദീകരിച്ചു.

നാലിന് ലക്ഷണങ്ങൾ കണ്ടിട്ടും പരിശോധന എട്ടാം തീയതി വരെ നീട്ടിയത് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്തമില്ലായ്മ അല്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഡോക്ടർ നൽകിയില്ല. എല്ലാ ലക്ഷണങ്ങളും കോവിഡിൻേറത് ആകണമെന്നില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. തെരഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണക്കും ഭർത്താവ് മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി എട്ടിന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.