തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ലക്ഷം രൂപ മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസുവരെ രണ്ടായിരം രൂപ മാസം തോറും നൽകും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: കോവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസുവരെ രണ്ടായിരം രൂപ മാസം തോറും നൽകും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു.

പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മരണ നിരക്ക് കൂടുതലാണ്. ഈ ജില്ലകളിൽ വിദഗ്ത സംഘത്തെ നിയോഗിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്തസമയത്ത് നടത്താൻ ക്രമീകരണം ഒരുക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്എൽസി ഹയർ സെക്കന്ററി വോക്കെ. ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അദ്ധ്യാപകർ കോവിഡ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽനിന്നും ഒഴിവാക്കും.

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്ക ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തും. നിലവിൽ സംസ്ഥാനത്ത് 52 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷേ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. കാലവർഷഘട്ടത്തിൽ ദുരിതാശ്വാസം ക്യാമ്പുകൾ സജ്ജമാക്കുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

നിർമ്മാണ മേഖലയിൽ മെറ്റൽ കിട്ടാത്ത പ്രശ്‌നം നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രഷറകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകും. ഓക്‌സിമീറ്റർ സ്വന്തമായി ഉണ്ടാക്കുമെന്ന് കെൽട്രോൺ അറിയിച്ചിട്ടുണ്ട്. അത് പരമാവതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ആവശ്യമായ മരുന്നുകൾ വാങ്ങി നൽകാമെന്ന് വിദേശത്തുള്ള പലരും അറിയിച്ചിട്ടുണ്ട്. എന്നാൽ പല മരുന്നുകളും അവർക്ക് അവിടെ ലഭ്യമല്ല. അത് എവിടെ നിന്നാണ് ലഭ്യമാകുക എന്ന് അറിയിച്ചാൽ വാങ്ങി നൽകാൻ തയ്യാറാണെന്ന് പല വിദേശ മലയാളികളും അറിയിച്ചിട്ടുണ്ട്.