- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപിആർ പത്തിൽ താഴാതെ നിൽക്കുന്നത് പ്രശ്‌നം തന്നെ; നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ട സാഹചര്യമില്ല; ടിപിആർ 18 ശതമാനത്തിലും മുകളിലുള്ള 80 ഇടങ്ങളിൽ കടുത്ത നിയന്ത്രണം; ബി വിഭാഗത്തിലുള്ള സ്ഥലങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവു വരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ നിന്ന് കുറയുന്നതിൽ പ്രതീക്ഷിച്ച പുരോഗതി കാണുന്നില്ല.ടി.പി.ആർ. പത്തിൽ താഴാതെ നിൽക്കുന്നത് പ്രശ്‌നം തന്നെയാണ്. രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ഇന്നു ചേർന്ന അവലോകനയോഗം തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറുശതമാനത്തിൽ താഴെയുള്ള (എ വിഭാഗം) 165 പ്രദേശങ്ങളുണ്ട്. ടിപിആർ ആറിനും പന്ത്രണ്ടിനുമിടയിലുള്ള ബി വിഭാഗത്തിൽ 473 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ ടിപിആർ ഉള്ള 316 പ്രദേശങ്ങൾ. അവ സി വിഭാഗത്തിലാണ്. എൺപതിടത്ത് ടിപിആർ പതിനെട്ടു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം)ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക.നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
ഇന്ന് 13,550 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 1,23,225 പരിശോധനകൾ നടത്തിയതിലാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ 104 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഇപ്പോൾ 99,174 പേരാണ് ചികിത്സയിലുള്ളത്. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ തന്നെ നിൽക്കുകയാണ്. 29.75 ശതമാനത്തിൽ നിന്ന ടി.പി.ആർ. ആണ് പതുക്കെ കുറച്ച് 10 ശതമാനത്തിലെത്തിക്കാൻ സാധിച്ചത്. എന്നാൽ അത് കുറയുന്നതിൽ പ്രതീക്ഷിച്ച പുരോഗതി കാണുന്നില്ല. എല്ലാ കാലവും ലോക്ഡൗൺ നടപ്പിലാക്കാൻ സാധിക്കില്ല. അതിനാലാണ് നിയന്ത്രണങ്ങൾ കുറച്ച് കൊണ്ടു വരുന്നത്. എങ്കിലും ടി.പി.ആർ. പത്തിൽ താഴാതെ നിൽക്കുന്നത് പ്രശ്‌നം തന്നെയാണ്. രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ടി.പി.ആർ ക്രമാനുഗതമായി കുറയും എന്നു തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. ഒന്നാമത്തെ തരംഗത്തിൽ രോഗവ്യാപനത്തിന്റെ വേഗം മികച്ച രീതിയിൽ നിയന്ത്രിക്കാൻ സാധിച്ചതിനാൽ രോഗബാധിതരാകാത്ത അനേകംപേർ കേരളത്തിലുണ്ട്. ഐ.സിഎംആർ നടത്തിയ സെറൊ പ്രിവലൻസ് സർവേ പ്രകാരം ഏകദേശം 11 ശതമാനം ആളുകൾക്ക് മാത്രമാണ് ആദ്യ തരംഗത്തിൽ രോഗം ബാധിച്ചത്. ദേശീയ ശരാശരി 21 ശതമാനമായിരുന്നു.
അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വകഭേദമാണ് രണ്ടാമത്തെ തരംഗത്തിന്റെ ഭാഗമായി വ്യാപിക്കുന്നത്. ആദ്യത്തെ തരംഗത്തേക്കാൾ വേഗത്തിൽ രോഗം പടർന്നു പിടിച്ചെങ്കിലും തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനാലും സാഹചര്യത്തിനനുസരിച്ച് ചികിത്സാ ക്രമീകരണങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ തരംഗത്തെ പിടിച്ചു നിർത്താൻ സാധിച്ചു.
വലിയ തിരമാല അതിവേഗത്തിൽ ഉയരുകയും ആഞ്ഞടിച്ച് നാശം വിതയ്ക്കുകയും ചെയ്യുന്നതിനു സമാനമായാണ് കോവിഡ് മഹാമാരി അഘാതമേൽപ്പിക്കുന്നത്. ഈ തിരമാലയുടെ ശക്തിയെ തടഞ്ഞു നിർത്തി അതിന്റെ ഒഴുക്ക് മന്ദഗതിയിലാക്കുക എന്ന പ്രതിരോധമാർഗമാണ് നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ടത്. അത് സാധിക്കാത്ത ഇടങ്ങളിൽ എന്താണ് സംഭവിച്ചത് എന്ന് നമ്മൾ മനസ്സിലാക്കിയതാണ്. ശ്മശാനങ്ങൾക്ക് മൃതദേഹങ്ങളുമായി ജനങ്ങൾ വരി നിൽക്കുന്ന കാഴ്ച കണ്ടതാണ്. അത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് ഇവിടെ ശ്രമിച്ചത്. അക്കാര്യത്തിൽ നാം വിജയിക്കുക തന്നെ ചെയ്തു.
ഒരു തരംഗം പെട്ടെന്നുയർന്നു, നാശം വിതച്ചു, പെട്ടെന്നു താഴ്ന്നു കടന്നു പോകുന്നതിനു സമാനമല്ല കേരളത്തിൽ കോവിഡ് തരംഗത്തിന്റെ ഗതി. അത് ഇതിനകം വിശദീകരിച്ച കാരണങ്ങൾ കൊണ്ടുതന്നെ പതുക്കെ കുറഞ്ഞ് കുറച്ചു കൂടി സമയമെടുത്താകും അവസാനിക്കുക. അതുകൊണ്ടാണ് അക്കാര്യത്തിൽ ആശങ്ക വേണ്ട എന്ന് പറയുന്നത്. നമ്മുടെ വീഴ്ചയുടെ നിദാനമല്ല; മറിച്ച്, നമ്മൾ കാണിച്ച ജാഗ്രതയുടെ ലക്ഷണമാണ് ഇന്നത്തെ സ്ഥിതി.
രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ഇന്നു ചേർന്ന അവലോകനയോഗം തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറുശതമാനത്തിൽ താഴെയുള്ള (എ വിഭാഗം) 165 പ്രദേശങ്ങളുണ്ട്. ടിപിആർ ആറിനും പന്ത്രണ്ടിനുമിടയിലുള്ള ബി വിഭാഗത്തിൽ 473 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ ടിപിആർ ഉള്ള 316 പ്രദേശങ്ങൾ. അവ സി വിഭാഗത്തിലാണ്. എൺപതിടത്ത് ടിപിആർ പതിനെട്ടു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം)
ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക.നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നത്.
ഈ മഹാമാരിയിൽ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ഉറ്റവർ മരണമടയുമ്പോൾ മൃതശരീരം അടുത്ത് കാണാൻ പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ്. മൃതശരീരം നശ്ചിത സമയം വിട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സർക്കാർ കരുതുന്നത്. ഒരുമണിക്കൂറിൽ താഴെ ഇതിനായി അനുവദിക്കും.
മരണമടഞ്ഞ രോഗികളുടെ ബന്ധുക്കൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കേണ്ടതുണ്ട്.
കോവിഡ് ബാധിച്ച് മരണമടഞ്ഞവർ നേരത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ സ്വാഭാവികമായും മുടങ്ങിക്കാണും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ നിർത്തി വെക്കാൻ നിർദ്ദേശം നൽകും.
കോവിഡ് നിലനിൽക്കുന്നിടത്തോളം ഒരു പ്രദേശവും വൈറസ് മുക്തമാണെന്ന് കാണരുത്. എ, ബി വിഭാഗങ്ങളിൽപെട്ട പ്രദേശങ്ങളിൽ ഒരു നിയന്ത്രണവും വേണ്ട എന്ന ചിന്താഗതി പാടില്ല. നല്ല തോതിൽ നിയന്ത്രണങ്ങൾ പാലിച്ചു പോകണം. ഇതിനായി ബോധവൽക്കരണവും ആവശ്യമെങ്കിൽ മറ്റ് നിയമപരമായ നടപടിയും ആലോചിച്ചിട്ടുണ്ട്.
ബസ്സുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് ബസ്സുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കും.
അന്തർസംസ്ഥാനയാത്രികർ കോവിഡ് നെഗറ്റീവ്‌സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവിൽ എയർ്‌പോർട്ടുകളിൽ ഫലപ്രദമായ പരിശോധനാസംവിധാനമുണ്ട്. മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും, അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കൽ വിദ്യാർത്ഥികൾ, ഫാർമസി കോഴ്‌സ് വിദ്യാർത്ഥികൾ എന്നിവർക്കുള്ള വാക്‌സിനേഷനും പൂർത്തീകരിക്കും.
ബി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കും.
ഓഫീസുകളും സ്ഥാപനങ്ങളും തുറന്നിരിക്കുന്ന ഈ സമയത്ത് എല്ലാവരും അടിസ്ഥാനപരമായ പ്രതിരോധ മാർഗങ്ങളിൽ ശ്രദ്ധ വെക്കണം. പുറത്തിറങ്ങുന്നവർ എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിർബന്ധമാണ്.
പൊതു സ്ഥലങ്ങളിലേക്കാൾ സ്വകാര്യ സ്ഥലങ്ങളിൽ രോഗം കൂടുതലായി വ്യാപിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. വീടുകൾ, ഓഫീസുകൾ, കടകൾ തുടങ്ങിയ ഇടങ്ങളിൽ രോഗം വളരെ കൂടുതൽ വ്യാപിക്കുന്നതായാണ് കാണുന്നത്. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിന് ഇടയാക്കുന്നത്. ഒന്നാമത്തെ പ്രശ്‌നം ഇവ കൃത്യമായ വായു സഞ്ചാരമില്ലാത്ത രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ്. അടഞ്ഞു കിടക്കുന്ന മുറികൾ രോഗവ്യാപനത്തെ ത്വരിതപ്പെടുത്തും. ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോൾ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ.സി. ഒഴിവാക്കണം. സ്ഥാപനത്തിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനിൽക്കുന്നതിനാൽ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാൻ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. സ്ഥാപനങ്ങളിൽ തിരക്ക് അനുവദിക്കരുത്.
പൊതുസ്ഥലത്ത് പുലർത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ല. അശ്രദ്ധമായ പെരുമാറ്റ രീതികൾ രോഗവ്യാപനത്തെ വർദ്ധിപ്പിക്കുന്നു. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റെല്ലാവർക്കും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളത്. അത്ര നിഷ്പ്രയാസം സാധിക്കാവുന്ന കാര്യമല്ലെങ്കിലും, വീടുകളിലും തൊഴിൽ സ്ഥലങ്ങളിലും കൂടുതൽ മികച്ച രീതിയിൽ ജാഗ്രത പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ക്വാറന്റയിനിൽ കഴിയേണ്ടവർ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങാൻ പാടില്ല. അത്തരം ലംഘനങ്ങൾ കണ്ടെത്തിയാൽ കർക്കശ നടപടി സ്വീകരിക്കും.
വാക്‌സിനെടുത്തവരും രോഗം വന്നു പോയവരും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്താതെ നോക്കേണ്ടതുണ്ട്. അവരിലും രോഗം വീണ്ടും പിടിപെടാനുള്ള സാധ്യതയെ 100 ശതമാനം തള്ളിക്കളയാൻ സാധിക്കില്ല. മാത്രമല്ല, അവർ രോഗവാഹകർ ആകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ജാഗ്രത കൈവെടിയാതെ ഇരിക്കാൻ അവർ ശ്രദ്ധിക്കണം.
സമൂഹത്തിൽ പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ നൽകി സാമൂഹിക പ്രതിരോധം ആർജ്ജിക്കുക എന്നതാണ് കോവിഡ് മഹാമാരിയിൽ നിന്നും മുക്തരാകാൻ നമുക്ക് മുൻപിലുള്ള ഏറ്റവു പ്രധാനപ്പെട്ട മാർഗം.
ജൂൺ 29 വരെയുള്ള കണക്കുകൾ പ്രകാരം 1,38,62,459 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,36,218 പേർക്ക് ആദ്യ ഡോസും 4,26,853 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുൻനിര പ്രവർത്തകരിൽ 5,51,272 പേർക്ക് ആദ്യ ഡോസും 4,29,737 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 78,12,226 പേർക്ക് ആദ്യ ഡോസും 22,76,856 പേർക്ക് രണ്ടു ഡോസുകളും നൽകി. 18 മുതൽ 44 വയസ്സു വരെയുള്ള 18,05,308 പേർക്ക് ആദ്യ ഡോസും 23,989 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. സംസ്ഥാനത്ത് ഇതുവരെ മൊത്തം 1,07,05,024 പേർക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 31,57,435 പേർക്ക് രണ്ടു ഡോസുകളും നൽകി. മൊത്തം ജനസംഖ്യയുടെ 40 ശതമാനം ആളുകൾക്ക് ആദ്യത്തെ ഡോസും 12 ശതമാനം ആളുകൾക്ക് രണ്ടു ഡോസുകളും നൽകാൻ സാധിച്ചു.
വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് അതു വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്. നമ്മൾ ആവശ്യപ്പെട്ട അളവിൽ വാക്‌സിൻ കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായാൽ മൂന്നോ നാലോ മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം ആർജ്ജിക്കാൻ സാധിക്കും. 25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രികൾ വഴി ആയിരിക്കും വിതരണം ചെയ്യുക എന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നെങ്കിലും കേന്ദ്ര സർക്കാർ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് വാക്‌സിൻ വിതരണം ചെയ്യപ്പെടുന്നില്ല. നിലവിൽ അവർ മറ്റു ഏജൻസികൾ വഴിയാണ് വാക്‌സിൻ വാങ്ങി വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ വാക്‌സിൻ ലഭ്യതയിൽ രാജ്യമൊന്നാകെ നിലവിൽ നേരിടുന്ന പ്രതിസന്ധി പരിഹരിച്ചാൽ മാത്രമേ നമുക്ക് സാമൂഹിക പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ.
കേരളത്തിൽ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന സൈക്കോ സോഷ്യൽ സപ്പോർട്ടിന്റെ ഭാഗമായി ഇത് വരെ ഒരു കോടിയിലധികം കോളുകൾ വിളിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 1268 മാനസികാരോഗ്യ പ്രവർത്തകരെയാണ് സജ്ജമാക്കിയത്.
വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും ഐസലേഷനിലും കഴിയുന്നവർക്ക് ഉണ്ടായേക്കാവുന്ന മാനസിക ബുദ്ധിമുട്ടുകൾ, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകൾക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴിൽ സ്‌കൂൾ കൗൺസിലർമാരേയും ഐ.സി.ടി.സി, അഡോളസ്സന്റ് ഹെൽത്ത് കൗൺസിലർമാരെയും ഉൾപ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിച്ച് വരുന്നത്.
ഐസോലേഷനിൽ ഉള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് പരിഹാര മാർഗങ്ങളും ചികിത്സയും വിദഗ്ദ്ധർ നൽകുന്നു. കുടുംബാംഗങ്ങൾക്കും ആവശ്യമെങ്കിൽ കൗൺസിലിങ് നൽകും. അവർക്ക് തിരിച്ച് ബന്ധപ്പെടാൻ ഹെൽപ് ലൈൻ നമ്പർ നൽകുന്നുമുണ്ട്. ഓരോ ജില്ലയിലും ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. 74,825 കോളുകളാണ് ഹെൽപ്പ് ലൈൻ നമ്പറിൽ കിട്ടിയിട്ടുള്ളത്.
കോവിഡാനന്തരം മാനസിക ബുദ്ധിമുട്ടുകൾ അറിഞ്ഞ് പരിഹരിക്കുന്നതിനായും ഫോണിൽ വളിക്കുന്നുണ്ട്. കൂടാതെ കോവിഡ് രോഗം സ്ഥിരീകരിച്ച് ഐസോലെഷൻ വാർഡുകളിൽ കഴിയുന്നവരെ പ്രത്യേകമായി വിളിക്കുകയും സാന്ത്വനം നൽകുകയും ചെയ്യുന്നതിനൊപ്പം അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പറ്റുന്നിടത്തോളം സേവനങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
ലോക്ക് ഡൗൺ സമയത്ത് മാനസിക സാമൂഹിക പ്രശ്‌നങ്ങൾ കൂടുതലായി അനുഭവിക്കാൻ സാധ്യതയുള്ള ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ, ഒറ്റയ്ക്ക് താമസിക്കുന്ന വായോജനങ്ങൾ, അതിഥി തൊഴിലാളികൾ, മനോരോഗത്തിന് ചികിൽസയിൽ ഉള്ളവർ എന്നിവരെ പ്രത്യേകമായി വിളിച്ച് ടെലി കൗൺസിലിങ് സേവനങ്ങൾ നൽകിയിട്ടുണ്ട്. ഇതിനായി ഡി.ഇ.ഐ. സി., എം.ഐ.യു. തെറാപ്പിസ്റ്റുകൾ, ബഡ്‌സ് സ്‌കൂൾ, സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകർ എന്നിവരും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിൽ പ്രവർത്തിച്ചു. 74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 31,520 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്നവരിൽ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു. 64,194 ജീവനക്കാർക്കാണ് മാനസികാരോഗ്യ പരിചരണം നൽകിയത്. ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേക ഹെൽപ് ലൈൻ നമ്പറും ഓരോ ജില്ലയിലും പ്രവർത്തിക്കുന്നു.
കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സേവനങ്ങൾ സ്‌കൂൾ കുട്ടികളിലേക്കും 2020 ജൂൺ മുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 7,90,820 കോളുകൾ സ്‌കൂൾ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ 81,368 കുട്ടികൾക്ക് കൗൺസിലിങ് സേവനങ്ങളും ലഭ്യമാക്കി.
ജില്ലാ ഹെൽപ് ലൈൻ നമ്പറുകൾക്ക് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,743 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 5,105 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 32,68600 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.
വൈദ്യുതി നിരക്കിൽ ഇളവ്
കോവിഡ് പശ്ചാത്തലത്തിൽ കെ എസ് ഇ ബി ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്.
29.09.1997 മുതൽ 500 വാട്ട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി, കണക്ടഡ് ലോഡ് വൃത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി ബോധകമാക്കും.
1000 വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും, പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബി പി എൽ വിഭാഗത്തിൽ പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ യൂണിറ്റൊന്നിനു നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് കൂടി അനുവദിക്കും.
വാണിജ്യ / വ്യാവസായിക ഉപഭോക്താക്കൾക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ് / ഡിമാന്റ് ചാർജ്ജിൽ 25% ഇളവ് നൽകും. സിനിമ തീയേറ്ററുകൾക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ് / ഡിമാന്റ് ചാർജ്ജിൽ 50% ഇളവ് നൽകും. ഈ വിഭാഗങ്ങൾക്ക് ഫിക്‌സഡ് / ഡിമാന്റ് ചാർജ്ജിേന്മേൽ നൽകുന്ന ഇളവുകൾ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് 30.09.2021 വരെ പലിശ രഹിതമായി മൂന്നു തവണകൾ അനുവദിക്കും. ഈ ഉപഭോക്തൃ വിഭാഗങ്ങൾ പ്രസ്തുത കാലയളവിലെ ബിൽ തുക ഭാഗികമായോ പൂർണ്ണമായോ അടച്ചിട്ടുണ്ടെങ്കിൽ തുടർന്നുള്ള ബില്ലുകളിൽ ക്രമപ്പെടുത്തി നൽകുന്നതുമാണ്.
ലോക് നാഥ് ബെഹ്‌റ
നമ്മുടെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ പ്രവർത്തകരോടൊപ്പം പൊലീസ് സേന വഹിക്കുന്ന പങ്കാളിത്തം നിസ്തുലമാണ്. അതിനാകെനേതൃത്വം കൊടുത്ത് പ്രവർത്തിച്ച സംസ്ഥാന പൊലീസ് മേധാവി ശ്രീ ലോക്‌നാഥ് ബെഹ്‌റ നാളെ സർവ്വീസിൽ നിന്ന് വിരമിക്കുകയാണ്. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരാൻ കൂടി ഈ അവസരം ഉപയോഗിക്കട്ടെ.
മറുനാടന് മലയാളി ബ്യൂറോ