- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം ചുറ്റുപാടും; ആശങ്ക വേണ്ട, ജാഗ്രത ആവശ്യം; ഹോം ഐസൊലേഷനിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം ചുറ്റുപാടും നിലനിൽക്കുന്നതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹോം ഐസൊലേഷനിൽ കഴിയുന്നവരും അവരുടെ വീട്ടുകാരും അൽപം ശ്രദ്ധിച്ചാൽ മറ്റുള്ളവർക്ക് രോഗം വരാതെ സംരക്ഷിക്കാനാകും. ഹോം ഐസൊലേഷൻ എന്നത് വീട്ടിലെ ഒരു മുറിയിൽ തന്നെ കഴിയണമെന്നതാണ്. ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലാത്തവർക്കാണ് ഹോം ക്വാറന്റൈൻ അനുവദിക്കുന്നത്. ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ഹോം ഐസൊലേഷൻ എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഗുരുതരാവസ്ഥ സംഭവിക്കുകയാണെങ്കിൽ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒരിക്കൽ കൂടി ഓർക്കാം: ഹോം ഐസൊലേഷൻ എങ്ങനെ?
ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവർ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർസെന്ററുകൾ ലഭ്യമാണ്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷനിൽ കഴിയുന്നവർ മുറിക്ക് പുറത്തിറങ്ങാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാൽ സ്പർശിച്ച പ്രതലങ്ങൾ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും ഡബിൾ മാസ്‌ക് ധരിക്കേണ്ടതാണ്. രോഗീ പരിചണം നടത്തുന്നവർ എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
സാധനങ്ങൾ കൈമാറരുത്
ആഹാര സാധനങ്ങൾ, ടിവി റിമോട്ട്, ഫോൺ മുതലായ വസ്തുക്കൾ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവർ തന്നെ കഴുകുന്നതായിരിക്കും നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങൾ, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ളീച്ചിങ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്ളീച്ചിങ് പൗഡർ) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
വെള്ളവും ആഹാരവും വളരെ പ്രധാനം
വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. പറ്റുമെങ്കിൽ പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാർഗിൾ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.
സ്വയം നിരീക്ഷണം ഏറെ പ്രധാനം
വീട്ടിൽ ഐസോലേഷനിൽ കഴിയുന്നവർ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. സങ്കീർണതകൾ വരികയാണെങ്കിൽ നേരത്തെ കണ്ടുപിടിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സ്വയം നിരീക്ഷണം ഏറെ സഹായിക്കും. പൾസ് ഓക്സി മീറ്റർ വീട്ടിൽ കരുതുന്നത് നന്നായിരിക്കും. പൾസ് ഓക്സി മീറ്ററിലൂടെ കാണിക്കുന്ന ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കിൽ കുറിച്ച് വയ്ക്കേണ്ടതാണ്.
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതുകൊണ്ടാണ് കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്. അതിനാൽ പൾസ് ഓക്സീമീറ്റർ കൊണ്ട് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കണം. ഈ പരിശോധനയിലൂടെ ഓക്സിജന്റെ കുറവ് കാരണം ശ്വാസംമുട്ട് വരുന്നതിന് വളരെ മുമ്പ് തന്നെ ഓക്സിജൻ കുറഞ്ഞ് തുടങ്ങിയെന്ന് അറിയാൻ സാധിക്കുന്നു.
സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്സിജന്റെ അളവ് 94ൽ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്. 6 മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്സിജന്റെ അളവ് നേരത്തെയുള്ളതിൽ നിന്ന് 3 ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങളുള്ളവർക്ക് ഇ സഞ്ജീവനി വഴിയും ചികിത്സ തേടാവുന്നതാണ്.
അപായ സൂചനകൾ തിരിച്ചറിയണം
ഹോം ഐസൊലേഷനിൽ കഴിയുന്നെങ്കിലും ആരോഗ്യ പ്രവർത്തകർ ഒരു വിളിക്കപ്പുറം തന്നെയുണ്ട്. ശ്വാസം മുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കിൽ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറിൽ ഓക്സിജൻ കാര്യമായി എത്താത്തതുകൊണ്ടുള്ള പ്രശ്നങ്ങളാലാണ് ഇവയിൽ പലതും ഉണ്ടാകുന്നത്. ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ബന്ധപ്പെടാറുള്ള ആരോഗ്യ പ്രവർത്തകരേയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ വിവരമറിയിക്കണം. ഈ സാഹചര്യത്തിൽ ഒട്ടും പരിഭ്രമപ്പെടാതെ ആംബുലൻസ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കേണ്ടതാണ്.
ആരോഗ്യ പ്രവർത്തകരും വാർഡുതല ജാഗ്രതാ സമിതികളും ഹോം ഐസൊലേഷനിലുള്ളവരെ സഹായിക്കാൻ എപ്പോഴുമുണ്ട്. അതിനാൽ ആശങ്ക വേണ്ട. എന്നാൽ ജാഗ്രത ഏറെ ആവശ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ