- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ്-ന്യൂഇയർ കാലത്ത് സമൂഹ ഇടപഴകൽ കൂടി; കോവിഡ് പിടികൂടിയത് കൂടുതലും ചെറുപ്പക്കാരെ; കഴിഞ്ഞ ആഴ്ചയേക്കാൾ കേസുകളുടെ എണ്ണത്തിൽ 100 ശതമാനം വർദ്ധന; തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരും കോഴിക്കോടും വളരെ ജാഗ്രത വേണം; സംസ്ഥാനത്ത് കോവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ആഴ്ചയെക്കാൾ ഈ ആഴ്ചയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ 100 ശതമാനം വർധനവ് ഉണ്ടായി. ആരോഗ്യ പ്രവർത്തകർക്കും കൂടുതലായി കോവിഡ് ബാധിക്കുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം മുൻനിർത്തി എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തി. കോവിഡിനും നോൺ കോവിഡിനും വേണ്ടിയുള്ള ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്ററുകൾ, ഓക്സിജൻ പ്ലാന്റുകൾ, മരുന്നുകളുടെ ലഭ്യത എന്നിവ വിലയിരുത്തി. എല്ലാ ജില്ലകളിലും കേസുകളുടെ എണ്ണം കൂടുന്നുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ. എല്ലാവരും വളരെ ജാഗ്രതയോടെ ഇടപെടാൻ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയുള്ള ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. എല്ലാ യോഗങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തേണ്ടതാണ്. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 13 കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. 416.63 മെട്രിക് ടൺ ഓക്സിജനാണ് സംസ്ഥാനത്ത് ഉത്പാദിക്കപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശമനുസരിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. പ്രായമുള്ളവർ, മറ്റനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗമുള്ളവർക്കുള്ള മരുന്നുകൾ വീടുകളിലെത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് വേണ്ടി അവർ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തേണ്ടതില്ല. അനാവശ്യ യാത്രകൾ എല്ലാവരും ഒഴിവാക്കണം.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 20 വയസു മുതൽ 40 വയസുവരെയുള്ളവരിലാണ് കേസുകൾ കൂടുതലായി കണ്ടിട്ടുള്ളത്. ക്രിസ്തുമസ്, ന്യൂ ഇയർ കാലമായതിനാൽ സമൂഹവുമായി ധാരാളം ഇടപഴകിയിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്.
18 വയസിന് മുകളിലുള്ളവർക്ക് 99 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനും 82 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് 39 ശതമാനം പേർക്ക് (5,93,784) വാക്സിൻ നൽകാനായി. 60,421 പേർക്ക് കരുതൽ ഡോസ് നൽകാനായി. ആരോഗ്യ പ്രവർത്തകർ രോഗബാധിതരാകാൻ സാധ്യതയുള്ളതിനാൽ അവർ കരുതൽ ഡോസ് സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് 345 ഓമിക്രോൺ കേസുകളാണുള്ളത് 155 പേർ ആകെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
ജില്ലകളിൽ ഓരോ സിഎഫ്എൽടിസിയെങ്കിലും തയ്യാറാക്കണമെന്ന് മുഖ്യമന്ത്രിയിലുടെ യോഗത്തിൽ ജില്ലാ കളക്ടർമാരോട് നിർദ്ദേശം നൽകിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാൻ കോവിഡ് ബ്രിഗേഡ് പുനഃസ്ഥാപിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബോധവത്ക്കരണ പ്രവർനങ്ങളിൽ മാധ്യമങ്ങളുടെ പൂർണ പിന്തുണ മന്ത്രി അഭ്യർത്ഥിച്ചു.
: സംസ്ഥാനത്ത് കോവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ ദിവസമുണ്ടായ 19 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 277 മരണങ്ങളും ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തതോടെയാണ് കേരളത്തിലെ മരണനിരക്ക് അരലക്ഷം പിന്നിട്ടത്. സർക്കാർ രേഖകൾ അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 50,053 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ