തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അമ്പതിനായിരത്തിലേറെ കോവിഡ് രോഗികൾ. 20-30 പ്രായഗ്രൂപ്പിലാണ് കൂടുതൽ രോഗവ്യാപനമെന്ന് ആരോഗ്യമന്ത്രി. ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം വെല്ലുവിളിയാണെന്നും വീണാ ജോർജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

രോഗ വ്യാപനത്തിൽ ഒരു തരത്തിലുള്ള ഭയവും ആശങ്കയും ആളുകൾക്ക് ഉണ്ടാകേണ്ടതില്ല. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നില്ല. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോഴും മൂന്ന് ശതമാനം തന്നെയാണ്. 57 ശതമാനം ഐസിയു ഇപ്പോഴും ഒഴിവുണ്ട്. വെന്റിലേറ്ററുകളുടെ ഒഴിവ് 86 ശതമാനമാണ്, മന്ത്രി വ്യക്തമാക്കി.

20 മുതൽ 30 വരെ പ്രായമുള്ളവരിലാണ് രോഗ വ്യാപനം കൂടുതലുള്ളത്. വരും ദിവസങ്ങളിൽ പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ സംവിധാനങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളിലും നാളെ മുതൽ കൺട്രോൾ റൂമുകൾ തുറക്കും.

ആരോഗ്യ പ്രവർത്തകരിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമാന്തരമായി ആശുപത്രികളിൽ കൂടുതൽ ആളുകളെ ജോലിക്കായി വിന്ന്യസിക്കും. ഇത്തരത്തിൽ വിവിധ ജില്ലകളിലാണ് 4917 പേരെയാണ് ഈ രീതിയിൽ നിയോഗിച്ചിരിക്കുന്നത്. ഇതിനായുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.

വാക്സിൻ എല്ലാവരും നിർബന്ധമായി എടുക്കണം. കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള വാക്സിനേഷൻ കൂടുതൽ ഊർജ്ജിതപ്പെടുത്തും.

തിരുവനന്തപുരത്ത് രോഗ വ്യാപനം അതി രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ഇന്ന് പ്രത്യേക അവലോകന യോഗം ചേർന്നതായി മന്ത്രി പറഞ്ഞു. തിയേറ്ററുകൾ അടച്ചിടുന്നതും ബാർ, ഷോപ്പിങ് മാളുകൾ തുറന്നു പ്രവർത്തിക്കുന്നതും വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും നിയന്ത്രണങ്ങൾ ഇത്തരത്തിൽ തന്നെ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ന് 55,475 പേർക്ക് കോവിഡ്

സംസ്ഥാനത്ത് 55,475 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂർ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂർ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസർഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,32,124 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,342 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 2,85,365 കോവിഡ് കേസുകളിൽ, 3.8 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 84 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 139 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3373 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1706, ഇടുക്കി 599, എറണാകുളം 8641, തൃശൂർ 1515, പാലക്കാട് 1156, മലപ്പുറം 1061, കോഴിക്കോട് 2966, വയനാട് 214, കണ്ണൂർ 1170, കാസർഗോഡ് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,86,868 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.