നെടുങ്കണ്ടം: സിപിഎമ്മിന് സമ്മേളന കാലമാണിപ്പോൾ. ബ്രാഞ്ച് സമ്മേനം കഴിഞ്ഞ് ഏരിയാ സമ്മേളനങ്ങൾ തുടങ്ങിയതോടെ വിവിധയിടങ്ങളിൽ ഫ്‌ളക്‌സുകൾ വെക്കാറുമുണ്ട്. ഇത്തരം ഫ്‌ളക്‌സുകളിൽ യേശുവും വിവേകാനന്ദനുമൊക്കെ ഇടംപിടിക്കാറുണ്ട്. ഇങ്ങനെ പാർട്ടിയെ നയിക്കുന്ന, പ്രചോദനം പകരുന്ന പ്രമുഖരുടെ പട്ടികയിലേക്ക് ഒരാൾ കൂടിയെത്തി. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രമാണ് പ്രത്യക്ഷപ്പെട്ടത്. സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡിലെ കിമ്മിന്റെ ചിത്രം കണ്ട് മിക്കവരും ഞെട്ടുകയും ചെയ്തു.

സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയാണ് ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കിം ജോങ് ഉന്നിന്റെ ചിത്രം പതിച്ച ബോർഡ് താന്നിമൂടിന് സമീപം സ്ഥാപിച്ചത്. ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ പല സ്ഥലത്തും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും കിം ജോങ് ഉന്നിന്റെ ചിത്രമാണ് ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത്. സ്വന്തം കുടുംബാംഗങ്ങളെ പോലും ക്രൂരമായി കൊല ചെയ്ത ഉന്നിന്റെ ചിത്രം സമ്മേളനത്തിന്റെ പ്രചാരണാർഥം സ്ഥാപിച്ചത് പാർട്ടി പ്രവർത്തകർക്കിടയിലും സമ്മേളന പ്രതിനിധികൾക്കിടയിലും കടുത്ത അമർഷത്തിന് കാരണമായി.

ഡിസംബർ 16-17 തീയതികളിലാണ് സമ്മേളനമെന്ന് കിങ് ജോംഗ് ഉന്നാങ്കിത ചെമല ഫ്ളക്സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ആരാണ് ഫ്‌ളക്‌സിന് പിന്നിലെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. എന്തായാലും ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വിടി ബൽറാം എംഎൽഎ ചിത്രം ഫേ്‌സുബുക്കിൽ പോസ്റ്റു ചെയ്തതോടെ സിപിഎം പ്രതിരോധത്തിൽ ആയിട്ടുണ്ട്.

'മോർഫിങ് അല്ലാത്രേ, ഒറിജിനൽ തന്നെ ആണത്രേ! കിം ഇൽ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാൻ പാർട്ടി സെക്രട്ടറിക്ക് സമയമില്ലാത്തതുകൊണ്ടായിരിക്കും എന്ന് തോന്നുന്നു'- എന്നു പറഞ്ഞാണ് ബൽറാം ഫേസ്‌ബുക്കിൽ ഫ്‌ളക്‌സ് ബോർഡ് പോസ്റ്റു ചെയ്തത്. ഒന്നിലേറെ ചിത്രങ്ങളും ബൽറാം പുറത്തുവിട്ടിട്ടുണ്ട്. അധികാരം പിടിച്ചെടുക്കാൻ സ്വന്തം അമ്മാവനെ ജീവനോടെ പട്ടിക്കു കടിച്ചുകീറാൻ ഇട്ടുകൊടുത്ത ഏകാധിപതിയുടെ ചിത്രം തന്നെ ധാരാളം കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളുടെ പരിപാടിക്ക് അച്ചടിക്കാൻ എന്ന വിധത്തിൽ നിരവധി കമന്റുകളും പുറത്തുവന്നിട്ടുണ്ട്.

സംഭവം എന്തായാലും സിപിഎമ്മിലെ സൈബർ സഖാക്കളെ പോലുംപ്രതിരോധത്തിലാക്കുന്ന വിധത്തിലേക്ക് മാറിയിട്ടുണ്ട്. ആരാണ് ഫ്‌ള്ക്‌സ് ബോർഡ് സ്ഥാപിച്ചതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരാനുണ്ട്.