തിരുവനന്തപുരം: ആരാധനാലയങ്ങൾ വ്യവസായ കേന്ദ്രങ്ങളാണെന്ന് യുക്തിവാദി വിഭാഗം എപ്പോഴും പരാതിപ്പെടാറുണ്ട്. ഈ വാദം സർക്കാർ തലത്തിൽ അംഗീകരിച്ചു കിട്ടാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ, കേരളം ഭരിക്കുന്ന ഇടതു സർക്കാർ അക്കാര്യത്തിൽ മതവിശ്വാസികളെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്. ശവസംസ്‌ക്കാരത്തെ വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടിയാണ് ഏറെ വിവാദങ്ങൾക്ക് ഇടയാകുന്നത്.

ഇത്തരമൊരു നടപടി കൈക്കൊണ്ടിരിക്കുന്നത് കേരള മലിനീകരണ നിയന്ത്രണ ബോർഡാണ്. വ്യാവസായ ശാലകൾ പുറന്തള്ളുന്ന മാലിന്യങ്ങളുടെ തോതും വിഷമയവും അടിസ്ഥാനമാക്കി കളർ നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം പുറന്തള്ളുന്ന മാലിന്യത്തിന്റെ അളിവിന്റെ അടിസ്ഥാനത്തിൽ റെഡ്, ഓറഞ്ച്, ഗ്രീൻ, വൈറ്റ് എന്നിങ്ങനെയാണ് വിഭാഗങ്ങളാക്കി തിരിച്ചിട്ടുള്ളത്. ഈ വിഭാഗത്തിൽ ഓറഞ്ച് ഗണത്തിലാണ് കേരളത്തിലെ ശവസംസ്‌ക്കാര ശ്മശാനങ്ങളും ഖബറിസ്ഥാനുകളും സെമിത്തേരികളും ഉൾപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ കേന്ദ്ര സർക്കാർ പോലും കൈക്കൊള്ളാത്ത നടപടിയാണ് ശവസംസ്‌ക്കാരത്തെ വ്യവസായമെന്ന നിലയിൽ കണ്ട സർക്കാർ ചെയ്തിരിക്കുന്നത്.

ഏതൊരു മതവിശ്വാസി ആയാലും മരിച്ചു കഴിഞ്ഞാൽ സംസ്‌ക്കരിക്കണം. അത് ഓരോരുത്തരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലയിരിക്കും. അങ്ങനെ സംസ്‌ക്കരിക്കുമ്പോൾ എങ്ങനെയാണ് ഇത് വ്യവസായത്തിന്റെ ഗണത്തിൽ പെടുക എന്നതാണ് ഉയരുന്ന ചോദ്യം. സംസ്ഥാന സർക്കാറിന്റെ നടപടിയോടെ കേരളത്തിലെ സെമിത്തേരികളിലും ഖബർസ്ഥാനിലും ശ്മശാനങ്ങളിലും സർക്കാറിന് ഇടപെടാൻ സാധിക്കുകയും. ഓറഞ്ച് വിഭാഗത്തിൽ പെട്ട വ്യവസായങ്ങൾ സ്വീകരിക്കുന്ന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ഇത് ശ്മശാനങ്ങളെ സംബന്ധിച്ചിടത്തോളം അധികബാധ്യത വരുത്തുകയും ചെയ്യും. കേരളത്തിലെ ഭൂരിപക്ഷം ശവസംസ്‌ക്കാര കേന്ദ്രങ്ങളും ഈ നിയമങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് സംസ്‌ക്കാരവും പഞ്ചായത്തുകൾക്കും മുൻസിപാലിറ്റികൾക്കും തടയാൻ പോലും സാധിക്കും.

കേന്ദ്രസർക്കാറിന് പോലും ഇല്ലാത്ത പിടിവാശിയാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. കേന്ദ്രസർക്കാർ മലിനീകരണ വ്യവസായങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോൾ ഇളവു നൽകുന്നതിന് സംസ്ഥാന സർക്കാറുകൾക്ക് അനുമതി നൽകിയിരുന്നു. ഇത് പ്രകാരം റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങളുടെ പട്ടികയിൽ പെരിയാറിനെ മലിനമാക്കുന്ന പല കമ്പനികളും ഇടംപിടിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഓറഞ്ച് കാറ്റഗറിയിലെ വ്യവസായങ്ങൾ. ശവസംസ്‌ക്കാര കേന്ദ്രങ്ങൾ വ്യവസായമല്ലാതിരുന്നിട്ടു കൂടി ഈ വിഷയത്തിൽ സംസ്ഥാന മലിനീകരണ ബോർഡ് അമിതാവേശം കാണിച്ചു.

31. 1. 2017 ൽ നടന്ന 20ാം ബോർഡ് യോഗത്തിലാണ് ബറിയൽ ഗ്രൗണ്ടുകളെയും വൈദ്യുതി ഗ്യാസ് ക്രിമിറ്റോറിയങ്ങളെയും 'ഓറഞ്ച്' പട്ടികയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര നിയമങ്ങൾക്കും കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾക്കും വിരുദ്ധമായാണ് സംസ്ഥാന സർക്കാറിന്റെ നടപടിയെന്നാണ് ഉരുന്ന വിമർശനം. മതവിശ്വാസങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന വിമർശനവും ഇതിനോടകം ശക്തമാണ്.

അന്തരീക്ഷ മലിനീകരണവും ജല മലിനീകരണവും നടത്തുന്ന വ്യവസായശാലകളെ കണ്ടെത്തുന്നതിനും അവയിൽ നിന്നുണ്ടാകുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിനായാണ് കാറ്റഗറൈസേഷൻ സർക്കാർ തുടക്കമിട്ടത്. 2015 ൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഒരു വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചിരുന്നു ഇവരുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 7. 3. 2016 ൽ കേന്ദ്ര സർക്കാർ വ്യവസായങ്ങളെ മലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ നാലായി തംരം തിരിച്ചു. ഏറ്റവും അപായകരവും കൂടുതൽ മലിനീകരണ സാധ്യതയുള്ളതുമായ വ്യവസായങ്ങളെ ചുവപ്പ് കാറ്റഗറിയിലും അതിനു താഴെ ഓറഞ്ച്, പച്ച, വെള്ള എന്നീ കാറ്റഗറികളിലും പെടുത്തി.

ചുവപ്പിലും ഓറഞ്ചിലും പെട്ട വ്യവസായ സ്ഥാപനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. 60 തരം വ്യവസായങ്ങൾ ചുവപ്പ് കാറ്റഗറിയിലും 83 വ്യവസായങ്ങൾ ഓറഞ്ചിലും 63 എണ്ണം ഗ്രീനിലും 36 എണ്ണം വൈറ്റിലും പെടുത്തി. ഏറെ മലിനീകരണം ഉണ്ടാക്കുന്ന റെഡ് വിഭാഗത്തിലായിരുന്നു ഇതുവരെ പാറ ക്രഷറുകൾ. പിന്നീട് ഇതിൽ മാറ്റം വരുത്തി. കേന്ദ്ര മലനീകരണ നിയന്ത്രണ ബോർഡ് കൊണ്ടു വന്ന പുതിയ ഭേഗതി പ്രകാരം ക്രഷറുകൾ ഇനി മലനീകരണം കുറഞ്ഞ ഓറഞ്ച് വിഭാഗത്തിലായിരിക്കയാണ്. ഈ ക്രഷറുകളുടേതിന് സമാനമായ വിധതത്തിലാണ് ക്രിമറ്റോറിയങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലെ ജനസംഖ്യയുടെ 45 ശതമാനം വരുന്ന മുസ്ലിം-ക്രിസ്ത്യൻ മത വിഭാഗങ്ങൾ മരിച്ചവരുടെ മൃതശരീരങ്ങൾ സംസ്‌കരിക്കുന്നത് സമുദായ നിയന്ത്രണത്തിലുള്ള സെമിത്തേരി, പൊതു ശവ സംസ്‌കാര സ്ഥലങ്ങളിലാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെയാണ് ശരിക്കും ബാധിക്കുന്നത്. കേരളത്തിലെ ആകെ ജനസംഖ്യ 334 ലക്ഷമാണെങ്കിൽ അതിൽ 183 ലക്ഷം (54. 73%) ഹൈന്ദവരും 89 ലക്ഷം (26. 56%) മുസ്ലിംങ്ങളും 63 ലക്ഷം (18. 38%) ക്രൈസ്തവരുമാണ്. ഇതിൽ ക്രൈസ്തവരും മുസ്ലിംങ്ങളും അടങ്ങുന്ന ഒന്നര കോടി ജനങ്ങൾ ശവസംസ്‌കാരം നടത്തുന്നത് അവരുടെ ആരാധനാലയങ്ങളോടു ചേർന്നുള്ള ബറിയൽ ഗ്രൗണ്ടിലാണ്.

കേരള ക്രൈസ്തവ വിഭാഗത്തിലെ ഏറ്റവും വലി വിഭാഗമായ സീറോ മലബാർ ക്രൈസ്തവർക്ക് (23. 46 ലക്ഷം) തന്നെയായി ഏതാണ്ട് 2267 ശവക്കോട്ടകൾ ഉണ്ട്. മറ്റു ക്രൈസ്തവ വിഭാഗങ്ങൾക്കും ഏകദേശം 4500 ൽ പരം ബറിയൽ ഗ്രൗണ്ടുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. 89 ലക്ഷം വരുന്ന കേരള മുസ്ലിം സമുദായത്തിനും 6000 ൽ പരം ബറിയൽ ഗ്രൗണ്ടുകൾ ഉള്ളതായാണ് ഏകദേശ കണക്ക്. അങ്ങനെ മുസ്ലിം ക്രൈസ്തവ ബറിയൽ ഗ്രൗണ്ടുകൾ തന്നെ 12700 എണ്ണം കേരളത്തിലുണ്ട്. ഇതിൽ മിക്കതും നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.

ആദ്യ കാലഘട്ടത്തിൽ ശവക്കോട്ടകൾക്കോ സെമിത്തേരികൾക്കോ മുസ്ലിം ശ്മശാനങ്ങൾക്കോ സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടെയോ ലൈസൻസ് ആവശ്യമില്ലായിരുന്നു. ആരാധനാലയങ്ങളും അവിടെ മൃതസംസ്‌കാര കേന്ദ്രങ്ങളും ഉണ്ടായിരുന്നു. കത്തോലിക്കാ സഭയുടെ ആഗോള നിയമമായ ''കാനൻ നിയമം'' 874 അനുസരിച്ച് എല്ലാ ക്രൈസ്തവ പള്ളികൾക്കും സ്വന്തമായി സെമിത്തേരി ഉണ്ടായിരുന്നു.

1967 ലായിരുന്നു ആദ്യമായി ശ്മാശാനങ്ങൾക്ക് സംസ്ഥാന സർക്കാർ നിയമം കൊണ്ടു വന്നത്. കേരള പഞ്ചായത്ത് ബറിയൽ ആൻഡ് ബേർണിങ് ഗ്രൗണ്ട്സ് ചട്ടങ്ങൾ 1967 എന്ന നിയമത്തിൻ കീഴിൽ അതുവരെ നിലവിലുണ്ടായിരുന്ന എല്ലാ ശ്മശാനങ്ങളും സർക്കാർ അംഗീകരിച്ചു. അതുവരെയുണ്ടായിരുന്ന ശ്മശാനങ്ങളൊക്കെ ''രജിസ്റ്റർ ചെയ്തതായി കണക്കാക്കപ്പെട്ടു'' എന്നായിരുന്നു ആ നിയമത്തിലെ 4ാം വകുപ്പ് പയുന്നത്. ഇതേ പേരിൽ കൊണ്ടു വന്ന 1998 ലെ ചട്ടങ്ങളിലും 1998 വരെ പ്രവർത്തിച്ചു കൊണ്ടിരുന്ന ശ്മശാനങ്ങളൊക്കെ നിയമാനുസൃതം രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കുന്നു എന്നു വ്യക്തമാക്കിയിരുന്നു.

1998 ലെ നിയമത്തിൻ കീഴിൽ ശവം കുഴി കുത്തി മൂടുന്ന ശ്മശാനങ്ങൾ പുതിയതായി സ്ഥാപിക്കണമെങ്കിൽ ജനവാസ ഭവനങ്ങളിൽ നിന്നും ജല ശ്രോതസുകളിൽ നിന്നും 50 മീറ്റർ അകലമുണ്ടായിരിക്കണമെന്നും 1.8 മീറ്റർ ഉയരത്തിൽ ചുറ്റുമതിൽ നിർമ്മിക്കണമെന്നും അനുശാസിക്കുന്നു. കല്ലറകളിൽ മാത്രം ശവസംസ്‌ക്കാരം നടത്തുന്ന ശ്മശാനങ്ങളുടെ കാര്യത്തിൽ ദൂരപരിധി 50 മീറ്ററിൽ നിന്നും 25 മീറ്റർ ആയി 14. 6. 2012 ൽ സംസ്ഥാന സർക്കാർ കുറയ്ക്കുകയും ചെയ്തു.

മുസ്ലിം സമുദായം പഴയ കുഴികുത്തി ശവ സംസ്‌കാരം സമ്പ്രദായം നിലനിർത്തിയപ്പോൾ ക്രൈസ്തവ സമ്പ്രദായം കുഴികുത്തി ശവസംസ്‌കാരം നടത്തുന്നതിനെ കൂടുതൽ ശുചിത്വവൽക്കരീകരിക്കുന്നതിന്റെയും മലിനീകരണം ഒഴിവാക്കുന്നതിന്റെയും ഭാഗമായി ശവസംസ്‌കാരം നടത്താൻ നിലവിലുള്ള സെമിത്തേരികളിൽ കോൺക്രീറ്റ് കല്ലറകൾ നിർമ്മിച്ചു കൊണ്ടിരുന്നു. ആദ്യ ഘട്ടത്തിൽ കോൺക്രീറ്റ് കല്ലറകൾ പൊതു ശവസംസകാരത്തിനാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് വന്ന പാരമ്പര്യമനുസരിച്ച് കുടുംബ കല്ലറകൾ ഉയർന്നു വന്നു. കുടുംബ കല്ലറകൾ എന്നാൽ ഒരു കുടുംബത്തിലെ അംഗങ്ങളെ മാത്രം അടക്കാൻ പറ്റുന്ന സംവിധാനമെന്നർത്ഥം. ചിലപ്പോൾ അത്തരം കല്ലറകളിൽ ഒരു ശവസംസാകരം നടക്കുന്നത് 30 വർഷം മുതൽ 50 വർഷം വരെയുള്ള ഇടവേളകളിലാണ്.

കുടുംബ കല്ലറകൾ വ്യാപകമായതോടെ സെമിത്തേരികളിൽ കൂടുതൽ കല്ലറകൾ ആവശ്യമായി വന്നു. 1967 നും 1998 നും മുൻപു സ്ഥാപിതമായ നിരവധി ശ്മശാനങ്ങളിൽ കുഴികുത്തി ശവ സംസ്‌കാരത്തിനു പകരം കല്ലറകൾ നിർമ്മിച്ചു തുടങ്ങി. മിക്ക ക്രൈസ്തവ ശ്മശാനങ്ങളിലും ഇപ്പോൾ കുഴികുത്തി ശവ സംസ്‌കാരമില്ല. അതിനു പൊതു കല്ലറകൾ നിർമ്മിച്ചു. നിലവിലുണ്ടായിരുന്ന ശ്മശാനങ്ങളിൽ ഇങ്ങനെ കല്ലറകൾ നിർമ്മിക്കുന്നതിനെ ആരും തടസ്സപ്പെടുത്തിയിരുന്നില്ല. പൊതു ശ്മശാനങ്ങളിൽ പോലും രണ്ടു ശവ സംസ്‌കാരങ്ങൾ നടത്തുന്നതിനുള്ള ഇടവേള രണ്ടു മുതൽ 3 വർഷം വരെയായിരുന്നു. ഇത്രയും കാലം കല്ലറകൾ തുറക്കാതിരുന്നാൽ യാതൊരു അന്തരീക്ഷ ജല ഭൂമി മലിനീകരണവുമില്ലാതെ മൃതശരീരം അഴുകി തീരുമെന്നും കണക്കാക്കിയിരുന്നു.

അങ്ങനെയുള്ള സാഹചര്യത്തിൽ ശവസംസ്‌ക്കാരം പുതിയ രൂപത്തിലേക്ക് മാറിയ സാഹചര്യത്തിൽ മലിനീകരണവും കുറവാണെന്നാണ് വിലയിരുത്തൽ. എന്നിട്ടും വ്യവസായങ്ങളുടെ പട്ടകയിൽ ഇതിനെ ഉൾപ്പെടുത്തിയ സർക്കാർ നടപടിയാണ് ഏറെ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.