കൊച്ചി: ശ്രീശാന്തും ഉത്തപ്പയും ഇന്നലെ കേരളത്തിന് നൽകിയത് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. ഇതോടെ കേരളം വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലുമെത്തി. മികച്ച പ്രകടനമാണ് ആദ്യ ഘട്ടത്തിൽ കേരളം നടത്തിയത്. ആറു കളിയിൽ അഞ്ചിലും ജയിച്ചു. തോറ്റത് കരുത്തരായ കർണ്ണാടകയ്‌ക്കൊപ്പം മാത്രം. ഈ ഗ്രൂപ്പിൽ കേരളം തളരുമെന്ന കണക്കു കൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു അഞ്ചു മത്സരങ്ങളിലെ വിജയം. എന്നാൽ ഈ ജയത്തോടെ പ്രതിസന്ധിയിലാകുന്നത് കേരളാ ക്രിക്കറ്റ് അസോസിയേഷനാണ്.

കേരളത്തിലെ കളിക്കാരിൽ യാതൊരു വിശ്വാസവും ഇല്ലാത്തവരാണ് അസോസിയേഷൻ ഭാരവാഹികൾ എന്നതാണ് കേരളാ പ്രിയർലീഗ് ക്രിക്കറ്റിന്റെ സമയ ക്രമം വക്തമാക്കുന്നത്. വിജയ് ഹസാരയിൽ തോറ്റ് ടീം മാർച്ച് ഒന്നിന് തിരിച്ചെത്തുമെന്നായിരുന്നു കേരളത്തിലെ ക്രിക്കറ്റ് ദൈവങ്ങളുടെ കണക്കു കൂട്ടൽ. അതുകൊണ്ട് തന്നെ കേരളാ പ്രിയർ ലീഗ് ക്രിക്കറ്റിന്(കെസിഎ പ്രസിഡന്റ് കപ്പ്) സമയക്രമവും അതിന് അനുസരിച്ച് തയ്യാറാക്കി. കേരളാ ക്രിക്കറ്റിനെ കൈപിടിച്ച് വളർത്തുകയാണ് പ്രിമിയർ ലീഗിന്റെ ലക്ഷ്യം. മാർച്ച് ആറിന് തുടങ്ങി മാർച്ച് 23ന് തീരുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ്. വിജയ് ഹസാരയിൽ തോറ്റമ്പുന്ന ടീം മാർച്ച് ഒന്നിന് നാട്ടിലെത്തുമെന്ന് കരുതി തയ്യാറാക്കിയ ഫിക്‌സചർ.

വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്നലെ ബിഹാറിനെതിരെ മിന്നൽ ബാറ്റിങ്ങുമായി കേരളം കുറിച്ച ആവേശജയം വെറുതെയല്ല. ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ സാധ്യത സജീവമാക്കാൻ മികച്ച വിജയം അത്യാവശ്യമായിരുന്നതിനാലാണ് ടി10 സ്‌റ്റൈലിൽ കേരളം മിന്നൽ ബാറ്റിങ് പുറത്തെടുത്തത്. 40.2 ഓവറിൽ ബിഹാർ നേടിയ 148 റൺസ് വെറും 53 പന്തുകളിലാണ് കേരളം മറികടന്നത്. അതും ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ. 30 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത എസ്.ശ്രീശാന്താണു ബിഹാറിനെ തകർത്തത്. വേഗം ജയിച്ച് നെറ്റ് റൺറേറ്റ് ഉയർത്തുകയെന്ന ലക്ഷ്യവുമായി ക്രീസിലെത്തിയ കേരളത്തിനായി ഓപ്പണർമാരായ റോബിൻ ഉത്തപ്പയും (32 പന്തുകളിൽ പുറത്താകാതെ 87 റൺസ്) വിഷ്ണു വിനോദും (12 പന്തുകളിൽ 37) മിന്നൽ ബാറ്റിങ്ങാണു നടത്തിയത്. സഞ്ജു സാംസൺ 9 പന്തുകളിൽ 24 റൺസെടുത്തതോടെ 8.5 ഓവറിൽ കേരളം വിജയത്തിലെത്തി. ഇതോടെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പ്രതിസന്ധിയിലുമായി.

സഞ്ജു വി സാംസണും അസുറൂദ്ദീനും വിഷ്ണു വിനോദും റോബിൻ ഉത്തപ്പയും അടങ്ങുന്ന ബാറ്റിങ് കരുത്ത്. ശ്രീശാന്തിന്റെ ബൗളിങ്ങ് പരിചയം. ഇതൊന്നും ഇനിയും കേരളാ ക്രിക്കറ്റിലെ മേലധികാരികൾക്ക് മനസ്സിലായിട്ടില്ല. ഉത്തർപ്രദേശിനോടും കർണ്ണാകയോടും എതിരിടാനുള്ള കരുത്ത് കേരളാ ക്രിക്കറ്റിന് ഇല്ലെന്ന് അസോസിയേഷൻ മുൻവിധിയോടെ കണ്ടു. ശ്രീശാന്ത് അടക്കമുള്ള ബൗളർമാർ പരാജയമാകുമെന്ന് വിലയിരുത്തി. അങ്ങനെയായിരുന്നു കേരളാ ക്രിക്കറ്റ് അസോസിയേഷൻ, പ്രിമിയർ ലീഗിന് സമയം കണ്ടെത്തിയത്. കേരളത്തിലെ പ്രമുഖരെല്ലാം വിജയ് ഹസാരെ ടീമിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഈ താരങ്ങൾ ഇല്ലാതെ എന്ത് പ്രിമിയർലീഗ് എന്ന ചോദ്യമാണ് ഉയരുന്നത്.

കെസിഎ ടൈഗേഴ്‌സ്, കെസിഎ ടസ്‌കേഴ്‌സ്, കെസിഎ ലയൺസ്, കെസിഎ പാന്തേഴ്‌സ്, കെസിഎ റോയൽസ്, കെസിഎ ഈഗിൾസ് എന്നീ ടീമുകളാണ് ലീഗിൽ ഉള്ളത്. യഥാക്രമംസച്ചിൻ ബേബി, വത്സൽ ഗോവിന്ദ്, രാഹുൽ പി, അക്ഷയ് ചന്ദ്രൻ, സിജോ മോൻ ജോസഫ്, മുഹമ്മദ് അസറുദ്ദീൻ എന്നിവർ യഥാക്രമം ടീമുകളെ നയിക്കും. കെസിഎയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 84 താരങ്ങളെയാണ് 6 ടീമുകളാക്കി തിരിച്ചിരിക്കുന്നത്. ഒരു ടീമിൽ 14 പേർ വീതമാണ് ഉള്ളത്. അണ്ടർ-19 താരങ്ങളും ടീമുകളിൽ ഉണ്ട്. എന്നാൽ ടീമിലെ പ്രധാനികൾ എല്ലാം വിജയ് ഹസാരെ ട്രോഫിയിലെ താരങ്ങലാണ്. ടീം ക്യാപ്ടന്മാരായ സച്ചിൻ ബേബിയും വൽസൽ ഗോവിന്ദും അക്ഷയ് ചന്ദ്രനും മുഹമ്മദ് അസറുദ്ദീനും സിജോ മോൻ ജോസഫും വിജയ് ഹസാരെ ടീമിന്റെ ഭാഗമാണ്. ഇവർക്കൊന്നും നിലവിലെ സാഹചര്യത്തിൽ കേരളാ പ്രിമിയർ ലീഗിന്റെ ആദ്യ മത്സരം കളിക്കാനാകില്ല.

കെസിഎ ലയൺസും കെസിഎ ടൈഗേഴ്‌സുമായി ആറിന് ആദ്യ മത്സരം. അന്ന് റോയൽസും പാന്തേഴ്‌സും ഏറ്റുമുട്ടുന്നുമുണ്ട്. അടുത്ത ദിവസം മറ്റ് ടീമുകൾക്കും കളി. ഈ മത്സരങ്ങളിൽ ഒന്നും വിജയ് ഹസാരെ ടീം അംഗങ്ങൾക്ക് കളിക്കാനാകില്ല. പ്രമുഖ ഫാന്റസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവനുമായി സഹകരിച്ചാണ് ലീഗ് നടത്തുന്നത്. ആലപ്പുഴ എസ്ഡി കോളജിലെ കെസിഎ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. ഈ മത്സങ്ങൾക്ക് നിരവധി സ്‌പോൺസർമാരുമുണ്ട്. പ്രമുഖ താരങ്ങൾ പങ്കെടുക്കുമെന്ന ഉറപ്പിലാണ് ഇവർ സ്‌പോൺസർമാരാകുന്നത്. ശ്രീശാന്തിന്റെ സാന്നിധ്യവും ടൂർണ്ണമെന്റിന് മാറ്റ് കൂട്ടുന്നു.

എന്നാൽ കളിക്കാരിൽ വിശ്വാസമില്ലാത്ത കെസിഎയുടെ തീരുമാനം ഈ ടൂർണ്ണമെന്റിന്റെ താളം തെറ്റിച്ചു. വിജയ് ഹസാരയിൽ നോക്കൗട്ടിൽ കടന്ന കേരളത്തിന് ഇനിയും മത്സരങ്ങളുണ്ട്. ഇന്ന് വിജയ് ഹസാരയുടെ ലീഗ് മത്സരങ്ങൾ തീരും. അതിന് ശേഷം മാത്രമേ കേരളം പ്രി ക്വാർട്ടറിൽ കളിക്കണോ ക്വാർട്ടറിൽ കളിക്കണോ എന്ന് വ്യക്തമാകൂ. വിജയ് ഹസാരയിൽ കേരളം വിജയ വഴി തുടർന്നാണ് ഈ മാസം 14 വരെ മത്സങ്ങളുണ്ടാകും. അങ്ങനെ വന്നാൽ കേരളാ പ്രസിഡന്റ് കപ്പിലെ ആദ്യ പകുതിയിൽ വിരസതയാകും ഫലം. ഈ സാഹചര്യത്തിൽ ഈ ടൂർണ്ണമെന്റ് നീട്ടിവയ്ക്കുന്നത് പോലും പരിഗണനയിലുണ്ട്. കോവിഡു കാലത്ത് പലപ്പോഴും മാറ്റിയ ടൂർണ്ണമെന്റിനാണ് ഇപ്പോൾ ഈ ഗതി വരുന്നത്.

വിജയ് ഹസാരയിൽ കേരളം ഫൈനലിൽ എത്തുമെന്ന പ്രതീക്ഷയിൽ സമയക്രമം തയ്യാറാക്കിയിരുന്നുവെങ്കിൽ ഈ ടൂർണ്ണമെന്റിന് ഈ അവസ്ഥ വരില്ലായിരുന്നു. തോൽക്കാൻ ടീമിനെ അയച്ച കെസിഎയ്ക്ക് കളിക്കാർ പണി കൊടുത്തതാണ് ഈ ടൂർണ്ണമെന്റിന്റെ പ്രതിസന്ധിക്ക് കാരണമെന്നാണ് പൊതുവേയുള്ള ആക്ഷേപം. വിജയ് ഹസാരയിൽ അടുത്ത റൗണ്ട് കേരളം ഉറപ്പിച്ചിട്ടുണ്ട്. 5 എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്റിൽ ഇവർക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളും നേരിട്ടു ക്വാർട്ടറിലെത്തും. പോയിന്റിൽ മൂന്നാമതുള്ള ഏറ്റവും മികച്ച എലീറ്റ് ടീം, പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളുമായി എലിമിനേറ്റർ കളിച്ചു ക്വാർട്ടറിലെത്തും. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു. മികച്ച റൺറേറ്റുള്ള ഉത്തർപ്രദേശും ക്വാർട്ടറിലെത്തി. ഇനി 2 ടീമുകൾക്കാണ് എലീറ്റ് ഗ്രൂപ്പിൽനിന്നു സാധ്യത.

5 കളികളിൽ കേരളത്തിന് 16 പോയിന്റ്. നെറ്റ് റൺറേറ്റ്: 1.244. 5 കളികളിൽ ബറോഡയ്ക്ക് 16 പോയിന്റ്. റൺറേറ്റ്: 0.399. 4 കളികളിൽ ഡൽഹിക്ക് 12 പോയിന്റ്. റൺറേറ്റ്: .0473. ഇന്നു ഡൽഹി വൻ മാർജിനിൽ രാജസ്ഥാനെ തോൽപിച്ചാൽ അവർ കേരളത്തിനും ബറോഡയ്ക്കും മുന്നിലെത്തി നേരിട്ടു ക്വാർട്ടറിലേക്ക്. 8ാം സ്ഥാനക്കാരായി കേരളത്തിനു പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായി എലിമിനേറ്റർ കളിക്കാം. ഡൽഹി തോറ്റാൽ ബറോഡയ്ക്ക് അവസരം തെളിയും. ഏതായാലും കേരളം മുമ്പോട്ട് പോകുമെന്ന് വ്യക്തം.