കോട്ടയം : കേരള ഡയലോഗ് ടീമിന്റെ ആഭിമുഖ്യത്തിലുള്ള ജന സംവാദ പരിപാടിയായ കേരള ഡയലോഗ് കോട്ടയത്ത് നടന്ന യോഗത്തിൽ ജനങ്ങൾക്ക് മുൻപാകെ സമർപ്പിച്ചു. ജനങ്ങളെ വേദിയിലേക്ക് സംസാരിക്കുവാൻ ക്ഷണിച്ചു കൊണ്ടുള്ള പുതുമ നിറഞ്ഞ പരിപാടിയായ കേരള ഡയലോഗ് നഗരവാസികൾ ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്. നഗരം നിറഞ്ഞു നിന്ന വെളുത്ത പതാകകളുടെ അകമ്പടിയിൽ നടന്ന വിളംബര സഞ്ചലനം ശ്രദ്ധേയമായി. വിവിധ വിഷയങ്ങളിൽ വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.

കോട്ടയം പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് ഉച്ചകഴിഞ്ഞ് മൂന്നു മണി മുതലായിരുന്നു സംവാദ പരിപാടി. ടീം കേരള ഡയലോഗ് ഭാരവാഹികൾ കേരള ഡയലോഗിന്റെ സാഹചര്യം ജനങ്ങളോട് വിശദീകരിച്ചു. മാറ്റം മനസ്സിൽ നിന്നു തുടങ്ങണമെന്നതും, രാഷ്ട്രീയ മാറ്റമല്ല, എന്തിനുമേതിനും അവിശ്വാസം പുലർത്തുന്ന മലയാളിയുടെ മനസ്സിനെ മാറ്റുകയെന്നതുമാണ് കേരള ഡയലോഗിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ആമുഖപ്രഭാഷണം നടത്തിയ അഡ്വ. അനിൽ ഐക്കര പറഞ്ഞു. ഒരുമിച്ചു നീങ്ങിയാൽ എന്തും മാറ്റി മറിക്കാമെന്നതിനു തെളിവാണ് ന്യൂഡൽഹിയിലെ സർക്കാർ എന്നത് ശ്രദ്ധേയമാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും കേരള ഡയലോഗുകൾ സംഘടിപ്പിക്കുവാനും, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമിതികൾ രൂപീകരിക്കുവാനും ആണ് പദ്ധതി. പെട്ടെന്നുള്ള മാറ്റത്തിനു പരിശ്രമിച്ചു പരാജയപ്പെടാതെ ക്രമേണയുള്ള മാറ്റമാണ് കേരള ഡയലോഗ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

കേരള ഡയലോഗ് സംസ്ഥാന കൺ വീനർ എസ്.വെങ്കിടേശ്വരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹബീബ് എമ്മെൻ, ശ്രീരംഗനാഥൻ (ആറന്മുള), ബിനോയ് കൈതമറ്റം, (സി എസ് ഡി എസ് നേതാവ്) എം എസ് നൗഷാദ്,(പി ഡിപി) സുജാത ജോർജ്ജ്, അഡ്വ. എം എസ് ആകാശ്, പ്രിൻസ് കിഷോർ, ജോസഫ് പഴയകടവിൽ, അഡ്വ. കെ ഉബൈ ദത്ത്, കെ എസ് പത്മകുമാർ, അഡ്വ. എം കെ അബ്ദുള്ള, കെ ഇ അലിയാർ, ഡോ. ടി സുഗതൻ, സുനിൽ ജോർജ്ജ്, പി എൻ കൃഷ്ണൻ കുട്ടി, വി ആർ ഹരികുമാർ, പി കെ സഹദേവൻ, തുടങ്ങിയവർ ആശംസകളർപ്പിച്ചു.