- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയ്ക്ക് മുകളിൽ കടം പെരുകിയിട്ടും വീണ്ടും കടമെടുക്കാൻ കേരളം; കേരളത്തിന് 2373 കോടി രൂപ അധികവായ്പ എടുക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ; കേന്ദ്രാനുമതി ബിസിനസ് സൗഹൃദ പരിഷ്കാരം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയിൽ; സംസ്ഥാനത്തിന്റെ പൊതു കടം മൂന്ന് ലക്ഷം കോടിയുടെ മുകളിൽ
ന്യൂഡൽഹി: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ കടമെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൗണും കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക നില പാടെ തകർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. നികുതി-നികുതിയേതര വരുമാനങ്ങൾ കുത്തനെ ഇടിയുകയും വരുമാനം വലിയ തോതിൽ ഇല്ലാതാവുകയും ചെയ്തതാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ രേഖാമൂലം അറിയിച്ച കണക്കുകൾ വിശദീകരിക്കുന്നു.
മൂല്യ വർദ്ധനവിൽ ഒന്നാം പാദത്തിലെ പ്രതീക്ഷിത നഷ്ടം 80000 കോടി രൂപയാണ്. തനത് നികുതി വരുമാനത്തിൽ 23.04 ശതമാനം ഇടിവുണ്ടായി. നികുതിയേതര വരുമാനത്തിൽ 65.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര നികുതി വിഹിതത്തിൽ 38.49 ശതമാനം ഇടിവും സംഭവിച്ചു. 213 ദശലക്ഷം തൊഴിൽ ദിനങ്ങൾ നഷ്ടമായതും വരുമാനം ഇടിയാൻ കാരണമായി. മൊത്തം വേതന വരുമാന നഷ്ടം 12976 കോടിയായി ഉയർന്നു. പ്രവാസി നിക്ഷേപത്തിൽ 2020 ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം 2399 കോടി കുറവുണ്ടായെന്നും ധനമന്ത്രി രേഖാ മൂലം സഭയെ അറിയിച്ചു.
കേന്ദ്ര ധനവിനിയോഗ വകുപ്പ് നിർദേശിച്ച ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് പൊതുവിപണിയിൽനിന്ന് 2373 കോടി രൂപയുടെ അധികവായ്പയെടുക്കാൻ കേന്ദ്രം കേരളത്തിന് അനുമതി നൽകിയതാണ് കേന്ദ്രസർക്കാറിന് ആശ്വാസമായി മാറുന്നത്. ഈ പരിഷ്കാരങ്ങൾ നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് കേരളം. ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നിവയാണ് മറ്റുള്ളവ.
ജില്ലാതല ബിസിനസ് പരിഷ്കരണ കർമ പദ്ധതി, വിവിധ നിയമങ്ങൾപ്രകാരം ലഭിച്ച ലൈസൻസുകളും അനുമതിരേഖകളും പുതുക്കുന്നത് ഒഴിവാക്കൽ, സ്ഥാപനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട സമ്പ്രദായത്തിൽ സമൂലമാറ്റം തുടങ്ങിയവയാണ് ഈ രംഗത്ത് നടപ്പാക്കിയത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകൊല്ലം മേയിലാണ് സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ രണ്ടുശതമാനം അധികവായ്പ എടുക്കാനുള്ള നിർദ്ദേശം കേന്ദ്രം അംഗീകരിച്ചത്. ഒരുരാജ്യം ഒരു റേഷൻ കാർഡ്, ബിസിനസ് സൗഹൃദ പരിഷ്കരണങ്ങൾ, തദ്ദേശസ്ഥാപന പരിഷ്കരണം, വൈദ്യുതി മേഖലയിലെ പരിഷ്കരണം എന്നിവ നടപ്പാക്കണമെന്നായിരുന്നു ഉപാധി.
തുടർച്ചയായെത്തിയ 2 പ്രളയങ്ങളും ജിഎസ്ടി നടപ്പാക്കിയതും നോട്ടുനിരോധനവും കോവിഡ് വ്യാപനവുമൊക്കെയായി പലവിധത്തിലുള്ള കടമെടുപ്പാണ് സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളത്. 25 വർഷം കൊണ്ട് 3 ലക്ഷം കോടിയോളം രൂപയ്ക്കു കടക്കാരായി കേരളീയർ മാറിയിട്ടുണ്ട്. കിഫ്ബിയിലേക്കുള്ള കടമെടുപ്പു കൂടിയാകുമ്പോൾ സംസ്ഥാനം വൻ കടക്കെണിയിലേക്കാണ് പോപുകന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റ് പ്രകാരം സർക്കാരിന്റെ ആകെ വരുമാനം ഒന്നേകാൽ ലക്ഷം കോടി രൂപയാണ്. ചെലവും ഒന്നേകാൽ ലക്ഷം കോടി തന്നെ. വരുമാനമായി കിട്ടുന്ന ഒന്നേകാൽ ലക്ഷം കോടിയിൽനിന്ന് ഒരു ലക്ഷം കോടിയിലേറെ രൂപയാണ് ശമ്പളവും പെൻഷനും വിതരണം ചെയ്യാനും മറ്റു ദൈനംദിന ആവശ്യങ്ങൾക്കുമായി സർക്കാർ ചെലവിടുന്നത്.
ബാക്കി 25,000 കോടി കൊണ്ടുവേണം ബജറ്റിൽ പ്രഖ്യാപിച്ച പാലങ്ങളും റോഡുകളുമൊക്കെ നിർമ്മിക്കാൻ. എന്നാൽ, സാമ്പത്തികവർഷം പകുതി പിന്നിടുമ്പോഴേക്കും സർക്കാർ കടുത്ത ധനപ്രതിസന്ധി നേരിട്ടു തുടങ്ങും. എന്നുവച്ച് ദൈനംദിന ചെലവുകൾ ഒഴിവാക്കാൻ കഴിയില്ലല്ലോ. ഒടുവിൽ വികസനപദ്ധതികൾ പലതും വെട്ടിച്ചുരുക്കും. അങ്ങനെ 25,000 കോടിയുടെ വികസനമെന്ന സ്വപ്നം 15,000 കോടി വരെയായി കുറയാം. വൻകിട പദ്ധതികളൊന്നും നടപ്പാക്കാൻ ഇതുകാരണം കഴിയാത്ത അവസ്ഥയാണുള്ളത്.
പിരിക്കുന്ന നികുതിക്കും ഫീസുകൾക്കും പുറമേ, പണം കണ്ടെത്താനുള്ള മുഖ്യ വഴിയാണ് കടമെടുപ്പ്. ഒരുവർഷം കടമെടുക്കാവുന്ന തുകയ്ക്കു കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ തോന്നുംപടി കടമെടുക്കാൻ കഴിയുകയുമില്ല. അങ്ങനെ വികസനപദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കിഫ്ബിയുമായി സർക്കാർ അവതരിച്ചത്. കിഫ്ബിക്കു കടമെടുക്കുന്നതിനു പരിധിയില്ല. ബോണ്ടുകളിറക്കിയും വായ്പയെടുത്തും കിഫ്ബി പണം സമാഹരിച്ചു സർക്കാർ പദ്ധതികൾ നടപ്പാക്കും. 5 വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. പദ്ധതികൾ കൂടിയതോടെ ഇപ്പോൾ 60,000 കോടി രൂപയുടേതായി.
കഴിഞ്ഞ കാൽനൂറ്റാണ്ടു കൊണ്ട് കേരളത്തിന്റെ കടബാധ്യത 12 മടങ്ങു വർധിച്ചു. നായനാർ സർക്കാർ അധികാരമൊഴിയുമ്പോൾ 25,754 കോടിയായിരുന്ന പൊതു കടം ഇപ്പോൾ 3 ലക്ഷം കോടിയിലേറെയായി. കിഫ്ബി ഇനി നടത്താനിരിക്കുന്ന കടമെടുപ്പു കൂടിയാകുമ്പോൾ ബാധ്യത വീണ്ടും ഉയരും.
മറുനാടന് മലയാളി ബ്യൂറോ