തിരുവനന്തപുരം: കടം വാങ്ങി മുന്നോട്ടു പോകുന്ന കേരള സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധികളെയാണ് നേരിടുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ ഇറങ്ങുമ്പോൾ ഉണ്ടായരുന്നതിനേക്കാൾ ഇരട്ടിയായാണ് കടം വർധിച്ചിരിക്കുന്നത്. എന്നിട്ടും കെ റെയിലിന്റെ പേരിൽ ഇനിയും കടമെടുക്കാനാണ് സർക്കാറിന്റെ നീക്കം. സംസ്ഥാനത്തിന്റെ കടം മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3,32,291 കോടി രൂപയാണെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. അതേസമയം, കടത്തിന്റെ തോത് ഉയരുന്നത് കുറഞ്ഞിട്ടുണ്ടുമാണ് സർക്ാർ വാദിക്കുന്നത്.

100 ശതമാനത്തിലധികമായിരുന്ന കടത്തിന്റെ വളർച്ച 2020-'21 വർഷം 88.66 ശതമാനമായി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രിക്കുവേണ്ടി സഭയിൽ മറുപടിനൽകിയ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കടവും ധനക്കമ്മിയും ഉയരാൻ പലകാരണങ്ങളുണ്ട്. കോവിഡിനെത്തുടർന്ന് ആഭ്യന്തര ഉത്പാദനം കുറഞ്ഞത്, കടമെടുപ്പ് പരിധി ഉയർത്തിയത്, കേന്ദ്രനികുതിവിഹിതം 2.5 ശതമാനത്തിൽനിന്ന് 1.93 ശതമാനമായി കുറച്ചത്, സംസ്ഥാനത്തിന്റെ തനതുവരുമാനത്തിലുള്ള കുറവ്, ആരോഗ്യ-ക്ഷേമ മേഖലയിലെ അധികച്ചെലവ്, ശമ്പള-പെൻഷൻ പരിഷ്‌കരണം തുടങ്ങിയവയെല്ലാം ഇതിനുകാരണമായി.

കടബാധ്യതയെക്കുറിച്ച് സർക്കാരിന് ആശങ്കയില്ല. ആഭ്യന്തര ഉത്പാദനം കൂട്ടാനാണ് സർക്കാർ ശ്രമിച്ചത്. ഇതിനുള്ള ചെലവിൽ കുറവുവരുത്തിയിട്ടില്ല. അതിനാൽ, ഭാവിയിൽ ആഭ്യന്തരവരുമാനം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഘട്ടമായതിനാൽ കെ-റെയിൽ പോലുള്ള പദ്ധതികൾ ഉപേക്ഷിക്കാൻ തയ്യാറാകുമോയെന്ന പി.സി. വിഷ്ണുനാഥിന്റെ ചോദ്യത്തിന്, സംസ്ഥാനത്തിന് ആവശ്യമുള്ള ഒരുവികസനപദ്ധതിയിൽനിന്നും പിന്മാറില്ലെന്നായിരുന്നു മറുപടി.

നികുതിക്കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടി ശക്തമാക്കും. നികുതിവരുമാനം കുറയുന്ന സാഹചര്യത്തിൽ ജി.എസ്.ടി. നഷ്ടപരിഹാരം തുടരാൻ കേന്ദ്രസർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുവരുകയാണെന്നും മന്ത്രി പറഞ്ഞു.

കെ റെയിലിൽ കടുംപിടുത്തുവുമായി സർക്കാർ മുന്നോട്ടു പോകാൽ സംസ്ഥാനത്തിന്റെ അതിനായി മാത്രം ഒരു ലക്ഷം കോടിയിൽ അധികം കടമെടുക്കേണ്ടി വരും. കടമെടുപ്പിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന തുക കുറയുന്നു എന്ന വിമർശനം കേൾക്കുമ്പോഴാണ് മറ്റൊരു വൻ ബാധ്യതയിലേക്ക് കേരളം പോകുന്നത്.

കേരളത്തിലെ ജനസംഘ്യ മൂന്നേകാൽ കോടി. കേരളത്തിന്റെ പൊതുകടം ഇപ്പോൾ മൂന്ന് ലക്ഷം തൊടുന്നു. ആളോഹരി കടം 90,000രൂപ. നികുതി വരുമാനത്തിൽ വൻ നഷ്ടം നേരിട്ടപ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കടബാധ്യതയാണ് ഈ സാമ്പത്തിക വർഷം കേരളം വരുത്തി വച്ചത്.

കെ റെയിലിൽ സംസ്ഥാന സർക്കാർ 33,700 കോടി വിദേശ വായ്പ എടുക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി കാക്കുന്നത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നും കടപത്രമിറക്കി 20,000 കോടിയിലേറെ വായ്പയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ കെ റെയിൽ ചെലവ് ഉയരുമെന്ന നീതി ആയോഗ് കണക്ക് നോക്കിയാൽ ചെലവ് ഒന്നേകാൽ ലക്ഷം കോടി പിന്നിടും അങ്ങനെയെങ്കിൽ ഒരു ലക്ഷം കോടിയിലേറെ കടമെടുക്കാതെ പദ്ധതി സാധ്യമാകില്ല. ഇതു കൂടിയാകുമ്പോൾ ആളോഹരി കടം 90,000രൂപയിൽ നിന്നും 1,20,000 രൂപയാകും.

പദ്ധതി ലാഭമെന്നും വരുത്താൻ ഡിപിആറിലെ കണക്കിലെ കള്ളകളികളിൽ ആക്ഷേപങ്ങളുയർന്നിരുന്നു. പ്രാഥമിക രേഖയിൽ ദിവസ യാത്രക്കാർ 45,000ആയിരുന്നെങ്കിൽ അന്തിമ രേഖയിൽ ഇത് 82,266 യാത്രക്കാർ ആയി. പൊങ്ങച്ച പദ്ധതികൾ ഒരു രാജ്യത്തെ തന്നെ കടക്കെണിയിൽ കുരുക്കിയതാണ് ശ്രീലങ്കൻ അനുഭവം. ഇത് ഉയർത്തിയാണ് കെ റെയിൽ കടമെടുപ്പ് അപകടകരമാകുമെന്ന വിമർശനമുയരുന്നത്. കെ റെയിൽ ലാഭകരമായില്ലെങ്കിൽ കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിലടക്കം ഇടിവുണ്ടാക്കും. ഇത് ഭാവിയിൽ കടമെടുപ്പിന് വലിയ പലിശ നൽകാൻ സംസ്ഥാനത്തെ നിർബന്ധിതരാക്കും.

അടിസ്ഥാന സൗകര്യ വികസനത്തിന് അടക്കം എടുക്കുന്ന കടം പോലും ശമ്പളവും പെൻഷനും നൽകാൻ ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. വികസന പദ്ധതികൾക്കായി കിഫ്ബി വഴി വരുത്തിവയ്ക്കുന്നത് കോടികളുടെ ബാധ്യത വേറെ. ഇതിനിടയിലാണ് കെ റെയിൽ കൂടി കടക്കണക്ക് ഉയർത്തുന്നത്.