- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ; നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ പൊലീസ് കേസെടുക്കും; ഞായറാഴ്ച്ച ഏഴു മണി വരെ പ്രചരണം ആകാമെന്നും കമ്മീഷൻ; കലാശക്കൊട്ടിന് പകരം വീടുകൾ കയറിയുള്ള പ്രചാരണത്തിലേക്ക് നീങ്ങാൻ രാഷ്ട്രീയ പാർട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തിയത്. ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ പൊലീസ് കേസെടുക്കും. കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം. കൊട്ടിക്കലാശം നടക്കുന്ന ഞായറാഴ്ച്ച ഏഴു മണി വരെ പ്രചരണം നടത്താൻ അനുമതി കൊടുത്തിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ കലാശക്കൊട്ടിന് പകരം വീടുകൾ കയറിയുള്ള പ്രചാരണം അടക്കമുള്ളവയിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് നീങ്ങേണ്ടിവരും.
നേരത്തെ താൻ കൊട്ടിക്കലാശത്തിന് ഇല്ലെന്ന് പാലാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രതികരിച്ചിരുന്നു. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചെലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചതായമായിരുന്നു കാപ്പൻ വ്യക്തമാക്കിയത്.
അതേസമയം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് കേരളത്തിൽ എത്താനിരുന്ന പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനാൽ കലാശക്കൊട്ടിന് എത്താൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. നാലാം തീയ്യതി പ്രിയങ്ക ഗാന്ധി കേരളത്തിൽ വിവിധ ഇടങ്ങളിൽ പ്രചരണത്തിന് എത്തേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ ക്ഷമചോദിച്ചും ആശംസ നേർന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.
അതേസമയം ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം നാളെ രാഹുൽ ഗാന്ധി പ്രചരണത്തിന് എത്തുമെന്ന് അറിയിച്ചുണ്ട്. ഷഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് കോൺഗ്രസിന്റെ താരപ്രചാരകർ. പരസ്യപ്രചരണം അവസാനിക്കാനിരിക്കേ പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത പിന്മാറ്റം കോൺഗ്രസിന് ക്ഷീണമാകും. വയനാട് മണ്ഡലത്തിൽ അടക്കം പ്രിയങ്ക ഗാന്ധിയുടെ റോഡ്ഷോ അടക്കം കോൺഗ്രസ് പ്രവർത്തകർ പ്ലാൻ ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ