തിരുവനന്തപുരം: ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കേരളം വിധിയെഴുത്തിനൊരുങ്ങി. ഇനി മണിക്കൂറുകൾ മാത്രമാണ് പോളിങ് ബൂത്തുകളിൽ ആദ്യ വോട്ട് രേഖപ്പെടുത്താൻ അവശേഷിക്കുന്നത്. നാളെ രാവിലെ ഏഴ് മണി മുതൽ വോട്ടിങ് തുടങ്ങും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇകെ മാജി അറിയിച്ചു.

സംസ്ഥാനത്തെ പ്രശ്‌ന ബാധിത ബൂത്തുകളിൽ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. 140 മണ്ഡലങ്ങളിലെയും പോളിങ് ബൂത്തുകളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെയും ഫോമുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം ഉച്ച യോടെയാണ് അവസാനിച്ചത്. എന്നാൽ ചിലയിടങ്ങളിൽ പോളിങ്ങ് സാമഗ്രികളുടെ വിതരണം വൈകിയതായി ആരോപണമുണ്ട്.

140 മണ്ഡലങ്ങളിലായി 1203 സ്ഥാനാർത്ഥികളാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താനായി നിശ്ചിത ബൂത്തുകളിൽ കേന്ദ്രസേനയും തിരഞ്ഞെടുപ്പ് നിരീക്ഷകരുമുണ്ടാക്കും. എല്ലാ ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിങ് സംവിധാനമൊരുക്കും. അയൽജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകരെ കണ്ണൂരിൽ നിയമിക്കും. സംസ്ഥാനതലത്തിൽ 52,000ത്തോളം വരുന്ന പൊലീസുദ്യോഗസ്ഥർക്ക് പുറമേ ദ്രുതകർമ്മസേനയും ഹോം ഗാർഡും തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ രംഗത്തുണ്ടാവും.

വോട്ടെടുപ്പിനായി സംസ്ഥാനത്തൊട്ടാകെ 21498 ബൂത്തുകളും 148 അനുബന്ധ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് വിതരണകേന്ദ്രങ്ങളിലൊരുക്കിയ വൈഫൈ സംവിധാനം വഴി ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ഈ ആപ്ലിക്കേഷൻ വഴി പോളിങ് വിവരങ്ങൾക്ക് അപ്പപ്പോൾ തന്നെ ബൂത്തിൽ നിന്ന് രേഖപ്പെടുത്താം. ഇതുവഴി കൃത്യമായ പോളിങ് ശതമാനം രണ്ട് മണിക്കൂറിൽ അറിയുവാൻ സാധിക്കും.

നാളെ വോട്ടിങ് കഴിഞ്ഞ് 19നുള്ള വോട്ടെണ്ണലിനായി 80 കൗണ്ടിങ് സെന്റെറുകളാണ് സംസ്ഥാനത്തൊട്ടാകെ സജ്ജീകരിച്ചിട്ടുള്ളത്. മുൻവർഷങ്ങളിലേത് പോലെ ഈ വർഷവും ട്രൻഡ് വെബ്‌സൈറ്റിലൂടെ തിരഞ്ഞെടുപ്പ് ഫലം അപ്പപ്പോൾ അറിയുവാൻ സാധിക്കും. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇത്തവണ സാക്ഷിയാകുന്നത്. യുഡിഎഫിനും എൽഡിഎഫിനും ഒപ്പം ബിജെപിക്കും ബിഡിജെഎസിനും നിലനിൽപ്പിനുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പ്. മാറിമാറി വന്ന തെരഞ്ഞെടുപ്പ് വിഷയങ്ങൾ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കിയിട്ടുണ്ട്.

വോട്ടെടുപ്പിന് മുന്നോടിയായി കൂട്ടിയും കിഴിച്ചും വിജയം നേടാനുള്ള പ്രയത്‌നത്തിലാണ് മുന്നണികൾ . മലബാറും തെക്കൻ കേരളവും തൂത്തുവാരുമെന്നാണ് എൽഡിഎഫിന്റെ പ്രത്യക്ഷ പ്രതീക്ഷ. മധ്യകേരളം കൈവിടില്ലെന്ന പ്രതീക്ഷയിൽ യുഡിഎഫും കൃത്യമായ മേൽവിലാസം ഉണ്ടാക്കി അക്കൗണ്ട് തുറക്കുമെന്നും ബിജെപിയും പ്രതീക്ഷിക്കുന്നു.

കൊട്ടിക്കലാശം ശാന്തമായി അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പുകഴിയും വരെയും കനത്ത ജാഗ്രതയിലാണ് ജില്ലകൾ. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകൾ ഉള്ളത് കണ്ണൂരാണ്. പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം തിരുവല്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്താതിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്യാൻ ആർ.ഡി.ഒ ഉത്തരവിട്ടതിനെ തുടർന്ന് ഒരാൾ ഡ്യൂട്ടിക്ക് ഹാജരായി. മറ്റൊരാൾ ആശുപത്രിയിലാണെന്ന് കണ്ടെത്തി. ഒരു ഉദ്യോഗസ്ഥനെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല ഇയാൾ വ്യാജവിലാസമാണ് നൽകിയിരിക്കുന്നത്. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.