- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിധിയെഴുത്തു കഴിഞ്ഞു; കാത്തിരിക്കാം മൂന്നുനാൾ കൂടി; വോട്ടു രേഖപ്പെടുത്തിയത് 71.7 ശതമാനം പേരെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ; വോട്ടെടുപ്പു സമാധാനപരം; ഏറ്റവും ഉയർന്ന പോളിങ് കണ്ണൂർ; കുറവ് പത്തനംതിട്ടയിൽ; അവകാശവാദങ്ങളുമായി മുന്നണികൾ
തിരുവനന്തപുരം: പതിനാലാം നിയമസഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ പോളിങ് ബൂത്തിൽ എത്തിയത് 71.7 ശതമാനം വോട്ടർമാരെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിങ് വൈകിട്ട് ആറുമണിക്ക് അവസാനിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാവിലെ മുതൽ പെയ്യുന്ന മഴയെ അവഗണിച്ച് മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും വടക്കൻ കേരളമാണ് പോളിംഗിൽ മുന്നിലെത്തിയത്. ആറുമണിക്ക് പോളിങ് ബൂത്തിലെ ക്യൂവിലെത്തിയവർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. ഗ്രാമ - നഗര വ്യത്യാസമില്ലാതെ വലിയ ക്യൂവാണ് അവസാന മണിക്കൂറിലും ബൂത്തുകൾക്കു മുന്നിൽ ദൃശ്യമായത്. സംസ്ഥാനത്തെ 10 ജില്ലകളിൽ 70 ശതമാനത്തിനു മേൽ പോളിങ് രേഖപ്പെടുത്തി. വടക്കൻ ജില്ലകളിൽ തുടക്കത്തിൽ കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇതുവരെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയതു കണ്ണൂരാണ്. പത്തനംതിട്ട ജില്ലയിലാണ് കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ, പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: പതിനാലാം നിയമസഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ പോളിങ് ബൂത്തിൽ എത്തിയത് 71.7 ശതമാനം വോട്ടർമാരെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിങ് വൈകിട്ട് ആറുമണിക്ക് അവസാനിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാവിലെ മുതൽ പെയ്യുന്ന മഴയെ അവഗണിച്ച് മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും വടക്കൻ കേരളമാണ് പോളിംഗിൽ മുന്നിലെത്തിയത്.
ആറുമണിക്ക് പോളിങ് ബൂത്തിലെ ക്യൂവിലെത്തിയവർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. ഗ്രാമ - നഗര വ്യത്യാസമില്ലാതെ വലിയ ക്യൂവാണ് അവസാന മണിക്കൂറിലും ബൂത്തുകൾക്കു മുന്നിൽ ദൃശ്യമായത്.
സംസ്ഥാനത്തെ 10 ജില്ലകളിൽ 70 ശതമാനത്തിനു മേൽ പോളിങ് രേഖപ്പെടുത്തി. വടക്കൻ ജില്ലകളിൽ തുടക്കത്തിൽ കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇതുവരെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയതു കണ്ണൂരാണ്. പത്തനംതിട്ട ജില്ലയിലാണ് കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ, പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, വി എസ്. അച്യുതാനന്ദൻ, എ.കെ. ആന്റണി തുടങ്ങിയ പ്രമുഖർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. പോളിങ്ങിനിടെ ചിലേടത്ത് യന്ത്രങ്ങൾ പണിമുടക്കിയെങ്കിലും തകരാറുകൾ പരിഹരിച്ച് വോട്ടെടുപ്പു പൂർത്തിയാക്കി.
എല്ലാവരും വോട്ട് ചെയ്യണമെന്നും, ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടർമാരോട് അഭ്യർത്ഥിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഗവർണർ കേരളത്തിൽ വോട്ട് ചെയ്തു എന്ന പ്രത്യേകതയ്ക്കും ഇന്നത്തെ വോട്ടെടുപ്പ് സാക്ഷിയായി. ഗവർണ്ണർ പി സദാശിവം തിരുവനന്തപുരത്ത് വട്ടിയൂർക്കാവു മണ്ഡലത്തിലാണു വോട്ട് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ വോട്ട് രാജ്ഭവൻ വിലാസത്തിലേക്ക് മാറ്റിയാണ് അദ്ദേഹം വോട്ട് ചെയ്തത്. എല്ലാവരും വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പാണ് താൻ സ്വപ്നം കാണുന്നതെന്ന് ഗവർണ്ണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽഡിഎഫ് അധികാരത്തിൽ വരുമെന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സംസ്ഥാനത്ത് ഇടത് തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. രാവിലെ മലമ്പുഴ മണ്ഡലത്തിൽ പോയിരുന്ന വി എസ് ഉച്ചയ്ക്ക് ശേഷമാണ് ആലപ്പുഴയിലെത്തി വോട്ട് ചെയ്തത്. അഴിമതിക്കെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയ വഴിത്തിരിവിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു.
ഒറ്റപ്പെട്ട ചില തർക്കങ്ങൾ ഒഴിച്ചു നിർത്തിയാൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമാണ്. റാന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി രാജു ഏബ്രഹാമിനെതിരെ വ്യാജ നോട്ടിസ് വിതരണം ചെയ്ത മൂന്നു ബിഡിജെഎസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ കൂത്തുപറമ്പിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂലിൽ തിരച്ചറിയൽ കാർഡ് ഇല്ലാതെ വോട്ട് ചെയ്യാൻ എത്തിയ ആളെ റിട്ടേണിങ് ഓഫിസർ തടഞ്ഞു. ഇതേച്ചൊല്ലി തർക്കമുണ്ടായി. മുഹമ്മ കായിപ്പുറത്ത് സിപിഐ(എം) - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.12 ശതമാനം പേരാണ് വോട്ടു ചെയ്തിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 77 ശതമാനത്തിലേറെപ്പേരാണ് വോട്ടു ചെയ്തത്. വൈകിട്ട് ആറു മണിയോടെ വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചപ്പോഴും നിരവധിപ്പേർ വിവിധ ബൂത്തുകളിൽ വോട്ടുചെയ്യാൻ ഊഴംകാത്ത് നിന്നിരുന്നു. ആറു മണിക്ക് മുൻപായി വരിയിൽ ഇടം നേടിയവർക്ക് ടോക്കൺ നൽകിയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. പലയിടങ്ങളിലും നിശ്ചിത സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം വോട്ടെടുപ്പു നീണ്ടു.
വിവിധ ജില്ലകളിലെ വോട്ടിങ് ശതമാനം ഇങ്ങനെ
തിരുവനന്തപുരം: 67.83
കൊല്ലം: 69.59
പത്തനംതിട്ട: 61.95
ആലപ്പുഴ: 74.54
കോട്ടയം: 71.98
ഇടുക്കി: 72.18
എറണാകുളം: 72.33
തൃശൂർ: 72.52
പാലക്കാട്: 76.5
മലപ്പുറം: 68.51
കോഴിക്കോട്: 73.76
വയനാട്: 70.42
കണ്ണൂർ: 78.49
കാസർഗോഡ്: 71.80
മധ്യകേരളത്തിൽ മഴ പോളിംഗിന് ഭീഷണിയാകുന്നുണ്ട്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഴ ഭീഷണി ഉയർത്തുന്നത്. എന്നാൽ തീരദേശ മേഖലയിൽ കാലാവസ്ഥ ഒരു ഭീഷണിയും ഉയർത്തുന്നില്ല. തിരുവനന്തപുരത്ത് പോളിങ് ശതമാനം കൂടുമെന്ന സൂചനയാണ് ലഭിക്കുന്നത്. ത്രികോണ മത്സര ചൂടാണ് ഇതിന് കാരണം.
തിരുവനന്തപുരത്ത് രാവിലെ കനത്ത മഴ പെയ്‌തെങ്കിലും പിന്നീട് മാനം തെളിഞ്ഞിരുന്നു. അതേസമയം മദ്ധ്യകേരളത്തിൽ രാവിലെ പെയ്ത കനത്തമഴയ്ക്ക് പിന്നാലെ മേഘാവൃതമായ അവസ്ഥയിലാണ് അന്തരീക്ഷം. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ മഴ പോളിംഗിനെ ബാധിക്കുന്നുണ്ട്.
വോട്ടെടുപ്പിനിടെ നാലുപേർ കുഴഞ്ഞു വീണു മരിച്ചു
വോട്ടെടുപ്പിനിടെ സംസ്ഥാനത്തു നാലു പേർ കുഴഞ്ഞു വീണു മരിച്ചു.കോഴിക്കോട് പേരാമ്പ്ര സികെജി പോളിങ് ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ മുസ്തഫ ഹാജി (70 ), പൊന്നാനി ഈശ്വരമംഗലം സ്വദേശി വേലായുധൻ (58), ഇടുക്കി അമ്പലമേട് സ്വദേശി രാമകൃഷ്ണൻ (50), വോട്ട് ചെയ്ത് മടങ്ങിയ പാനൂർ സ്വദേശി ബാലൻ എന്നിവരാണു കുഴഞ്ഞുവീണു മരിച്ചത്.
യുഡിഎഫ് കൊടികൾക്കൊപ്പം ദേശീയപതാക കെട്ടിയെന്നു പരാതി
പാലായിലെ യു.ഡി.എഫ് ബൂത്തിൽ യു.ഡി.എഫ് കൊടികൾക്കൊപ്പം ദേശീയപതാക കെട്ടിയെന്നു പരാതി ഉയർന്നു. പാലായിലെ തൊണ്ണൂറ്റിയൊൻപതാം നമ്പർ ബൂത്തായ മുത്തോലി പാളയം സ്‌കൂളിനു സമീപമുള്ള യു.ഡി.എഫിന്റെ ബൂത്തിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധവുമായി എതിർകക്ഷികൾ രംഗത്തെത്തി.
വോട്ടിങ് യന്ത്രത്തിലെ തകരാർ: കാട്ടാക്കടയിൽ പോളിങ് നിർത്തിവച്ചു
ചിലയിടങ്ങളിൽ വോട്ടിങ്ങ് യന്ത്രത്തിലെ തകരാറുമൂലം പോളിങ് തുടങ്ങാൻ വൈകി.കാട്ടാക്കടയിലെ ബൂത്ത് നമ്പർ 138ൽ വോട്ടെടുപ്പ് നിർത്തിവച്ചു. വോട്ടിങ് മെഷീൻ തകരാറാണ് കാരണം. ട്രാൻസ്‌ഫോമർ തകരാർമൂലം വൈദ്യുതി നിലച്ചതിനാൽ ആലുവ നഗരത്തിലെ ബൂത്തുകളിൽ മെഴുകുതിരിവെട്ടത്തിലും വോട്ടിങ് നടന്നു.
ഉടുമ്പൻചോലയിൽ കള്ളവോട്ടെന്നു യുഡിഎഫ്
ഇടത്, വലത്, എൻ.ഡി.എ മുന്നണികൾക്കൊപ്പം എ.ഐ.എ.ഡി.എം.കെയും മത്സരരംഗത്തുള്ള ഉടുമ്പഞ്ചോലയിൽ കള്ളവോട്ട് നടക്കുന്നതായി യു.ഡി.എഫിന്റെ പരാതി. ബോഡിമേട്ട് ചെക്ക്പോസ്റ്റ് വഴി തമിഴ്‌നാട്ടിൽ നിന്ന് ആളുകളെ ഉടുമ്പൻചോലയിൽ എത്തിച്ച് വോട്ട് ചെയ്യിക്കുന്നതായാണ് യു.ഡി.എഫിന്റെ ആരോപണം. ഉടുമ്പൻചോല, പീരുമേട്, ദേവികുളം മേഖലയിൽ തേയില തോട്ടങ്ങളിലെ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികൾ ഇരട്ടവോട്ട് ചെയ്യുന്നത് പതിവാണെന്നാണ് ആരോപണം.