- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പൻ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി കേരളത്തിൽ അധികാരത്തിലേക്ക്; എൽഡിഎഫ് വിജയം ഉറപ്പിച്ചതു 91 സീറ്റുകളോടെ; യുഡിഎഫ് 47ൽ ഒതുങ്ങി; ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി കേരള നിയമസഭയിലേക്ക്; മന്ത്രിമാരായ കെ ബാബുവും പി കെ ജയലക്ഷ്മിയും ഷിബു ബേബിജോണും കെ പി മോഹനനും സ്പീക്കർ എൻ ശക്തനും തോറ്റു
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതോടെ 91 സീറ്റു നേടിയാണ് ഇടതുമുന്നണി അധികാരത്തിലേറുന്നത്. യുഡിഎഫ് 47 സീറ്റിൽ ഒതുങ്ങി. ആറിടത്തു യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറക്കുന്നുവെന്ന പ്രത്യേകതയ്ക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. നേമത്ത് ഒ രാജഗോപാൽ വിജയം നേടിയത് 8671 വോട്ടിനാണ്. അതേസമയം പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിച്ച പി സി ജോർജ് വൻ വിജയം നേടി. 27,281 വോട്ടിന്റെ ഭൂരിപക്ഷമാണു പി സി ജോർജിന്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ മുന്നിൽ നിന്ന ഇടതു മുന്നണി വ്യക്തമായ ആധിപത്യം തുടരുകയായിരുന്നു. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വൻ മുന്നേറ്റം തന്നെയാണ് ഇടതു മുന്നണി നടത്തിയത്. കൊല്ലത്തും ഇടതു സ്ഥാനാർത്ഥികൾ സമ്പൂർണ ജയം നേടി. മലബാറിൽ വ്യക്തമായ മുന്നേറ്റം നടത്തുന്ന എൽഡിഎഫ് കൊല്ലം തിരുവനന്തപുരം ജില്ലകളിലും വൻ മുന്നേറ്റമാണ് നടത്തു
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതോടെ 91 സീറ്റു നേടിയാണ് ഇടതുമുന്നണി അധികാരത്തിലേറുന്നത്. യുഡിഎഫ് 47 സീറ്റിൽ ഒതുങ്ങി. ആറിടത്തു യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറക്കുന്നുവെന്ന പ്രത്യേകതയ്ക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. നേമത്ത് ഒ രാജഗോപാൽ വിജയം നേടിയത് 8671 വോട്ടിനാണ്. അതേസമയം പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിച്ച പി സി ജോർജ് വൻ വിജയം നേടി. 27,281 വോട്ടിന്റെ ഭൂരിപക്ഷമാണു പി സി ജോർജിന്.
പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ മുന്നിൽ നിന്ന ഇടതു മുന്നണി വ്യക്തമായ ആധിപത്യം തുടരുകയായിരുന്നു. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വൻ മുന്നേറ്റം തന്നെയാണ് ഇടതു മുന്നണി നടത്തിയത്. കൊല്ലത്തും ഇടതു സ്ഥാനാർത്ഥികൾ സമ്പൂർണ ജയം നേടി. മലബാറിൽ വ്യക്തമായ മുന്നേറ്റം നടത്തുന്ന എൽഡിഎഫ് കൊല്ലം തിരുവനന്തപുരം ജില്ലകളിലും വൻ മുന്നേറ്റമാണ് നടത്തുന്നത്. വ്യക്തമായ മേൽകൈയാണ് ഇടതുപക്ഷത്തിന് ലഭിച്ചത്.
നേമത്ത് ബിജെപി വിജയത്തിലെത്തിയപ്പോൾ വട്ടിയൂർക്കാവിൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ രണ്ടാമതെത്തി. ഇവിടെ കോൺഗ്രസിലെ കെ മുരളീധരനാണു വിജയം. കോന്നിയിൽ അടൂർപ്രകാശ് ലീഡ് 20,748 ആക്കി മണ്ഡലം സുരക്ഷിതമാക്കി. കണ്ണൂരിൽ ബാക്കിയെല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണി വൻ വിജയത്തിലേക്കു കുതിച്ചപ്പോഴും ഇരിക്കൂറിൽ കെ സി ജോസഫ് വിജയിച്ചു.
കണ്ണൂരും പത്തനംതിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും ഇടത് മുന്നേറ്റമാണ്. തൃശ്ശൂരിൽ എല്ലായിടത്തും ഇടതു സ്ഥാനാർത്ഥികളാണു ജയിച്ചത്.
ബിജെപിയുടെ ഒ രാജഗോപാൽ പോസ്റ്റൽ വോട്ടിലും മുന്നിലെത്തി. പ്രതീക്ഷിച്ചതു പോലെ ഇടതുപക്ഷത്തിനാണ് പോസ്റ്റൽ വോട്ടിൽ മുൻതൂക്കം ലഭിച്ചത്. കണ്ണൂരിൽ നിന്നുള്ള ഫലങ്ങളാണ് ആദ്യം പുറത്തുവന്നത്. ഏവരും ഉറ്റു നോക്കുന്ന മത്സരം നടക്കുന്ന പത്തനാപുരത്ത് ഇടതുപക്ഷത്തിന്റെ കെ ബി ഗണേശ് കുമാർ വ്യക്തമായ ലീഡോടെയാണു ജയിച്ചത്. ചലച്ചിത്ര താരങ്ങളിൽ കൊല്ലത്തും സിപിഎമ്മിന്റെ മുകേഷ് വൻവിജയം നേടി. ധർമടത്തു പിണറായി വിജയനും വൻ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. ഉദുമയിൽ പ്രതീക്ഷയുണർത്തിയ യുഡിഎഫിന്റെ കെ സുധാകരൻ പരാജയപ്പെട്ടു. കോഴിക്കോട് സൗത്തിൽ മന്ത്രി എംകെ മുനീർ വിജയിച്ചു.
മലമ്പുഴയിൽ വി എസ് അച്യുതാനന്ദൻ 27000ലേറെ വോട്ടിനു ജയിച്ചു. ഉമ്മൻ ചാണ്ടി, കെ എം മാണി എന്നിവർ ജയിച്ചപ്പോൾ ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചു. അതേസമയം മലപ്പുറം ജില്ലയിൽ യുഡിഎഫ് മുന്നേറ്റത്തിലും എൽഡിഎഫ് അപ്രതീക്ഷിത ലീഡുകൾ നേടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് പതിനാലിൽ ഒമ്പതും എൽഡിഎഫിന്
അട്ടിമറി വിജയവുമായി അഡ്വ. വി ജോയ് വർക്കലയിൽ ചെങ്കൊടി പാറിച്ചപ്പോൾ കഴക്കൂട്ടവും നെയ്യാറ്റിൻകരയും എൽഡിഎഫ് തിരിച്ചുപിടിച്ചു. 2386 വോട്ടിനാണ് വി ജോയ് നിലവിലെ എംഎൽഎ വർക്കല കഹാറിനെ തോൽപ്പിച്ചത്. 53102 വോട്ടാണ് വി ജോയ് നേടിയത്. കഹാർ 50716 വോട്ടിൽ ഒതുങ്ങി.
ആറ്റിങ്ങലിൽ ബി സത്യൻ ജയിച്ചത് 40,383 വോട്ടിനാണ്. ചിറയിൻകീഴിൽ വി ശശിയും മികച്ച വിജയം നേടിയപ്പോൾ നെടുമങ്ങാട് യുഡിഎഫിന്റെ സീറ്റ് സി ദിവാകരൻ പിടിച്ചെടുത്തു. ചിറയിൻകീഴ് എൽഡിഎഫിന്റെ വി ശശി 14322 വോട്ടിനാണു ജയിച്ചത്. വാമനപുരത്ത് ഡി കെ മുരളി 9596 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടതുകോട്ട കാത്തു.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ 7347 വോട്ടിനാണ് മണ്ഡലം പിടിച്ചെടുത്തത്. നിലവിലെ എംഎൽഎ എം എ വാഹിദ് മൂന്നാമതു പോയി. എൻഡിഎയുടെ വി മുരളീധരനാണ് രണ്ടാമത്. കടകംപള്ളി 50079 വോട്ടു നേടിയപ്പോൾ മുരളീധരൻ 43732 വോട്ടു നേടി.
നെയ്യാറ്റിൻകരയിൽ കെ ആൻസലന് 9314 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ആൻസലൻ 62828 വോട്ടു നേടിയപ്പോൾ നിലവിലെ എംഎൽഎ ആർ സെൽവരാജ് 53514 വോട്ടു നേടി.
പാറശാലയിൽ നിലവിലെ എംഎൽഎ എ ടി ജോർജിനെ പരാജയപ്പെടുത്തിയാണ് എൽഡിഎഫിന്റെ സി കെ ഹരീന്ദ്രൻ ജയിച്ചുകയറിയത്. കാട്ടാക്കടയിൽ സ്പീക്കർ എൻ ശക്തനെ അട്ടിമറിച്ചാണ് എൽഡിഎഫിന്റെ യുവ നേതാവ് ഐ ബി സതീഷ് വിജയം കൊയ്തത്.
വട്ടിയൂർക്കാവ്, തിരുവനന്തപുരം, അരുവിക്കര മണ്ഡലങ്ങൾ യുഡിഎഫ് നിലനിർത്തിയപ്പോൾ കോവളം എൽഡിഎഫിൽ നിന്നു പിടിച്ചെടുക്കാൻ യുഡിഎഫിനു കഴിഞ്ഞു. തിരുവനന്തപുരത്തു യുഡിഎഫിന്റെ വി എസ് ശിവകുമാർ ജയിച്ചത് 11259 വോട്ടിനാണ്. എൽഡിഎഫിന്റെ ആന്റണി രാജുവാണ് രണ്ടാമത്. ഇവിടെ മത്സരിച്ച എൻഡിഎ സ്ഥാനാർത്ഥി എസ് ശ്രീശാന്ത് മൂന്നാം സ്ഥാനം നേടി.
കൊല്ലം തൂത്തുവാരി എൽഡിഎഫ്
കൊല്ലത്തെ പത്തുസീറ്റിലും വ്യക്തമായ ആധിപത്യമാണ് എൽഡിഎഫ് നേടിയത്. മന്ത്രി ഷിബു ബേബിജോണിനെ തോൽപ്പിച്ചു ചവറ മണ്ഡലം പിടിച്ചെടുത്ത എൻ വിജയൻപിള്ളയും താരമായി. ചലച്ചിത്രതാരങ്ങളായ കെ ബി ഗണേശ് കുമാറും എം മുകേഷും എൽഡിഎഫിനായി വിജയം കൊയ്തു. മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ, ആർഎസ്‌പിയിൽ നിന്ന് അടർന്ന് ഇടതുപക്ഷത്തേക്കു വന്ന കോവൂർ കുഞ്ഞുമോൻ, രാജ്‌മോഹൻ ഉണ്ണിത്താനെ തോൽപ്പിച്ച ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവർ കൊല്ലം ചുവപ്പിച്ചു.
കുന്നത്തൂരിൽ എൽഡിഎഫിന്റെ കോവൂർ കുഞ്ഞുമോൻ 20529 വോട്ടിനാണു ജയിച്ചത്. പത്തനാപുരത്ത് ഗണേശ് കുമാർ ജയിച്ചത് 24562 വോട്ടിനാണ്. ഇരവിപുരത്ത് എം നൗഷാദ് യുഡിഎഫിന്റെ എ എ അസീസിനെ തോൽപ്പിച്ചത് 28803 വോട്ടിനാണ്. ചാത്തന്നൂരിൽ എൽഡിഎഫിന്റെ ജി എസ് ജയലാൽ 34407 വോട്ടിനാണു ജയിച്ചത്. എൻഡിഎയുടെ ബി ബി ഗോപകുമാറാണ് ഇവിടെ രണ്ടാമതെത്തിയത്. ചവറയിൽ ഷിബു ബേബി ജോൺ എൽഡിഎഫിന്റെ എൻ വിജയൻ പിള്ളയോടു തോറ്റത് 6189 വോട്ടിനാണ്.
പത്തനംതിട്ടയിൽ 4-1
അഞ്ചുസീറ്റിൽ നാലും നേടി സമഗ്രാധിപത്യമാണ് പത്തനംതിട്ടയിൽ എൽഡിഎഫ് നേടിയത്. ആറന്മുളയിൽ മുമ്പ് ഇടതു സ്വതന്ത്രനായി കടമ്മനിട്ട രാമകൃഷ്ണനെ നിർത്തി ജയിപ്പിച്ച സിപിഎമ്മിന് ഇക്കുറിയും പിഴച്ചില്ല. മാദ്ധ്യമപ്രവർത്തക വീണ ജോർജിനെ സ്ഥാനാർത്ഥിയാക്കിയ തന്ത്രം വിജയിക്കുക തന്നെ ചെയ്തു. മുന്മന്ത്രി മാത്യു ടി തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ എന്നിവർ ഇടതുപക്ഷത്തിനായി വിജയിച്ചു. വിവാദങ്ങളിൽപ്പെട്ടെങ്കിലും മന്ത്രി അടൂർ പ്രകാശ് കോന്നി സീറ്റ് യുഡിഎഫിനു വേണ്ടി നിലനിർത്തി.
ആലപ്പുഴ 8-1
ആലപ്പുഴയിൽ ഒന്നിനെതിരെ എട്ടു ഗോളിനാണ് എൽഡിഎഫിന്റെ ജയം. മന്ത്രി രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാടു മാത്രമാണ് യുഡിഎഫിനു ജയിക്കാനായത്. ബാക്കിയെല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് വൻ വിജയമാണു നേടിയത്. അരൂരിൽ എ എം ആരിഫും ആലപ്പുഴയിൽ ഡോ. ടി എം തോമസ് ഐസക്കും മാവേലിക്കരയിൽ ആർ രാജേഷും 30,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
യുഡിഎഫിന് ആശ്വാസമായി കോട്ടയം
കോട്ടയത്തെ ഒമ്പതു സീറ്റിൽ ആറും കൈക്കലാക്കാൻ കഴിഞ്ഞതാണ് ഇടതുതരംഗത്തിലും യുഡിഎഫിന് അൽപ്പം ആശ്വാസം പകർന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരായ കെ എം മാണിയും മോൻസ് ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും ജയിച്ചുകയറി. സി കെ ആശ, സുരേഷ് കുറുപ്പ് എന്നിവർ എൽഡിഎഫിനായി വെന്നിക്കൊടി പാറിച്ചപ്പോൾ ഒരു മുന്നണിയുടെയും സഹായമില്ലാതെ 27,281 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു മുൻ ചീഫ് വിപ്പ് പി സി ജോർജും താരമായി.
ഇടുക്കിയിലും മുന്നിൽ എൽഡിഎഫ്
അഞ്ചിൽ മൂന്നു മണ്ഡലങ്ങളും കൈക്കലാക്കി ഇടതുമുന്നണി ഇടുക്കിയിലും മുന്നിലെത്തി. ആശാൻ എന്നു നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന എം എം മണി 1109 വോട്ടിനാണ് ഉടുമ്പൻചോലയിൽ ജയിച്ചു കയറിയത്. ദേവികുളത്ത് എസ് രാജേന്ദ്രനും പീരുമേട്ടിൽ ഇ എസ് ബിജിമോളും എൽഡിഎഫിനായി ജയിച്ചു. ബിജിമോളുടെ വിജയം 314 വോട്ടിനാണ്. അതിനിടെ,സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (45,587) മന്ത്രി പി ജെ ജോസഫ് തൊടുപുഴയിൽ ജയിച്ചു കയറി. ഇടുക്കിയിലെ റോഷി അഗസ്റ്റിനാണ് ജയിച്ച മറ്റൊരു യുഡിഎഫ് സ്ഥാനാർത്ഥി.
പ്രതീക്ഷിച്ച സീറ്റുകൾ കൈവിട്ടെങ്കിലും എറണാകുളത്തു മുന്നിൽ യുഡിഎഫ്
പ്രതീക്ഷിച്ച പല സീറ്റുകളും കൈവിട്ടെങ്കിലും എറണാകുളത്തു മുന്നിലെത്തിയത് യുഡിഎഫാണ്. 14ൽ ഒമ്പതു സീറ്റു നേടാനായത് നാണക്കേടു കുറയ്ക്കാൻ യുഡിഎഫിനെ സഹായിച്ചു. എങ്കിലും മന്ത്രി കെ ബാബുവിനെ ഉൾപ്പെടെ തോൽപ്പിച്ച് അഞ്ചു സീറ്റു നേടിയ എൽഡിഎഫും വിജയത്തിന്റെ തിളക്കം ഒട്ടും കുറച്ചില്ല. മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞും അനൂപ് ജേക്കബും സീറ്റു നിലനിർത്തിയപ്പോഴാണ് കെ ബാബുവിനു തോൽവി പിണഞ്ഞത്. സിപിഎമ്മിന്റെ ശക്തനായ യുവസാരഥി എം സ്വരാജാണു ബാബുവിനെ പരാജയപ്പെടുത്തിയത്.
പ്രഖ്യാപനം വൈകിയ സീറ്റൊഴികെ തൃശൂരിൽ ഇടതുതരംഗം
വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമുണ്ടായിരുന്ന വടക്കാഞ്ചേരി സീറ്റിന്റെ കാര്യം മാറ്റിനിർത്തിയാൽ തൃശൂരിൽ ഇടതുമുന്നണിക്കു സമ്പൂർണ വിജയമാണ്. 13ൽ 12 സീറ്റും എൽഡിഎഫ് കരസ്ഥമാക്കി. പ്രതിസന്ധിയുണ്ടാകുമ്പോൾ വടക്കാഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര മൂന്നു വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥിയേക്കാൾ മുന്നിലായിരുന്നു. പിന്നീട് അനിൽ അക്കരയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 43 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനിൽ അക്കര എൽഡിഎഫിന്റെ മേരി തോമസിനെ തോൽപ്പിച്ചത്.
കനയ്യ കുമാറെത്തിയ പട്ടാമ്പിയുൾപ്പെടെ പാലക്കാട്ട് ഇടതിനു ലഭിച്ചത് 12ൽ 9
ജെഎൻയു വിവാദത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച കനയ്യ കുമാർ ഉജ്വല പ്രസംഗത്തിലൂടെ കൈയിലെടുത്ത പട്ടാമ്പിയിലെ വിജയം ഉൾപ്പെടെ ഗംഭീര പ്രകടനം തന്നെയാണ് പാലക്കാട്ട് ഇടതുമുന്നണി കാഴ്ചവച്ചത്. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്‌സിൻ 7404 വോട്ടിനാണു ജയിച്ചത്. ആകെയുള്ള 12ൽ 9 സീറ്റും ഇടതുമുന്നണി സ്വന്തമാക്കി. മലമ്പുഴയിൽ വി എസ് അച്യുതാനന്ദൻ നേടിയത് 27,142 വോട്ടിന്റെ ഗംഭീര വിജയമാണ്. ഷൊർണൂരിൽ പി കെ ശശി 24,547 വോട്ടിനും ആലത്തൂരിൽ കെ ഡി പ്രസേനൻ 36,060 വോട്ടിനും ജയിച്ചത് എൽഡിഎഫ് വിജയത്തിലെ തിളക്കമായി. വി ടി ബൽറാം, എൻ ഷംസുദീൻ, ഷാഫി പറമ്പിൽ എന്നിവരാണ് പാലക്കാട്ടു നിന്നു സഭയിലെത്തിയ യുഡിഎഫുകാർ. മലമ്പുഴയിലും പാലക്കാട്ടും എൻഡിഎ രണ്ടാമതെത്തി എന്ന പ്രത്യേകതയുമുണ്ട്.
മലപ്പുറം ലീഗിനു തന്നെ
മലപ്പുറത്തു പതിവുപോലെ ലീഗ് മുന്നേറ്റം തുടർന്നപ്പോൾ അപ്രതീക്ഷിത വിജയവുമായി ഇടതുമുന്നണിയും തിളങ്ങി. ആകെയുള്ള 16 സീറ്റിൽ 12 എണ്ണം യുഡിഎഫ് കൈക്കലാക്കിയപ്പോൾ 4 സീറ്റിൽ ഇടതുപക്ഷവും ജയിച്ചു. 38,000ലേറെ ഭൂരിപക്ഷത്തിനു ജയിച്ച മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് മികച്ച വിജയം നേടിയത്. ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ച എൽഡിഎഫ് സ്വതന്ത്രൻ പി വി അൻവറും ശ്രദ്ധനേടി. പി ശ്രീരാമകൃഷ്ണൻ, കെ ടി ജലീൽ, വി അബ്ദുറഹ്മാൻ എന്നിവരാണ് എൽഡിഎഫിനായി മലപ്പുറത്തു വിജയം നേടിയവർ.
കോഴിക്കോട് എൽഡിഎഫ് വിട്ടുകൊടുത്തത് രണ്ടു സീറ്റു മാത്രം
രണ്ടു സീറ്റൊഴികെ ബാക്കിയെല്ലാം നേടി കോഴിക്കോട്ടും ഇടതുമുന്നണി തരംഗം സൃഷ്ടിച്ചു. കുറ്റ്യാടിയിൽ കെ കെ ലതിക 1157 വോട്ടിനു തോറ്റതു മാത്രമാണ് ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായത്. പാറക്കൽ അബ്ദുള്ളയാണ് ലതികയെ തോൽപ്പിച്ചത്. മന്ത്രി എം കെ മുനീറാണ് ഇവിടെ നിന്നു ജയിച്ച മറ്റൊരു യുഡിഎഫ് സ്ഥാനാർത്ഥി.
വയനാട്ടിൽ 2-1
വയനാട്ടിലെ മൂന്നു സീറ്റിൽ രണ്ടിലും വിജയം കൊയ്തത് ഇടതുമുന്നണിയാണ്. സിപിഐ(എം) ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കൽപ്പറ്റയിൽ മത്സരിച്ച സി കെ ശശീന്ദ്രന്റേതാണ് ഇതിൽ തിളക്കമാർന്ന വിജയം. ജനതാദൾ നേതാവും നിലവിലെ എംഎൽഎയുമായ എം വി ശ്രേയാംസ് കുമാറിനെ 13,083 വോട്ടിനാണു ശശീന്ദ്രൻ തോൽപ്പിച്ചത്. മാനന്തവാടിയിൽ മന്ത്രി പി കെ ജയലക്ഷ്മിയെ എൽഡിഎഫിന്റെ ഒ ആർ കേളു തോൽപ്പിച്ചത് 1307 വോട്ടിനാണ്. സുൽത്താൻ ബത്തേരിയിലെ ഐ സി ബാലകൃഷ്ണനാണ് ജില്ലയിലെ ഏക യുഡിഎഫ് പ്രാതിനിധ്യം.
കണ്ണൂരിൽ വ്യക്തമായ എൽഡിഎഫ് ആധിപത്യം
എൽഡിഎഫിന്റെ വ്യക്തമായ ആധിപത്യം തന്നെയാണു കണ്ണൂരിൽ കണ്ടത്. പ്രമുഖ സ്ഥാനാർത്ഥികളൊക്കെ എൽഡിഎഫിനായി വെന്നിക്കൊടി പാറിച്ചു. കല്യാശേരിയിൽ ടി വി രാജേഷും മട്ടന്നൂരിൽ ഇ പി ജയരാജനും ജയിച്ചത് വമ്പൻ ഭൂരിപക്ഷത്തിലാണ്. ടി വി രാജേഷിന് 42,891 വോട്ടാണു ഭൂരിപക്ഷം. മട്ടന്നൂരിൽ ഇ പിക്ക് 43,381 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ധർമടത്തു പിണറായി വിജയൻ ജയിച്ചത് 36,905 വോട്ടിനാണ്. പയ്യന്നൂരിൽ എൽഡിഎഫിന്റെ സി കൃഷ്ണൻ 40,263 വോട്ടിനു ജയിച്ചു. തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയിംസ് മാത്യു 40,617 വോട്ടിനു ജയിച്ചു.
കണ്ണൂർ മണ്ഡലത്തിൽ സതീശൻ പാച്ചേനിയെ തോൽപ്പിച്ച രാമചന്ദ്രൻ കടന്നപ്പള്ളിയും എൽഡിഎഫ് വിജയത്തിനു മാധുര്യമേറ്റി. തലശേരിയിൽ എൽഡിഎഫിന്റെ എ എൻ ഷംസീർ 34,117 വോട്ടിനു ജയിച്ചു. കൂത്തുപറമ്പിൽ എൽഡിഎഫിന്റെ കെ കെ ശൈലജ ടീച്ചർ 12291 വോട്ടിനു ജയിച്ചു.
ഇരിക്കൂറിൽ വിമതശല്യം അതിജീവിച്ച മന്ത്രി കെ സി ജോസഫ്, അഴിക്കോട് മാദ്ധ്യമപ്രവർത്തകൻ എം വി നികേഷ് കുമാറിനെ തോൽപ്പിച്ച കെ എം ഷാജി, പേരാവൂരിൽ സണ്ണി ജോസഫ് എന്നിവരാണു ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികൾ.
കാസർകോട്ട് 3-2ന് എൽഡിഎഫ് ജയം
കാസർകോട്ടെ അഞ്ചിൽ മൂന്നു നേടി എൽഡിഎഫാണ് ആധിപത്യമുറപ്പിച്ചത്. ഉദുമയിൽ കെ സുധാകരനെ തോൽപ്പിച്ച കെ കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ, തൃക്കരിപ്പൂരിൽ എം രാജഗോപാലൻ എന്നിവരാണ് ജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥികൾ. കാഞ്ഞങ്ങാട് എൽഡിഎഫിന്റെ ഇ ചന്ദ്രശേഖരൻ 26011 വോട്ടിനാണു ജയിച്ചത്.
മഞ്ചേശ്വരത്തും കാസർകോട്ടും യുഡിഎഫ് ജയിച്ചപ്പോൾ എൻഡിഎ സ്ഥാനാർത്ഥികൾ രണ്ടാമതെത്തി.
കക്ഷി തിരിച്ചുള്ള സീറ്റു നില
എൽഡിഎഫ്
സിപിഐ(എം) - 58
സിപിഐ - 19
സ്വതന്ത്രർ - 5
ജെഡിഎസ് - 3
എൻസിപി - 2
കേരള കോൺഗ്രസ് ബി - 1
ആർഎസ്‌പി എൽ - 1
സിഎംപി എ - 1
കോൺഗ്രസ് എസ് - 1
യുഡിഎഫ്
കോൺഗ്രസ് - 22
ഐയുഎംഎൽ - 18
കേരള കോൺഗ്രസ് എം - 6
കേരള കോൺഗ്രസ് ജെ - 1
എൻഡിഎ
ബിജെപി - 1
സ്വതന്ത്രൻ -1
ഇവർ ഇനി നമ്മുടെ പ്രശ്‌നം നിയമസഭയിൽ അവതരിപ്പിക്കും; വിജയിച്ച എംഎൽഎമാരെയും ഭൂരിപക്ഷവും അറിയാം
തിരുവനന്തപുരം: നിയമസഭയിൽ ഇനി ഇവരാണ് നമ്മുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നത്. ഭരണം മാറുമ്പോൾ ജനപ്രതിനിധികളും മാറുകയാണ്. ഇതാ ഇൗ 140 പേരാണ് നമ്മുടെ പ്രതിനിധികളായി സഭയിൽ എത്തുന്നത്.
തിരുവനന്തപുരം
വി ജോയ്- വർക്കല - LDF 2386
ബി സത്യൻ- ആറ്റിങ്ങൽ - LDF 40383
വി ശശി - ചിറയിൻകീഴ് LDF 14322
സി ദിവാകരൻ - നെടുമങ്ങാട് LDF 3621
ഡി കെ മുരളി - വാമനപുരം LDF 9596
കടകംപള്ളി സുരേന്ദ്രൻ - കഴക്കൂട്ടം LDF 7347
കെ മുരളീധരൻ - വട്ടിയൂർക്കാവ് UDF 7622
വി എസ് ശിവകുമാർ - തിരുവനന്തപുരം UDF 10905
ഒ രാജഗോപാൽ- നേമം NDA 8671
കെ എസ് ശബരീനാഥൻ- അരുവിക്കര UDF 21314
സി കെ ഹരീന്ദ്രൻ- പാറശ്ശാല LDF 18566
ഐ ബി സതീഷ് - കാട്ടാക്കട LDF 849
എം വിൻസന്റ് - കോവളം UDF 2615
കെ ആൻസലൻ - നെയ്യാറ്റിൻകര LDF 9543
കൊല്ലം
ആർ രാമചന്ദ്രൻ- കരുനാഗപ്പള്ളി LDF 1759
എൻ വിജയൻ പിള്ള- ചവറ LDF 6189
കോവൂർ കുഞ്ഞുമോൻ- കുന്നത്തൂർ LDF 20529
പി അയിഷ പോറ്റി- കൊട്ടാരക്കര LDF 42632
കെ ബി ഗണേശ് കുമാർ - പത്തനാപുരം LDF 24562
അഡ്വ. കെ രാജു- പുനലൂർ LDF 33582
മുല്ലക്കര രത്‌നാകരൻ- ചടയമംഗലം LDF 21928
ജെ മേഴ്‌സിക്കുട്ടിയമ്മ- കുണ്ടറ LDF 30460
എം മുകേഷ്- കൊല്ലം LDF 17611
എം നൗഷാദ്- ഇരവിപുരം LDF 28803
ജി എസ് ജയലാൽ- ചാത്തന്നൂർ LDF 34407
പത്തനംതിട്ട
മാത്യു ടി തോമസ്- തിരുവല്ല LDF 8262
രാജു എബ്രഹാം - റാന്നി LDF 14596
വീണ ജോർജ്- ആറന്മുള LDF 7646
അടൂർ പ്രകാശ് - കോന്നി UDF 20748
ചിറ്റയം ഗോപകുമാർ- അടൂർ LDF 25324
ആലപ്പുഴ
എ എം ആരിഫ്- അരൂർ LDF 38519
പി തിലോത്തമൻ- ചേർത്തല LDF 7196
ഡോ. ടി എം തോമസ് ഐസക്- ആലപ്പുഴ LDF 31032
ജി സുധാകരൻ- അമ്പലപ്പുഴ LDF 22621
തോമസ് ചാണ്ടി- കുട്ടനാട് LDF 4839
രമേശ് ചെന്നിത്തല- ഹരിപ്പാട് UDF 18621
പ്രതിഭാ ഹരി - കായംകുളം LDF 11857
ആർ രാജേഷ്- മാവേലിക്കര LDF 31542
അഡ്വ. കെ കെ രാമചന്ദ്രൻ നായർ- ചെങ്ങന്നൂർ LDF 7983
കോട്ടയം
കെ എം മാണി- പാല UDF 4703
മോൻസ് ജോസഫ്- കടുത്തുരുത്തി UDF 42256
സി കെ ആശ- വൈക്കം LDF 24584
അഡ്വ. കെ സുരേഷ് കുറുപ്പ്- ഏറ്റുമാനൂർ LDF 8899
തിരുവഞ്ചൂർ രാധാകൃഷ്ണൻ- കോട്ടയം UDF 33632
ഉമ്മൻ ചാണ്ടി- പുതുപ്പള്ളി UDF 27092
സി എഫ് തോമസ്- ചങ്ങനാശ്ശേരി UDF 1849
ഡോ. എൻ ജയരാജ്- കാഞ്ഞിരപ്പള്ളി UDF 3890
പി സി ജോസഫ്- പൂഞ്ഞാർ IND 27821
ഇടുക്കി
എസ് രാജേന്ദ്രൻ- ദേവികുളം LDF 5782
എം എം മണി- ഉടുമ്പൻചോല LDF 1109
പി ജെ ജോസഫ്- തൊടുപുഴ UDF 45887
റോഷി അഗസ്റ്റിൻ- ഇടുക്കി UDF 9333
ഇ എസ് ബിജിമോൾ- പീരുമേട് LDF 314
എറണാകുളം
എൽദോസ് കുന്നപ്പിള്ളി- പെരുമ്പാവൂർ UDF 7088
റോജി എം ജോൺ- അങ്കമാലി UDF 9186
അൻവർ സാദത്ത്- ആലുവ UDF 18835
വി കെ ഇബ്രാഹിംകുഞ്ഞ്- കളമശ്ശേരി UDF 12118
വി ഡി സതീശൻ- പറവൂർ UDF 20634
എസ് ശർമ - വൈപ്പിൻ LDF 19353
കെ ജെ മാക്‌സി- കൊച്ചി LDF 1086
എം സ്വരാജ്- തൃപ്പൂണിത്തുറ LDF 4467
ഹൈബി ഈഡൻ- എറണാകുളം UDF 21949
പി ടി തോമസ്- തൃക്കാക്കര UDF 11996
വി പി സജീന്ദ്രൻ- കുന്നത്തുനാട് UDF 2679
അനൂപ് ജേക്കബ്- പിറവം UDF 6195
എൽദോ എബ്രഹാം- മൂവാറ്റുപുഴ LDF 9375
ആന്റണി ജോൺ- കോതമംഗലം LDF 18927
തൃശൂർ
യു ആർ പ്രദീപ്- ചേലക്കര LDF 10200
എ സി മൊയ്തീൻ- കുന്ദംകുളം LDF 7782
കെ വി അബ്ദുൾ ഖാദർ- ഗുരുവായൂർ LDF 15098
മുരളി പെരുനെല്ലി- മണലൂർ LDF 19325
അനിൽ അക്കര -വടക്കാഞ്ചേരി UDF 3
അഡ്വ. കെ രാജൻ- ഒല്ലൂർ LDF 13248
വി എസ് സുനിൽകുമാർ- തൃശ്ശൂർ LDF 6987
ഗീത ഗോപി- നാട്ടിക LDF 26777
ഇ ടി ടൈസൺ- കയ്പമംഗലം LDF 33400
പ്രൊഫ. കെ യു അരുണൻ- ഇരിങ്ങാലക്കുട LDF 2711
പ്രൊഫ. സി രവീന്ദ്രനാഥ്- പുതുക്കാട് LDF 38478
ബി ഡി ദേവസി- ചാലക്കുടി LDF 26648
ആർ സുനിൽകുമാർ - കൊടുങ്ങല്ലൂർ LDF 22791
പാലക്കാട്
വി ടി ബൽറാം- തൃത്താല UDF 10547
മുഹമ്മദ് മുഹ്‌സിൻ- പട്ടാമ്പി LDF 7404
പി കെ ശശി- ഷൊറണൂർ LDF 24547
പി ഉണ്ണി- ഒറ്റപ്പാലം LDF 16088
കെ വി വിജയദാസ്- കോങ്ങാട് LDF 13271
അഡ്വ. എൻ ഷംസുദീൻ- മണ്ണാർക്കാട് UDF 12325
വി എസ് അച്യുതാനന്ദൻ- മലമ്പുഴ LDF 27142
ഷാഫി പറമ്പിൽ- പാലക്കാട് UDF 17483
എ കെ ബാലൻ- തരൂർ LDF 23068
കെ കൃഷ്ണൻകുട്ടി- ചിറ്റൂർ LDF 7285
കെ ബാബു- നെന്മാറ LDF 7408
കെ ഡി പ്രസേനൻ- ആലത്തൂർ LDF 36060
മലപ്പുറം
ടി വി ഇബ്രാഹിം- കൊണ്ടോട്ടി UDF 10654
പി കെ ബഷീർ- ഏറനാട് UDF 12198
പി വി അൻവർ- നിലമ്പൂർ LDF 11504
എ പി അനിൽകുമാർ- വണ്ടൂർ UDF 23864
അഡ്വ. എം ഉമ്മർ- മഞ്ചേരി UDF 19616
മഞ്ഞളാംകുഴി അലി- പെരിന്തൽമണ്ണ UDF 579
ടി എ അഹമ്മദ് കബീർ- മങ്കട UDF 1508
പി ഉബൈദുള്ള- മലപ്പുറം UDF 35672
പി കെ കുഞ്ഞാലിക്കുട്ടി- വേങ്ങര UDF 38057
പി അബ്ദുൽ ഹമീദ്- വള്ളിക്കുന്ന് UDF 12610
പി കെ അബ്ദുറബ്- തിരൂരങ്ങാടി UDF 6043
വി അബ്ദുറഹ്മാൻ- താനൂർ LDF 6043
സി മമ്മൂട്ടി- തിരൂർ UDF 7062
ആബിദ് ഹുസൈൻ തങ്ങൾ- കോട്ടക്കൽ UDF 15042
ഡോ. കെ ടി ജലീൽ- തവനൂർ LDF 17064
പി ശ്രീരാമകൃഷ്ണൻ- പൊന്നാനി LDF 15640
കോഴിക്കോട്
സി കെ നാണു- വടകര LDF 9511
പാറയ്ക്കൽ അബ്ദുള്ള- കുറ്റ്യാടി UDF 1901
ഇ കെ വിജയൻ- നാദാപുരം LDF 4759
കെ ദാസൻ- കൊയിലാണ്ടി LDF 13369
ടി പി രാമകൃഷ്ണൻ - പേരാമ്പ്ര LDF 4101
പുരുഷൻ കടലുണ്ടി- ബാലുശ്ശേരി LDF 15464
എ കെ ശശീന്ദ്രൻ- എലത്തൂർ LDF 29057
എ പ്രദീപ് കുമാർ- കോഴിക്കോട് (നോർത്ത്) LDF 27873
ഡോ. എം കെ മുനീർ- കോഴിക്കോട് (സൗത്ത്) UDF 6327
വി കെ സി മമ്മദ് കോയ- ബേപ്പൂർ LDF 14363
അഡ്വ. പി ടി എ റഹിം- കുന്ദമംഗലം LDF 11205
കാരാട്ട് റസാഖ്- കൊടുവള്ളി LDF 573
ജോർജ് എം തോമസ്- തിരുവമ്പാടി LDF 3008
വയനാട്
ഒ ആർ കേളു- സുൽത്താൻ ബത്തേരി UDF 11198
ഐ സി ബാലകൃഷ്ണൻ- കല്പറ്റ LDF 13083
സി കെ ശശീന്ദ്രൻ- മാനന്തവാടി LDF 1307
കണ്ണൂർ
സി കൃഷ്ണൻ- പയ്യന്നൂർ LDF 40263
ടി വി രാജേഷ്- കല്ല്യാശ്ശേരി LDF 42891
ജയിംസ് മാത്യു- തളിപ്പറമ്പ് LDF 40617
കെ സി ജോസഫ്- ഇരിക്കൂർ UDF 9647
കെ എം ഷാജി- അഴീക്കോട് UDF 2287
രാമചന്ദ്രൻ കടന്നപ്പള്ളി- കണ്ണൂർ LDF 1196
പിണറായി വിജയൻ- ധർമ്മടം LDF 36905
എ എൻ ഷംസീർ- തലശ്ശേരി LDF 34117
കെ കെ ശൈലജ- കൂത്തുപറമ്പ് LDF 12291
ഇ പി ജയരാജൻ- മട്ടന്നൂർ LDF 43381
അഡ്വ. സണ്ണി ജോസഫ്- പേരാവൂർ UDF 7989
കാസർകോട്
പി ബി അബ്ദുൾ റസാഖ്- മഞ്ചേശ്വരം UDF 89
എൻ എ നെല്ലിക്കുന്ന്- കാസർകോഡ് UDF 8607
കെ കുഞ്ഞിരാമൻ- ഉദുമ LDF 3832
ഇ ചന്ദ്രശേഖരൻ- കാഞ്ഞങ്ങാട് LDF 26011
എം രാജഗോപാലൻ- തൃക്കരിപ്പൂർ LDF 16348