- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ കടമെടുക്കൽ പരിധി താഴ്ത്തി കേന്ദ്രം; ഡിസംബർ വരെ കേരളത്തിന് എടുക്കാവുന്നത് 17,936 കോടി; കഴിഞ്ഞ വർഷത്തെക്കാൾ 5656 കോടി കുറവ്; കിഫ്ബിയും ക്ഷേമപെൻഷൻ നൽകുന്ന കമ്പനിയും എടുത്ത കടവും സംസ്ഥാന കടമായി കണക്കാക്കും; കേന്ദ്ര തീരുമാനം കേരളത്തെ സാരമായി ബാധിക്കും
തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചെങ്കിലും വായ്‌പ്പാ പരിധികുറച്ചത് വെല്ലുവിളിയായി. ഡിസംബർ രെ 17,936 കോടിയുടെ കടമെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞവർഷം ഇതേകാലത്ത് അനുവദിച്ചതിനെക്കാൾ 5656 കോടിരൂപ കുറവാണിത്. നേരത്തേ 5000 കോടി കടമെടുക്കാൻ താത്കാലിക അനുമതി നൽകിയിരുന്നു. അതുൾപ്പെടെയാണ് ഇപ്പോൾ പരിധി നിശ്ചയിച്ചത്.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നരശതമാനം കണക്കാക്കിയാൽ കേരളത്തിന് 32,425 കോടിരൂപയാണ് കടമെടുക്കാവുന്നത്. എന്നാൽ, ഇത്രയും അനുവദിക്കില്ലെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. കിഫ്ബിയും ക്ഷേമപെൻഷൻ നൽകുന്ന കമ്പനിയായ സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ലിമിറ്റഡും എടുത്ത വായ്പ സർക്കാരിന്റെ കടമായി കണക്കാക്കുമെന്നും അത് കിഴിച്ചുള്ള തുകയേ കടമെടുക്കാൻ അനുവദിക്കൂവെന്നുമാണ് അറിയിച്ചത്. ഈ നിലപാടിനെ സംസ്ഥാനം അനുകൂലിച്ചില്ല. കേന്ദ്രവുമായി മാസങ്ങളായി ചർച്ച നടക്കുകയായിരുന്നു.
കിഫ്ബിക്കും ക്ഷേമപെൻഷനുമായി 14,000 കോടി കടമെടുത്തെന്നാണ് സി.എ.ജി.യുടെ കണക്ക്. ഇത്രയും തുക നാലുവർഷംകൊണ്ട് സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ ഏറ്റവും ഒടുവിലത്തെ തീരുമാനം. അതനുസരിച്ചുമാത്രം ഇത്തവണ 3578 കോടി കുറയ്ക്കും. ജനുവരിമുതൽ മാർച്ചുവരെ ഇനി എത്ര കടമെടുക്കാമെന്ന് കേന്ദ്രം പിന്നീട് അറിയിക്കും.
അതേസമയം കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനത്തെ സാമ്പത്തിക നിലയെ സാരമായി തന്നെ ബാധിച്ചേക്കും. കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണെന്നാണ് സംസ്ഥാനത്തിന്റെ വാദം. കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്ത 14,000 കോടിയുടെ വായ്പയിൽ ഏകദേശം 9000 കോടി ഇതിനകം തിരിച്ചടച്ചതായി സർക്കാർവൃത്തങ്ങൾ പറയുന്നു. 5000 കോടിയിൽപ്പരം രൂപയാണ് ഇനി കടമായുള്ളത്. തിരിച്ചടവ് കണക്കാക്കാതെ മൊത്തം തുകയും ബാധ്യതയായിക്കണ്ട് സംസ്ഥാനത്തിന്റെ കടത്തിൽ കുറവുചെയ്യുന്നത് അന്യായമാണെന്ന് പലവട്ടം ചൂണ്ടിക്കാട്ടിയതായും സർക്കാർവൃത്തങ്ങൾ പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി ഗുരുതരമാക്കുന്ന ഈ തീരുമാനം തിരുത്തണമെന്ന് സംസ്ഥാനം ഇനിയും ആവശ്യപ്പെടും. നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രസമീപനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ