കോഴിക്കോട്: കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്നു (കെഎഫ്‌സി) പുറത്തുവരുന്ന് വമ്പൻ ക്രമക്കേടുകളുടെ കഥ. വായ്പയെടുത്തു നിർമ്മിച്ച 40 കോടി രൂപ വിലമതിക്കുന്ന വ്യാപാരസമുച്ചയം ഉദ്യോഗസ്ഥർ ഒത്തുകളിച്ച് 9.18 കോടിക്ക് ലേലം ചെയ്തുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിലാണ് യഥേഷ്ടം തട്ടിപ്പുകൾ അരങ്ങേറുന്നത്. കെട്ടിടം ഒത്തുകളിച്ച് ആദായവിൽപ്പന നടത്തിയ സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

പണി പൂർത്തിയായ കെട്ടിടത്തിന്റെ വായ്പാ തിരിച്ചടവ് കോവിഡ് കാലത്ത് മുടങ്ങിയപ്പോൾ, ഉടമയെപ്പോലും അറിയിക്കാതെ ഇടെൻഡറിലൂടെ മറിച്ചുവിറ്റെന്നാണു പരാതി. സംഭവത്തിന് പിന്നിൽ വലിയ സാമ്പത്തിക ഇടപാട് നടക്കുവെന്നാണ് ഉയരുന്ന ആരോപണം. കോഴിക്കോട് നഗരമധ്യത്തിൽ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനടുത്ത് ഫോക്കസ് മാളിനോടു ചേർന്നുള്ള പേൾ ഹിൽ ബിൽഡേഴ്‌സിന്റെ കെട്ടിടത്തിന്റെ വിൽപനയാണ് വിവാദമാകുന്നത്.

കെഎഫ്‌സിയിൽ നിന്നു 2013 ൽ 4.89 കോടി രൂപ വായ്പയെടുത്ത് നിർമ്മാണം ആരംഭിച്ചതാണ് കെട്ടിടം. 40.06 സെന്റ് ഭൂമിയിൽ 48,197 ചതുരശ്ര അടി കെട്ടിടം നിർമ്മിച്ചു. 2020 ഫെബ്രുവരി വരെ ഉടമകൾ 2.60 കോടി രൂപ തിരിച്ചടച്ചു. പിന്നീട് മുടങ്ങി. കൂടിയ പലിശനിരക്കും പിഴയും ചേർത്ത് ഇപ്പോൾ 9.56 കോടി രൂപ ബാധ്യത ആയെന്നാണ് കെഎഫ്‌സിയുടെ കണക്ക്.

തിരിച്ചടവ് പലതവണ മുടങ്ങിയതോടെ 2020 ഡിസംബറിൽ കെട്ടിടം കെഎഫ്‌സി ഏറ്റെടുത്ത് ഇ ലേലത്തിലൂടെ വിൽക്കാൻ തീരുമാനിച്ചു. ഇക്കാര്യം ഉടമയെ അറിയിച്ചില്ല. 3 പത്രങ്ങളിൽ ക്ലാസിഫൈഡ് പരസ്യം മാത്രം നൽകി. 2 പേർ ടെൻഡർ സമർപ്പിച്ചതിൽ കൂടുതൽ തുക വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിക്ക് കച്ചവടം ഉറപ്പിക്കുകയും ചെയ്തു.

പിന്നീടാണ് മറ്റൊരു മറിമായം നടന്നത്. കെട്ടിടം ലേലം കൊണ്ട കൊല്ലം സ്വദേശി ആധാരം രജിസ്റ്റർ ചെയ്തപ്പോൾ സാക്ഷിയായി മാറി. ഇയാൾ നിർദേശിച്ചതു പ്രകാരം, ലേലത്തിൽ പങ്കെടുത്ത രണ്ടാമന്റെ മകൻ ഉൾപ്പെടെ 4 പേരുടെ പേരിലാണ് ഭൂമിയും കെട്ടിടവും രജിസ്റ്റർ ചെയ്തത്. പോക്കുവരവും നടത്തിക്കൊടുത്തു. 9.18 കോടി രൂപയ്ക്കാണ് ലേലം കൊണ്ടതെങ്കിലും 4.18 കോടി രൂപയാണ് ഇവർ കെഎഫ്‌സിയിൽ അടച്ചത്. ബാക്കി 5 കോടി രൂപ വായ്പയായി കെഎഫ്‌സി നൽകി.

അതേസമയം പേൾ ഹിൽ കെട്ടിടം ലേലം ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചു തന്നെയാണെന്ന് കെഎഫ്‌സി ചീഫ് മാനേജർ സി.അബ്ദുൽ മനാഫ് പറഞ്ഞു. ഉടമകൾക്ക് നോട്ടിസ് നൽകിയിരുന്നു. ലേലം കൊണ്ട ആൾ നാമനിർദ്ദേശം ചെയ്ത പ്രകാരമാണ് മറ്റു 4 പേർക്ക് രജിസ്റ്റർ ചെയ്തത്. അതിൽ തെറ്റില്ലെന്നു മനാഫ് പറഞ്ഞു.