- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേയിൽ 4 തവണകളായി 5,000 കോടി രൂപയും ജൂണിൽ 2 തവണകളായി 3,000 കോടിയും കടമെടുക്കും; ഇത് അമേരിക്കയിലെ ചികിൽസ അടക്കം നേതാക്കൾ വേണ്ടെന്ന് വച്ച് മുണ്ടു മുറുക്കി ഉടുത്ത് നടക്കേണ്ട കാലം; കടമെടുക്കാൻ വൈകിയത് ട്രഷറി നിയന്ത്രണമായി; ധനകാര്യ മാനേജ്‌മെന്റ് പാളുന്നു; കേരളം മറ്റൊരു ലങ്കയാകുമോ?
തിരുവനന്തപുരം: കേരളം വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സർക്കാർ ജീവനക്കാരുടെ പെൻഷനും ശമ്പളവും നൽകാനുള്ള മുഴുവൻ തുകയും കടമെടുക്കേണ്ട അവസ്ഥയാണ് സർക്കാർ. കടം എടുത്ത് ശമ്പളം നൽകില്ലെന്ന് പറയുന്ന കെ എസ് ആർ ടി സി മന്ത്രി കേരളത്തിനുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ പരിഹാസത്തോടെയാണ് യൂണിയൻ നേതാക്കൾ കണ്ടത്. എന്നാൽ കെ എസ് ആർ ടി സിയെക്കാൾ കഷ്ടമാണ് കേരളത്തിന്റെ അവസ്ഥ. കെ റെയിലിനുള്ള കടമെടുപ്പ് കൂടിയാകുമ്പോൾ കേരളം മറ്റൊരു ശ്രീലങ്കയായി മാറും. വരുമാനമില്ലാതെ ചെലവ് കൂടിയതാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രശ്‌നങ്ങളുടെ കാതൽ.
സംസ്ഥാനത്ത് സാമ്പത്തികവർഷാവസാനം ട്രഷറി നിയന്ത്രണം പതിവാണെങ്കിലും ഇത്തവണ ആദ്യമാസം തന്നെ ഇത് വേണ്ടിവന്നതു കടമെടുപ്പു വൈകിയതിനാൽ ആണെന്നാണ് വിലയിരുത്തൽ. ഇതു സർക്കാരിന് നാണക്കേടായി. അതുകൊണ്ട് തന്നെ ഇനി കടമെടുക്കാൻ വൈകൽ ഉണ്ടാകുന്നില്ലെന്ന് സർക്കാർ ഉറപ്പു വരുത്തും. റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണു ശമ്പളവും പെൻഷനും അടക്കം നൽകാൻ ഓരോ മാസവും സർക്കാർ പണം കണ്ടെത്തുന്നത്. എന്നാൽ, പുതിയ സാമ്പത്തിക വർഷത്തിൽ കടമെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. അടുത്തമാസം മുതലാണു സംസ്ഥാന സർക്കാർ കടമെടുക്കൽ ആരംഭിക്കുക.
മേയിൽ 4 തവണകളായി 5,000 കോടി രൂപയും ജൂണിൽ 2 തവണകളായി 3,000 കോടിയും കടമെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസത്തെ ശമ്പളവും പെൻഷനും നൽകാനാണ് ഇത്. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയാൽ അത് സർക്കാരിന് വലിയ നാണക്കേടാകും. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങും. സർക്കാരിന്റെ വാർഷികത്തിനും മറ്റും കോടികൾ പൊടി പൊടിക്കുമ്പോഴാണ് ഈ പ്രശ്‌നങ്ങൾ. മുടങ്ങാതെ ശമ്പളം നൽകണമെന്ന നിർദ്ദേശം ധനവകുപ്പിന് മുഖ്യമന്ത്രിയും നൽകിയിട്ടുണ്ട്.
ശമ്പളം നൽകലാണ് സർക്കാരിനു മുന്നിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. ഇതു നിറവേറ്റാനാണ് 25 ലക്ഷത്തിനു മേലുള്ള ബില്ലുകൾ പാസാക്കുന്നതിനു ട്രഷറികൾക്കു വിലക്കേർപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്നും ജീവനക്കാരെ സർക്കാർ അറിയിച്ചിട്ടുണ്ട്. കടമെടുപ്പ് തുടർന്നാൽ കേരളം വലിയ പ്രശ്‌നത്തിലേക്ക് നീങ്ങും. ശ്രീലങ്കയ്ക്ക് സമാനമാണ് കേരളവും. വിനോദ സഞ്ചാര മേഖലയാണ് പ്രധാന വരുമാന മാർഗ്ഗം. കോവിഡിലെ തരംഗ സാധ്യതകൾ ഈ മേഖലയെ ഇന്നും പ്രതിസന്ധിയിൽ നിർത്തുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ കടമെടുക്കുന്നത് വിനയാകുമെന്ന തിരിച്ചറിവ് ചില സാമ്പത്തിക വിദഗ്ദ്ധർക്കെങ്കിലും ഉണ്ട്.
തോമസ് ഐസക് ധനമന്ത്രിയായപ്പോൾ ധനകാര്യ മാനേജ്‌മെന്റ് കുറച്ചു കൂടി കരുതലോടെയായിരുന്നു. ഇപ്പോൾ അതെല്ലാം താളം തെറ്റി. നികുതി പിരിവ് കൂട്ടി പ്രതിസന്ധി പരിഹരിക്കണമെന്ന നിർദ്ദേശവും ഉണ്ട്. ഇതിനൊപ്പം ചെലവ് പരമാവധി കുറയ്ക്കണം. ഇതൊന്നും ആരും ചെയ്യുന്നില്ല. എല്ലാ സർക്കാർ വകുപ്പിലും വൻ ധൂർത്താണ് നടക്കുന്നത്. ഇതിനൊപ്പമാണ് കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള പൊതു മേഖലാ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും. ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്‌ക്കേണ്ട സാഹചര്യവും വന്നേക്കും. ഇതിനിടെയാണ് മറ്റൊരു വലിയ ബാധ്യതയായ കെ റെയിലിന് വേണ്ടി സർക്കാർ ശത കോടികൾ കടമെടുക്കാൻ ഒരുങ്ങുന്നത്.
കൈയിൽ കാശില്ലാതെ കെ റെയിൽ പോലുള്ള വമ്പൻ പദ്ധതികൾക്ക് പിന്നാലെ പോയാൽ പ്രതിസന്ധി അതിരൂക്ഷമാകും. കേരളവും സമീപ ഭാവിയിൽ തന്നെ ശ്രീലങ്കയായി മാറും. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിൽസയിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉടൻ അമേരിക്കയിലേക്ക് പോകും. ഈ ചികിൽസയെല്ലാം ഖജനാവിന്റെ പണമാണ്. കേരളത്തിന്റെ ആരോഗ്യ മോഡൽ ലോക പ്രശസ്തമാണ്. എല്ലാ വിദഗ്ധ ചികിൽസയും ഇവിടെയുണ്ട്. എന്നിട്ടും നേതാക്കൾ അമേരിക്കയ്ക്ക് ചികിൽസയ്ക്കായി കുടുംബ സമേതം പോകുന്നു.
ഇത്തരം ചെലവുകളും നിയന്ത്രിക്കേണ്ടത് അനിവാര്യതയാണ്. പിണറായിയുടെ ചികിൽസാ ചെലവിലെ ലക്ഷങ്ങളുടെ ബാധ്യത ഖജനാവിന് നൽകുന്നത് ഈ ഘട്ടത്തിൽ കേരളത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റിന് താങ്ങാനാവാത്ത ഘടകങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ