- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി.എസ്.ടി നഷ്ടപരിഹാരം നിലച്ചതും കടമെടുപ്പ് പരിധി കുറച്ചതും കേരളത്തിന് തിരിച്ചടിയാകും; പ്രതീക്ഷിക്കുന്നത് 23,000 കോടി രൂപയുടെ ഇടിവ്; സംസ്ഥാനത്തെ ശമ്പള- പെൻഷൻ വിതരണം അടക്കം അവതാളത്തിൽ; ലൈഫ് മിഷൻ പദ്ധതിയുടെ മുന്നോട്ടു പോക്കിനെയും ബാധിക്കും; കടക്കെണിയുടെ കുരുക്ക് സർക്കാറിനെ തിരിച്ചടിക്കുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്ക്. കേന്ദ്രം വായ്‌പ്പാ പരിധി കുറച്ചതും വരുമാനത്തിലെ ഇടിവും ജിഎസ്ടി കുടിശ്ശിക നൽകുന്നത് അവസാനിക്കുകയും ചെയ്തതോടെയാണ് സംസ്ഥാനം പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നത്. വായ്‌പ്പാ പരിധി കുറിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്ത് വരും മാസങ്ങളിൽ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം ധനമന്ത്രി തന്നെ സമ്മതിച്ചു.
കണക്കാക്കിയിരുന്നതിനേക്കാൾ 23,000 കോടി രൂപയുടെ ഇടിവ് വായ്പ അടക്കമുള്ള വരുമാനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി മുതൽ ശമ്പളം, പെൻഷനുകൾ എന്നിവയുടെ വിതരണത്തിലും പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെ കേന്ദ്രം നിർത്തലാക്കിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കേന്ദ്രത്തിന്റെ നടപടി സംസ്ഥാനത്തെ ഉടനടി ബാധിക്കില്ലെങ്കിലും സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാതിയിൽ ഇത് സാരമായി ബാധിച്ചേക്കാമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നത്.
നിലവിൽ ശമ്പളവും പെൻഷനുകളും ഉൾപ്പടെ നൽകാൻ കഴിയുന്നുണ്ട്, എന്നിരുന്നാലും ഫണ്ടിന്റെ നല്ലൊരു ഭാഗം പുനഃസ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രതിസന്ധിയുണ്ടായേക്കും. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് വിഹിതത്തിൽ സംസ്ഥാനത്തിന് 23,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നും ധനമന്ത്രി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കുന്നു.
ഘട്ടം ഘട്ടമായി നാല് വർഷത്തിനുള്ളിൽ കേന്ദ്രതീരുമാനം നടപ്പാക്കും. ഈ വർഷം, കണക്കാക്കിയിരുന്ന വായ്പ പരിധിയായ 32,439 കോടി രൂപയിൽ നിന്ന് 3,578 കോടിയാണ് കുറയുക. റവന്യൂ കമ്മി വിഹിതത്തിൽ 7000 കോടി രൂപയും കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ട്. മാത്രമല്ല ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കാൻ കേന്ദ്രം തീരുമാനിച്ചതിനാൽ ഈ വിഭാഗത്തിൽ ലഭിച്ചിരുന്ന 12,000 കോടി രൂപയും സംസ്ഥാനത്തിന് ഇത്തവണ ലഭിക്കില്ല.
കേന്ദ്രത്തിന്റേത് വിവേചനപരമായ നടപടിയാണെന്നായിരുന്നു നിയമസഭയിൽ സംസാരിക്കവെ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. ഈ സമീപനത്തെ നേരിടാൻ പ്രതിപക്ഷ പിന്തുണ അഭ്യർത്ഥിച്ചതായും ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം ഡിസംബർ വരെ 17,936 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേകാലത്ത് അനുവദിച്ച വായ്പാ പരിധിയേക്കാൾ 5656 കോടിയുടെ കുറവാണിത്.
സാമ്പത്തിക സ്ഥിതിയിൽ പെട്ടെന്നുണ്ടാകുന്ന ആഘാതം ക്ഷേമ പദ്ധതികളിലും പ്രതിഫലിച്ചേക്കും. ലൈഫ് മിഷൻ പദ്ധതി മന്ദഗതിയിലായേക്കാം. സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകുന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് 53 ലക്ഷത്തോളം ആളുകൾക്കാണ് 1600 രൂപ വീതം ക്ഷേമപെൻഷനായി നൽകുന്നത്. ഈ തുക ഖജനാവിൽ നിന്ന് നൽകാനാകാത്തതിനാൽ പ്രത്യേക കമ്പനി രൂപീകരിച്ച് വായ്പയെടുത്താണ് നൽകുന്നത്. ഇതും പൊതുവായ്പയുടെ പരിധിയിൽ വരുമെന്നതാണ് ആശങ്കയ്ക്ക് കാരണം.
മറുനാടന് മലയാളി ബ്യൂറോ