കോട്ടയം: പ്രളയക്കെടുതിയിൽ മുങ്ങിപ്പോയ വാഹനങ്ങൾ ചുളുവിൽ സ്വന്തമാക്കാൻ കേരളത്തിലേക്ക് കണ്ണും നട്ട് ഇതരസംസ്ഥാനങ്ങളിലെ വാഹന ഡീലർമാർ. നേരിട്ടും വാഹനങ്ങൾ ഡീലർമാർ മുഖേനയുമാണ് ഇവരുടെ പ്രവർത്തനം. പ്രളയത്തിൽ മുങ്ങിപ്പോയ ചെലവാഹനങ്ങൾ ഷോറുമൂകളിലെത്തുമ്പോൾ  വിലയേക്കാൾ ഇരട്ടി തുകയാണ്  മെയിന്റനൻസിനായി കമ്പനികൾ ചോദിക്കുന്നത്.  ഈ കാരണത്താൽ തന്നെ പല വാഹന ഉടമകളും കിട്ടുന്ന കാശിന് വാഹനങ്ങൾ വിറ്റ് കാശ് വസൂലാക്കാനാണ് താൽപര്യപ്പെടുന്നത്. എന്നാൽ ഇതിന് തയ്യാറാകാത്തവരെ ലക്ഷ്യമിട്ടാണ് ഇടനിലക്കാർ രംഗത്തെത്തുന്നത്.

വാഹനത്തിനു പൂർണനഷ്ടമാണെന്ന് (ടോട്ടൽ ലോസ്) ഉടമയെ തെറ്റിദ്ധരിപ്പിക്കുകയാണ് ആദ്യപടി. സ്റ്റിയറിങ്ങിനു മുകളിൽ വെള്ളം കയറിയ വാഹനങ്ങൾക്കാണ് പൂർണനഷ്ടം കണക്കാക്കുന്നത്. ഇതിനു കിട്ടാവുന്ന തുകയും ഇവർ കണക്കാക്കും. തുക ഇൻഷുറൻസ് കമ്പനി നൽകുമെന്നും ഇടനിലക്കാർ ഉടമയെ ധരിപ്പിക്കും. ഇതിനുള്ള പേപ്പറുകൾ നീക്കിക്കൊള്ളാൻ പറഞ്ഞ് വാഹനങ്ങൾ കൊണ്ടുപോകും.

പൂർണനഷ്ടത്തിൽപ്പെടാത്ത വാഹനങ്ങൾ രണ്ടായിത്തിരിച്ചും ഇക്കൂട്ടർ കൊണ്ടുപോകുന്നു. പ്ലാറ്റ്‌ഫോംവരെ വെള്ളം കയറിയതാണ് ആദ്യത്തേത്. സ്റ്റിയറിങ് വരെ വെള്ളം കയറിയവയാണ് അടുത്ത തരംതിരിവിൽപ്പെടുന്നത്. ഈ വാഹനങ്ങൾക്ക് എത്ര തുക ഇൻഷുറൻസായി കിട്ടുമെന്നും അറിയിക്കും.

ബാക്കി അറ്റകുറ്റപ്പണികൾക്കുള്ള തുകയും പറയും. തുടർന്ന്, നന്നാക്കിനൽകാമെന്നു പറഞ്ഞ് യാർഡുകളിലേക്കു മാറ്റുകയാണ്. വാഹനത്തിന് എന്തൊക്കെ തകരാർ പറ്റിയെന്നറിയാത്ത ഉടമകൾ, ഇവർ പറയുന്നതൊക്കെ വിശ്വസിക്കാൻ നിർബന്ധിതരാകുന്നു.പൂർണനഷ്ടം സംഭവിച്ച വാഹനങ്ങൾ ബംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണു കൊണ്ടുപോകുന്നത്. ഇതുവരെ അഞ്ഞൂറിലേറെ വാഹനം സംസ്ഥാനത്തുനിന്നു കൊണ്ടുപോയി.

പ്രളയത്തിൽ വാഹനങ്ങൾക്കുണ്ടായ തകരാർ പരിഹരിക്കാൻ എല്ലാ പ്രമുഖവാഹനങ്ങളുടെയും നിർമ്മാതാക്കളും ഡീലർമാരും ചേർന്ന് പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.. മിക്ക സർവീസ് സെന്ററുകളിലും പ്രത്യേക 'ക്ലിനിക്കു'കളും തുടങ്ങി കഴിഞ്ഞു. ഇടനിലക്കാർ പറയുന്നതിനെക്കാൾ കുറഞ്ഞ തുകയിൽ വാഹനങ്ങൾ നന്നാക്കിനൽകാനാവും. സർവീസ് സെന്റർ ഇല്ലെന്ന കാരണത്താൽ, ചെറുകിട വർക്ക്ഷോപ്പുകളിൽ വാഹനങ്ങൾ നന്നാക്കിയാൽ ഇൻഷുറൻസ് തുക നൽകിയിരുന്നില്ല.

അവിടെ നന്നാക്കുന്നതിനും ഇൻഷുറൻസ് തുക നൽകണമെന്ന്, അടുത്തിടെ നടന്ന ഇൻഷുറൻസ് കമ്പനികളുടെ യോഗത്തിൽ വർക്ക്ഷോപ്പ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഇത് കമ്പനിപ്രതിനിധികൾ അംഗീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരള ജനറൽ സെക്രട്ടറി,കെ.ജി.ഗോപകുമാർ വ്യക്തമാക്കുന്നത്.

പ്രളയത്തിൽ വാഹനങ്ങൾക്കുണ്ടായ നാശനഷ്ടത്തെപ്പറ്റി പരിഭ്രാന്തിയുടെ ആവശ്യമില്ല. ഇൻഷുറൻസ് കമ്പനികളുടെ ടോൾഫ്രീ നമ്പരിൽ പ്രാഥമികവിവരം കൈമാറാം. നഷ്ടപരിഹാരഫോം പൂരിപ്പിച്ചും ലഘുവായ ചില നടപടിക്രമങ്ങൾവഴിയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താം. കൂടുതൽ നഷ്ടപരിഹാരത്തുക വാഗ്ദാനംചെയ്യുന്ന, വലിയ നടപടിക്രമങ്ങൾ ഉണ്ടെന്നുപറഞ്ഞു പറ്റിക്കുന്നവരെ ഒഴിവാക്കണം. -യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി, കോട്ടയം.