തിരുവനന്തപുരം: ലക്ഷദ്വീപിനായി ഭരണ പ്രതിപക്ഷ ഭേദമന്യേ കൈകോർത്ത് കേരളം.ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഡ്യം അർപ്പിച്ച് പ്രമേയം സംസ്ഥാന നിയമസഭ നാളെ പാസ്സാക്കും.അഡ്‌മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐക്യദാർഡ്യം പ്രഖ്യാപിക്കും.

ദ്വീപ് പ്രശ്‌നത്തിൽ മുഖ്യമന്ത്രിയാണ് നാളെ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും.ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങൾ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും.

ഗവർണ്ണറുടെ നയപ്രഖ്യാപനത്തിന്റെ ഭാഗമായുള്ള നന്ദി പ്രമേയ ചർച്ചകളോടനുബന്ധിച്ചാണ് പ്രമേയം അവതരിപ്പിക്കുക.ഇത്തരത്തിൽ ഒരു ചരിത്ര മുഹൂർത്തത്തിന് കൂടിയാണ് സഭ നാളെ സാക്ഷ്യം വഹിക്കുക.നയപ്രഖ്യാപന പ്രസംഗത്തിന്മേൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന നന്ദി പ്രമേയ ചർച്ചക്ക് നാളെ തുടക്കമാകും. ഭരണപക്ഷത്ത് നിന്നും സിപിഎം വിപ്പ് കൂടിയായ കെ കെ ശൈലജയാണ് ചർച്ച തുടങ്ങിവെക്കുക. ഇതാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച തുടങ്ങുന്നത്.

മന്ത്രിസ്ഥാനത്ത് നിന്നും ശൈലജയെ മാറ്റിയത് വലിയ ചർച്ചയായിരിക്കെയാണ് മുൻ ആരോഗ്യമന്ത്രി നന്ദി പ്രമേയത്തിൽ ആദ്യ പ്രാസംഗികയാകുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം നയപ്രഖ്യാപനത്തോടുള്ള എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. പ്രസംഗത്തിലും അത് തുടരും.

ഈയാഴ്ച ചോദ്യോത്തരവേളയില്ല. പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരുന്നുണ്ടെങ്കിൽ അതാകും നാളെത്തെ ആദ്യനടപടി അതിന് ശേഷമാകും ലക്ഷദ്വീപ് പ്രമേയം. അടിയന്തിരപ്രമേയം ഇല്ലെങ്കിൽ പ്രമേയത്തോടെ സഭാനടപടി തുടങ്ങും.