- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവപ്പെട്ടവന് വൈദ്യുതി നൽകാനുള്ള പദ്ധതിയിൽനിന്നു മുതലെടുപ്പ് നടത്താൻ റിസോർട്ട് മാഫിയ; തടയിട്ട് വനം വകുപ്പും; കാട്ടിൽ കുഴി കുത്തുന്നതിനെതിരേ കേസെടുത്തു
കോതമംഗലം: വനമധ്യത്തിലെ സമ്പന്നരുടെ അഴിഞ്ഞാട്ട കേന്ദ്രങ്ങളിലേക്ക് വൈദ്യുതികണക്ഷൻ നേടുന്നതിനുള്ള റിസോർട്ട് മാഫിയയുടെ നീക്കത്തിനെതിരെ വനംവകുപ്പിന്റെ ആപ്പ്. പട്ടികവർഗക്കാരനായ രവിയുടെ വീട് റോഡിൽനിന്നു മൂന്നു കിലോമീറ്റർ ഉള്ളിലാണ്. വനത്തിലൂടെ 40 പോസ്റ്റിട്ടാലേ വൈദ്യുതി ലൈൻ വലിക്കാൻ സാധിക്കൂ. ഇതിന്റെ പേരിൽ തൊട്ടടുത്തുള്ള റിസോർട്ട
കോതമംഗലം: വനമധ്യത്തിലെ സമ്പന്നരുടെ അഴിഞ്ഞാട്ട കേന്ദ്രങ്ങളിലേക്ക് വൈദ്യുതികണക്ഷൻ നേടുന്നതിനുള്ള റിസോർട്ട് മാഫിയയുടെ നീക്കത്തിനെതിരെ വനംവകുപ്പിന്റെ ആപ്പ്.
പട്ടികവർഗക്കാരനായ രവിയുടെ വീട് റോഡിൽനിന്നു മൂന്നു കിലോമീറ്റർ ഉള്ളിലാണ്. വനത്തിലൂടെ 40 പോസ്റ്റിട്ടാലേ വൈദ്യുതി ലൈൻ വലിക്കാൻ സാധിക്കൂ. ഇതിന്റെ പേരിൽ തൊട്ടടുത്തുള്ള റിസോർട്ട് മാഫിയ നടത്തുന്ന ഇടപെടലാണു പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള കേന്ദ്രഗവൺമെന്റിന്റെ സൗജന്യ വൈദ്യുതി വിതരണപദ്ധതിയായ രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതി കരൺ യോജനയുടെ ഭാഗമായി രവിക്കു വൈദ്യുതി വലിക്കാൻ അനുമതി ലഭിച്ചിരുന്നു. ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ മർമ്മപ്രധാനഭാഗമായ കൂട്ടിക്കലിലെ രവിയുടെ വീട്ടിലേക്ക് കോതമംഗലം -തട്ടേക്കാട് റോഡിൽനിന്നും 40 പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി വൈദ്യുതി വകുപ്പ് നടപടികൾ പൂർത്തിയാക്കി വരുന്നതിനിടെയാണ് ഇതിനെതിരെ കർശന നിലപാടുമായി വനംവകുപ്പ് രംഗത്തെത്തിയിട്ടുള്ളത്.
പോസ്റ്റുകൾ സ്ഥാപിക്കുന്നതിനായി റിസോർട്ട് മാഫിയയുടെ പിണിയാളുകൾ തീർത്ത കുഴികൾ വനംവകുപ്പ് ജീവനക്കാർ മൂടി. പോസ്റ്റുകളുമായെത്തിയ വാഹനം തടഞ്ഞ വനപാലകസംഘം, സംഭവവുമായി ബന്ധപ്പെട്ടെത്തിയ വനിതാ പഞ്ചായത്ത് പ്രസിഡൻിനെ വനത്തിൽ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു. വനം വകുപ്പിന്റെ വാഹനത്തിൽ കൂട്ടിക്കലിൽ എത്തിക്കാമെന്നുള്ള റെയിഞ്ചോഫീസറുടെ നിലപാട് അംഗീകരിക്കാതെ ഉറഞ്ഞുതുള്ളി സ്ഥലം വിട്ട പഞ്ചായത്ത് പ്രസിഡന്റ് വനംവകുപ്പ് ജീവനക്കാർക്കെതിരെ ഉന്നതതലത്തിൽ പരാതി ബോധിപ്പിച്ചതായിട്ടാണ് സൂചന.
കൂട്ടിക്കലിൽ താമസിക്കുന്ന കീരംപാറ ചിറമ്പാട്ടുവീട്ടിൽ സി.എ രവിയുടെ വിടിനു കണക്ഷൻ നൽകുന്നതുസംബന്ധിച്ച് കഴിഞ്ഞ 18-ന് ഹൈക്കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വകുപ്പ് പോസ്റ്റ് ഇടുന്നതിന് നടപടികൾ ആരംഭിച്ചത്. 23-ാം തീയതി കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച കോതമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ വി.എച്ച് അബുബക്കർ ഉന്നതാധികൃതരുമായി വിവരം പങ്കുവയ്ക്കുകയും ഇതുപ്രകാരം നിയമനടപടിക്ക് സാവകാശംതേടി കെ എസ് ഇ ബി കീരംപാറ സെക്ഷൻ ഓഫീസിൽ 24-ന് രേഖാമൂലം അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. വനത്തിനുള്ളിലൂടെ വൈദ്യുതിലൈൻ വലിക്കുന്നത് വനത്തിനും പരിസ്ഥിതിക്കും ദോഷകരമാണെന്നും ഇക്കാര്യത്തിൽ സുപ്രിംകോടതിയിൽ നിയമനടപടികൾക്ക് ലക്ഷ്യമിടുന്നുണ്ടെന്നും റെയിഞ്ചോഫീസർ കത്തിൽ വ്യക്തമാക്കിയിരുന്നു.
ഈ കത്ത് അവഗണിച്ച് അനുമതിയില്ലാതെ വനത്തിൽ കടന്ന് കെ എസ് ഇ ബി ജീവനക്കാർ പുറമേനിന്നുള്ള ഏതാനും പേരെക്കൂട്ടി രാത്രിയോടെ കുഴികൾ തീർക്കുകയായിരുന്നു. സമീപത്തെ റിസോർട്ട് നടത്തിപ്പുകാരനാണ് ഇക്കാര്യത്തിൽ സർവ്വസന്നാഹങ്ങളുമായി ഇവിടെയുണ്ടായിരുന്നത്. ഈ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
ഈ കണക്ഷന്റെ പ്രധാന ഗുണഭോക്താക്കൾ തൊട്ടടുത്ത റിസോർട്ടുടമ ഉൾപ്പെടെയുള്ള പ്രദേശത്തെ റിസോർട്ട് മാഫിയാക്കാരും റിയൽ എസ്റ്റേറ്റ് ലോബിയുമാണെന്നും വനം നശിപ്പിച്ച് ഇവരുടെ അഴിഞ്ഞാട്ടത്തിന് അവസരമൊരുക്കുന്നതിൽ ഉദ്യേഗസ്ഥ -രാഷ്ട്രീയലോബിയുടെ ഇടപെടൽ ശക്തമായിരുന്നെന്നുമാണ് ലഭ്യമായവിവരം. മൂന്നു കിലോമീറ്ററോളം വനത്തിലൂടെ ലൈൻ വലിച്ചുവേണം രവിയുടെ വീട്ടിൽ കണക്ഷനെത്തിക്കാൻ. തട്ടേക്കാട് കടവിനടുത്തുനിന്നും കിളിക്കുട് റിസോർട്ടിലേക്കുള്ള വനപാത വഴിയാണ് കണക്ഷൻ വലിക്കുന്നതിന് നീക്കം നടന്നത്. ഇതു വഴി റിസോർട്ട് ഉൾപ്പെടെ പരിസരമാകെ വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം കൂടി അണിയറപ്രവർത്തകർക്കുണ്ടെന്നാണ് വനംവകുപ്പ് ജീവനകാരുടെ അനുമാനം.
ഈ വഴിക്കല്ലാതെ അടുത്തകാലത്തെങ്ങും കൂട്ടിക്കലിൽ കുറഞ്ഞ ചെലവിൽ വൈദ്യുതി എത്താനിടയില്ലെന്ന് ബോധ്യപ്പെട്ട മാഫിയസംഘങ്ങൾ ഇക്കാര്യത്തിൽ രവിയെ കരുവാക്കി നടപടികൾക്കിറങ്ങുകയായിരുന്നു. റഷ്യൻ യുവതികൾക്കൊപ്പം കിളിക്കൂട് റിസോർട്ടിലെത്തിയ യുവാവ് സമീപം പെരിയാറ്റിൽ വള്ളം മുങ്ങി മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് പൊലീസ് പൂട്ടിച്ച റിസോർട്ട് അടുത്തകാലത്ത് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു.