തിരുവനന്തപുരം:ബഫർസോൺ ജനവാസമേഖലയെ എങ്ങനെ ബാധിക്കും എന്നതിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സുപ്രിം കോടതിക്ക് സമർപ്പിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം. പഠനം എങ്ങുമെത്താത്തത് കർഷകരേയും മലയോര ജനതയെയും ആശങ്കയിലാഴ്‌ത്തിരിക്കുകയാണ്.സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയാൽ (ബഫർ സോൺ / ഇഎസ്സെഡ്) കേരളത്തിലെ ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്ന വനം വകുപ്പിന്റെ പഠനം മൂന്നു മാസത്തിനകം പഠിച്ചു റിപ്പോർട്ട് നൽകണമെന്നാണു സുപ്രീം കോടതി നിർദ്ദേശം.സമയപരിധിക്കു 19 ദിവസം മാത്രം ബാക്കി നിൽക്കെ, ആകെയുള്ള 23 വന്യജീവി സങ്കേതങ്ങളിൽ ഒൻപതിടത്തു മാത്രമാണ് ഇതുവരെ പഠനം പൂർത്തിയായത്. ബാക്കി 14 വന്യജീവിസങ്കേതങ്ങളിൽ പഠനം നടത്തി 19 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കഴിയുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിനെയാണു (കെഎസ്ആർഇസി) സംസ്ഥാനത്തെ 23 സംരക്ഷിത വനപ്രദേശങ്ങളിൽ പഠനം നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വനം വകുപ്പും കെഎസ്ആർഇസിയും തമ്മിൽ ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടത് കഴിഞ്ഞമാസം 11ന് ആണ്.

ബഫർസോണിൽ നിന്നു ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ഒഴിവാക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി സർക്കാർ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.എരുമേലി പഞ്ചായത്തിലെ 2,500 ഹെക്ടറിലധികം ജനവാസ മേഖലകളെയാണു കോട്ടയം ജില്ലയിൽ ബഫർസോൺ ബാധിക്കുക. എയ്ഞ്ചൽവാലി, പമ്പാവാലി, മൂക്കൻപെട്ടി, കണമല, ഉമിക്കുപ്പ എന്നീ വാർഡുകളിലാണിത്. ഇതിനോടു ചേർന്ന്, പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തിലെ നാറാണംതോട്, തുലാപ്പള്ളി, കിസുമം, അട്ടത്തോട് എന്നീ മേഖലകളെയും ബാധിക്കും.പഞ്ചായത്തുകളിലും ഭീതി ഒഴിയുന്നില്ല. പെരുവന്താനം മ്ലാപ്പാറ വില്ലേജിലെ മൂഴിക്കൽ പ്രദേശം ബഫർസോണിൽ ഉൾപ്പെടും.കോരുത്തോട് പഞ്ചായത്തിലെ 4 വാർഡുകൾ, വണ്ടൻപതാൽ തേക്ക് പ്ലാന്റേഷന്റെ അതിർത്തിയിലുള്ള മുണ്ടക്കയം പഞ്ചായത്തിലെ ചില പ്രദേശങ്ങൾ എന്നിവയും ബഫർസോൺ പേടിയിലാണ്.മുട്ടപ്പള്ളി, കണമല എരുത്വാപ്പുഴ, കാളകെട്ടി മേഖലകളിലുള്ളവർക്കും ആശങ്കയുണ്ട്.പെരിയാർ ടൈഗർ റിസർവിൽ നിന്ന് ഒരു കിലോമീറ്റർ അന്തരീക്ഷ ദൂരമാണ് ബഫർസോൺ മേഖലയായി കണക്കാക്കുന്നത്. എന്നാൽ ഇതു ഭൂമിയിലൂടെ കണക്കാക്കുമ്പോൾ വനത്തിനു സമീപം ജനവാസ മേഖല ഉൾപ്പെടെ 7 കിലോമീറ്റർ ദൂരം വരെ ബാധിക്കും.
നിർമ്മാണ പ്രവർത്തനങ്ങൾക്കു മുൻകൂട്ടി പ്രത്യേക അനുമതി വാങ്ങേണ്ടിവരും.മരം മുറിക്കുന്നതിനും മണ്ണ് ഇളക്കിയ കൃഷിക്കും നിയന്ത്രണം വരും,റോഡുകളുടെ നിർമ്മാണം,വീതികൂട്ടൽ ഉൾപ്പെടെ പ്രതിസന്ധിയിലാകും. രാത്രികാല വാഹനയാത്രകൾ നിരോധനം വരും.ക്വാറികൾ, ടവറുകൾ, ഡാമുകൾ എന്നിവയ്ക്കും നിയന്ത്രണം വരും.

ബഫർ സോണിലുൾപ്പെടുന്ന ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും നിലവിലെ സാഹചര്യങ്ങളും സെൻട്രൽ എംപവർമെന്റ് കമ്മിറ്റിക്കു മുൻപാകെ അവതരിപ്പിക്കുകയാണു സംസ്ഥാന സർക്കാർ അടിയന്തരമായി ചെയ്യേണ്ടെത്. ബഫർസോൺ അന്തിമ വിജ്ഞാപനം ഇറങ്ങാത്ത 23 സംരക്ഷിത വനങ്ങളുടെയും അതിർത്തി പുനർനിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ചു ബഫർസോൺ അതിർത്തി വനത്തിനകത്തു തന്നെ നിലനിർത്താനും സർക്കാരിനു കഴിയും. എന്നാൽ സംസ്ഥാന സർക്കാർ ഇത് അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നില്ല എന്ന് കർഷകർ പറയുന്നു. ഭൂപതിവു ചട്ട ലംഘനം കണ്ടെത്തിയാൽ പട്ടയഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നു കഴിഞ്ഞ മേയിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.ചട്ട ലംഘനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭൂപതിവു ചട്ടം ഭേദഗതി ചെയ്യുക മാത്രമാണു സർക്കാരിനു മുൻപിലുള്ള പോംവഴി. വർഷങ്ങളായിട്ടും ഇക്കാര്യത്തിൽ നടപടിയില്ല.

ബഫർസോണുകളിലെ കെട്ടിടങ്ങളുടെ വിവരങ്ങൾ നൽകാൻ സുപ്രീം കോടതി നൽകിയ സമയപരിധി അടുത്ത മാസം അവസാനിക്കും. എന്നാൽ, വനം വകുപ്പ് ഇതുവരെ ഈ നടപടികളിലേക്കു കടന്നിട്ടില്ല. കെട്ടിടങ്ങൾ സംബന്ധിച്ചു വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞാൽ മാനദണ്ഡങ്ങളിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ട്. കെട്ടിടങ്ങളുടെ കണക്കെടുപ്പും സർവേയും വനം വകുപ്പിനെ മാത്രം ഏൽപ്പിക്കാതെ റവന്യു, കൃഷി വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്കും പങ്കാളിത്തം നൽകിയാൽ സമയബന്ധിതമായി തീർക്കാം എന്നിരിക്കെ വനം വകുപ്പിനെ മാത്രമായി ഇത് ഏൽപ്പിച്ചിരിക്കുന്നത് പ്രതിഷേധങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.

ആകെ വിസ്തൃതിയുടെ 50 ശതമാനത്തിൽ അധികവും വനപ്രദേശമുള്ള ഇടുക്കി ജില്ലയിൽ ബഫർസോണിന്റെ പേരിൽ വനവിസ്തൃതി കൂട്ടാനാണു നീക്കമെന്നാണു സാധാരണക്കാരുടെ ആശങ്ക. ജില്ലയുടെ വിസ്തൃതി 4358 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 4 ദേശീയോദ്യാനങ്ങളും 4 സംരക്ഷിത വന്യജീവി സങ്കേതങ്ങളുമുണ്ട്. കൂടാതെ ചെറുതും വലുതുമായ പത്തിലധികം ഡാമുകളും അതിന്റെ വൃഷ്ടി പ്രദേശങ്ങളും സംരക്ഷിത വനങ്ങൾക്കു സമാനമായ സ്ഥിതിയിലുള്ളതാണ്. തോട്ടം മേഖലയിലെ 70,000 ഏക്കറോളം ഭൂമി വൻകിട കമ്പനികളുടെ ഉടമസ്ഥതയിലുമാണ്.

കൂടുതൽ സമയം അനുവദിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുമെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നുമാണു പ്രതീക്ഷ. സുപ്രീം കോടതി വിധി വരുന്നതിനു മുൻപും കേരളം പഠനം നടത്തിയിരുന്നു. കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ മൂന്നു മേഖലകളിൽ, ഇതിനകം സിറ്റിങ് നടത്തി. എത്രയും വേഗം സർവേ പൂർത്തിയാക്കുമെന്ന് വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല.