പട്യാല: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ കേരളത്തിന് ആദ്യ സ്വർണം. പുരുഷന്മാരുടെ 800 മീറ്ററിൽ സജീഷ് ജോസഫാണ് മീറ്റിലെ കേരളത്തിന്റെ ആദ്യ സ്വർണം നേടിയത്. ഒരു മിനിട്ട് 46 സെക്കൻഡിലാണ് സജീഷ് സ്വർണനേട്ടത്തിലെത്തിയത്. ഈയിനത്തിലെ മീറ്റ് റെക്കോഡും സജീഷ് സ്വന്തം പേരിൽ കുറിച്ചു. കേരളത്തിന്റെ ജിൻസൺ ജോൺസണാണ് ഈയിനത്തിൽ വെങ്കലം.

ഇന്നു നടന്ന 400 മീറ്റർ പുരുഷ-വനിത ഹർഡിൽസ് മത്സരങ്ങളിൽ കേരളം വെള്ളി നേടി. വനിതാവിഭാഗത്തിൽ ആർ അനുവാണ് വെള്ളി നേടിയത്. പുരുഷ വിഭാഗം ഹർഡിൽസിൽ ജോസഫ് ജെ എബ്രഹാമും വെള്ളി നേടി. ഈയിനത്തിൽ റെയിൽവെയുടെ മലയാളി താരം ജിതിൻ പോളിനാണ് സ്വർണം.

ഇന്നലെ 5000 മീറ്ററിൽ പ്രീജ ശ്രീധരൻ വെള്ളി നേടിയിരുന്നു. പഞ്ചാബിന്റെ മലയാളിതാരം ഒ പി ജെയ്ഷയാണ് 5000 മീറ്ററിൽ സ്വർണം നേടിയത്.