തിരുവനന്തപുരം: കേരള ഭരണം നിർണ്ണയിക്കാനുള്ള വോട്ടെടുപ്പിന് തുടക്കമായി. 14ാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ തുടങ്ങി.വൈകുന്നേരം ആറുവരെയാണ് വോട്ട് ചെയ്യാനുള്ള സമയം. 19 നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് സമാധാനപൂർണമായി നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഇ.കെ.മാജി അറിയിച്ചു. സംസ്ഥാനത്തുടനീളം മഴയുള്ളതിനാൽ വോട്ടിങ് ശതമാനം കുറയുമോ എന്ന ആശങ്ക സജീവമാണ്. രണ്ടരമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് വോട്ടെടുപ്പ്. ഇടത്-വലത് മുന്നണികൾക്കൊപ്പം ബിജെപി-ബിഡിജെഎസ് സഖ്യവുമുള്ളതിനാൽ മിക്ക മണ്ഡലങ്ങളിലും ത്രികോണ പ്രതീതിയാണ്. ഇതാണ് തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാകുന്നത്. 

140 നിയോജകമണ്ഡലങ്ങളിലായി 1203 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടർമാർ 2.60 കോടി. ഇതിൽ 1.35 കോടി സ്ത്രീകളും 1.25 കോടി പുരുഷന്മാരുമാണ്. 2011 ലേതിനെക്കാൾ 28.71 ലക്ഷം വോട്ടർമാർ കൂടുതലുണ്ട്. 23,289 പ്രവാസി വോട്ടർമാരും ഭിന്നലിംഗക്കാരായ രണ്ടുപേരും വോട്ടർ പട്ടികയിലുണ്ട്. യു.ഡി.എഫിനും എൽ.ഡി.എഫിനും പുറമെ മൂന്നാം മുന്നണി എന്ന നിലയിൽ ബിജെപി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യും പ്രചാരണരംഗത്ത് ശക്തമായിരുന്നു. അതുകൊണ്ട് പോളിങ് ശതമാനം കൂടുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. പ്രചരണത്തിലേക്ക് കടക്കുമ്പോൾ ഇടതിന് നേരിയ മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ ത്രികോണ പോര് കടുത്തതോടെ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായി.

ഭരണം തുടരുമെന്ന് യു.ഡി.എഫും പിടിച്ചെടുക്കുമെന്ന് എൽ.ഡി.എഫും അവകാശപ്പെടുന്നു. അക്കൗണ്ട് തുറക്കാനും നിർണായക എണ്ണം സീറ്റുകൾ നേടാനുമാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എൺപതിന് മുകളിൽ സീറ്റുകളാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. നേരിയ ഭൂരിപക്ഷമാണ് സിപിഎമ്മിന്റെ ലക്ഷ്യം. നിയമസഭയിൽ അക്കൗണ്ട് തുറക്കുന്നതിനാണ് ബിജെപി പോരാട്ടം. ലക്ഷ്യം കൈവരിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസം മൂന്ന് കൂട്ടർക്കുമുണ്ട്. ദേശീയ നേതാക്കളെ പ്രചരണത്തിന് കൊണ്ടു വന്നാണ് മൂന്ന് മുന്നണികളും പ്രചരണം കൊഴുപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 5 റാലികളിലാണ് പങ്കെടുത്തത്.

അതിനിടെ ബിജെപി. നയിക്കുന്ന എൻ.ഡി.എ. മുന്നണി പത്തു മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ റിപ്പോർട്ട്. രണ്ടാം സ്ഥാനത്ത് എത്തുമെന്നു പ്രതീക്ഷിക്കുന്ന 14 മണ്ഡലങ്ങളുടെ പട്ടികയും അമിത് ഷായ്ക്കു കൈമാറി.നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, മണലൂർ, മഞ്ചേശ്വരം, കാസർഗോഡ്, ഉടുമ്പൻചോല, കുട്ടനാട്, ചെങ്ങന്നൂർ മണ്ഡലങ്ങളിലാണ് ബിജെപിക്കു ജയപ്രതീക്ഷയുള്ളത്. എൻ.ഡി.എയെ തോൽപ്പിക്കാനായി ഇടത്, വലത് മുന്നണികൾ മുസ്ലിം വോട്ട് ധ്രുവീകരണമുണ്ടാക്കുമെന്നും ബിജെപി. നേതൃത്വം വിലയിരുത്തുന്നു.

ഒ. രാജഗോപാൽ മത്സരിക്കുന്ന നേമം മണ്ഡലത്തിൽ മുസ്ലിം വോട്ടുകൾ ഇടതു സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്കു കിട്ടുമെന്നും ഹിന്ദു വോട്ടുകൾ നേടി രാജഗോപാൽ ജയിക്കുമെന്നുമാണു കണക്കുകൂട്ടൽ. സുൽത്താൻ ബത്തേരി, പാലക്കാട്, കുന്നമംഗലം, ആറന്മുള, റാന്നി, കോവളം, കാട്ടാക്കട, നെടുമങ്ങാട്, പാറശാല, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പുതുക്കാട്, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളാണു രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നവ. ഒത്തിണക്കമുള്ള പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പിൽ പ്രമുഖ ശക്തിയായി മാറാൻ ബിജെപിക്കു കഴിഞ്ഞെന്നും പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്ര നേതാക്കളുടെ വരവ് ഗുണം ചെയ്‌തെന്നും റിപ്പോർട്ട് പറയുന്നു.

ഇന്നു വൈകിട്ട് 6.30 കഴിഞ്ഞാൽ ചാനലുകൾക്ക് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രക്ഷേപണം ചെയ്യാൻ തെരഞ്ഞെടുപ്പു കമ്മിഷൻ അനുവാദം നൽകിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, അസം, ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ഇതുവരെ പുറത്തുവന്ന തിരഞ്ഞെടുപ്പു സർവേകളും അഭിപ്രായവോട്ടെടുപ്പുകളും ബംഗാളിൽ മമതാ ബാനർജിയുടെയും തമിഴ്‌നാട്ടിൽ ജയലളിതയുടെയും തിരിച്ചുവരവാണ് പ്രവചിക്കുന്നത്. അസമിൽ ബിജെപിക്കാണു മുൻതൂക്കം. എന്നാൽ ഏറ്റവും പ്രവചനാതീതമായി നിലനിൽക്കുന്നതു കേരളത്തിലെ മത്സരമാണ്. ഈ അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രചാരണമാണ് ഇത്തവണ ഏറ്റവും കൂടുതൽ ദേശീയ ജനശ്രദ്ധ നേടിയത്. അതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും ഒരുപോലെ കാരണക്കാരായി.

സോണിയ ഗാന്ധിക്കെതിരെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിൽ പ്രധാനമന്ത്രി നടത്തിയ ആരോപണം, അതിന് സോണിയ വികാരനിർഭരമായി നൽകിയ മറുപടി എന്നിവ ദേശീയ മാദ്ധ്യമങ്ങളിൽ സ്ഥാനംപിടിച്ചു. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ സ്ഥിതി സൊമാലിയയെക്കാൾ മോശമാണെന്ന മോദിയുടെ പരാമർശം രാഷ്ട്രാന്തരതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു, വൻതോതിൽ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തു. സമീപകാലത്തു നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രചാരണം നടത്താത്ത തെരഞ്ഞെടുപ്പ് എന്ന സവിശേഷതയും കേരളത്തിലേതാണ്. അദ്ദേഹം പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ കേരളത്തിൽ പര്യടനം നടത്താനാണിരുന്നത്. എന്നാൽ അസുഖം കാരണം അതു നടന്നില്ല.

തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ഇന്നലെ തന്നെ പൂർത്തിയാക്കിയിരുന്നു. 21,498 പോളിങ് ബൂത്തുകളും 148 ഉപബൂത്തുകളുമാണ് ഇത്തവണയുള്ളത്. ഒരു ബൂത്തിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1750 ആയിരിക്കും. ഇതിൽ കൂടുതൽ പേരുള്ള ഇടങ്ങളിലാണ് ഉപ ബൂത്തുകൾ അനുവദിച്ചിട്ടുള്ളത്. 1,11,897 ജീവനക്കാരാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മുമ്പെങ്ങും ഇല്ലാത്തവിധം സുരക്ഷാ സന്നാഹങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. 3176 ബൂത്തുകളിൽ പ്രശ്‌നസാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 119 ബൂത്തുകൾക്ക് നക്‌സൽ ഭീഷണിയുള്ളതായും വിലയിരുത്തപ്പെടുന്നു. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണിത്.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രശ്‌നസാധ്യതാ ബൂത്തുകളുള്ളത്1042 എണ്ണം. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കണ്ണൂരിൽ സംഘർഷസാധ്യതയും കള്ളവോട്ടും തടയാനും അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കേരള പൊലീസും കേന്ദ്രസേനയും ചേർന്ന് 52,000 പേരും എക്‌സൈസ്, വനം ഉദ്യോഗസ്ഥരും ഹോം ഗാർഡുമാണ് സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇത്തവണ ആദ്യമായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊലീസ് നിരീക്ഷകരും സംസ്ഥാനത്തെത്തി. എല്ലായിടത്തും കേന്ദ്രസർക്കാർ ജീവനക്കാരെ സൂക്ഷ്മനിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്.

26,724 കൺട്രോൾ യൂണിറ്റും 34,252 ബാലറ്റ് യൂണിറ്റുമാണ് വോട്ടിങ് യന്ത്രങ്ങളായുള്ളത്. ബാലറ്റിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ ഉൾപ്പെടുത്തിയതാണ് ഇത്തവണത്തെ ഒരു പ്രത്യേകത. 12 മണ്ഡലങ്ങളിൽ വി.വി.പാറ്റ് യന്ത്രങ്ങളാണ്. ഇതിൽ വോട്ട് രേഖപ്പെടുത്തിയത് ആർക്കാണെന്ന് വോട്ടർക്ക് കാണാനാവും. ബൂത്തുതല ഓഫീസർ നൽകുന്ന ഫോട്ടോയുള്ള സ്ലിപ്പും വോട്ടർ കാർഡിന് പകരമായുള്ള തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിട്ടുണ്ട്. കൂടാതെ പത്തുരേഖകളും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ പ്രവാസി വോട്ടർമാർ പാസ്‌പോർട്ട് തന്നെ ഹാജരാകണം. മറ്റുള്ളവർക്ക് അംഗീകരിച്ച ആ പത്തുകാർഡുകൾ ഇവയാണ്:

1. പാസ്‌പോർട്ട്
2. ഡ്രൈവിങ് ലൈസൻസ്
3. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവയുടെ തിരിച്ചറിയൽ കാർഡുകൾ
4. ഫോട്ടോ പതിപ്പിച്ച ബാങ്ക്, പോസ്റ്റോഫീസ് പാസ്ബുക്കുകൾ(സഹകരണ ബാങ്കുകളുടേത് പരിഗണിക്കില്ല)
5. പാൻ കാർഡ്
6. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമായി രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ നൽകുന്ന സ്മാർട്ട് കാർഡ്
7. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ കാർഡ്
8. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
9. ഫോട്ടോ പതിപ്പിച്ച പെൻഷൻ രേഖ
10. എംപി.മാർക്കും എംഎ‍ൽഎ.മാർക്കുമുള്ള തിരിച്ചറിയൽ കാർഡ്