തിരുവനന്തപുരം: എത്രയാകും പോളിങ്? പോളിങ് കൂടുന്നത് ആർക്ക് ഗുണകരമാകും? ചർച്ചകൾ ഈ വഴിക്ക് മാറുകയാണ്. പോളിങ് കൂടിയാൽ അത് യുഡിഎഫിന് അനുകൂലമെന്നാണ് പൊതുവെയുള്ള പറച്ചിൽ.

എന്നാൽ ബിജെപിയുടെ സാന്നിധ്യം ഉയർത്തിയ ശക്തമായ ത്രികോണ മത്സര ചിത്രം പരിശോധിച്ചാൽ ഇത്തവണ എന്ത് സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. യുവ വോട്ടർമാരുടെ മനസ്സ് തന്നെയാകും നിർണ്ണായകം. 2011-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ നിന്ന് 28.71 ലക്ഷത്തോളം വോട്ടർമാരാണ് ഇക്കുറി കൂടുതൽ. ഈ പുതുവോട്ടർമാരുടെ വോട്ട് ആർക്ക് എന്നതിൽ ആർക്കും ഉത്തരമില്ല. പോരാട്ടം സൈബർ ലോകത്ത് കൂടിയാക്കിയത് യുവ വോട്ടർമാരെ ലക്ഷ്യമിട്ടാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.12% പേരാണ് വോട്ടു ചെയ്തത്. 2006 ൽ അതിലും കുറവായിരുന്നു: 72.3%. ഇക്കുറി 75 കടക്കും എന്നതാണ് മൂന്നു മുന്നണികളുടേയും പ്രതീക്ഷ. ബിജെപിയുടെ ശക്തമായ സാന്നിധ്യം ഒരുക്കുന്ന ത്രികോണ പോരാട്ട ചൂട് തന്നെയാണ് ഇതിന് കാരണവും. നിയമസഭാതെരഞ്ഞെടുപ്പിനേക്കാൾ അൽപം കുറവായിരുന്നു 2014- ലെ ലോക്‌സഭാ പോളിങ്: 74.02%. ആ കുറവ് തദ്ദേശതെരഞ്ഞെടുപ്പിൽ തീർന്നു. 77.76 ശതമാനത്തിന്റെ വൻപോളിങ്. തദ്ദേശതെരഞ്ഞെടുപ്പിൽ 2.51 കോടി വോട്ടർമായിരുന്നുവെങ്കിൽ അഞ്ചുമാസം പിന്നിടുമ്പോൾ പിന്നെയും ഒൻപതു ലക്ഷം വോട്ടർമാർ കൂടുതൽ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 45.83% വോട്ടാണ് യുഡിഎഫ് നേടിയത്. ഇടതുമുന്നണി 44.94%. അതായത് ഒരുശതമാനത്തിൽ താഴെ വോട്ടിനാണ് യുഡിഎഫ് അധികാരത്തിലേറിയത്. യുഡിഎഫ് വെറും 42 സീറ്റിലൊതുങ്ങിയ 2006-നേക്കാൾ 2.85% വോട്ട് മാത്രം അധികമായി ലഭിച്ചപ്പോൾ അന്നത്തേതിലും 30 സീറ്റ് കൂടുതലായി മുന്നണിക്കു ലഭിച്ചു.2006 ൽ 98 സീറ്റ് നേടിയ ഇടതുമുന്നണിക്കുണ്ടായ നഷ്ടവും കൃത്യം 30 സീറ്റായിരുന്നു. അവർക്കു ലഭിച്ചത് 68 സീറ്റ്. മൂന്നുശതമാനം വോട്ടുവ്യത്യാസം തന്നെ അധികാരം ആർക്ക് എന്നു നിശ്ചയിക്കാൻ പോന്നത്. ഇതുകൊണ്ട് കൂടിയാണ് വോട്ടിങ് ശതമാനം കേരളത്തിൽ നിർണ്ണായകമാവുക.

ഉറച്ച രാഷ്ട്രീയവോട്ടുകളേക്കാൾ നിർണായകമാകുക അരാഷ്ട്രീയവോട്ടുകളാകും അന്തിമ വിജയിലെ നിശ്ചയിക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 6.06% മാത്രമാണ് എൻഡിഎ നേടിയത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പായപ്പോൾ അത് 15 ശതമാനത്തിലെത്തി. ഇക്കുറി ബിജെപി ലക്ഷ്യമിടുന്നത് 20% വോട്ടാണ്. എന്നാൽ ചില മണ്ഡലങ്ങളിൽ എൻഡിഎ കൂടുതൽ വോട്ടു പിടിക്കാം എന്നല്ലാതെ മൊത്തം വോട്ടുവിഹിതത്തിൽ അവർ വൻകുതിപ്പു നടത്തുമെന്ന് യുഡിഎഫും എൽഡിഎഫും കരുതുന്നില്ല.