കൊച്ചി: കേന്ദ്രവും കേരളവും ഒരേ പാർട്ടി ഭരിച്ചാൽ മാത്രമേ വികസനങ്ങൾ നാട്ടിൽ നടപ്പാക്കാൻ സാധിക്കുകയുള്ളൂ എന്നുള്ള തെരഞ്ഞെടുപ്പ് സമയത്തുള്ള കോൺഗ്രസ് പ്രസ്താവനകൾ പൊളിയുന്നു. കേരളത്തിന് അടുത്തിടെ കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടിയ 23 പദ്ധതികളിൽ രണ്ടെണ്ണം മാത്രമാണ് കോൺഗ്രസ് കേന്ദ്ര ഭരണകാലത്ത് കേരളത്തിന് ലഭിച്ചത്. ബാക്കി 21 പദ്ധതികളും ലഭിച്ചത് 2014-2016 കാലഘട്ടത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

ഈ നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിൽ കേന്ദ്ര വികസന പദ്ധതികളിൽ കേരളത്തിന് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അനുവജിച്ച പദ്ധതികൾ ഏതൊക്കെയാണെന്നും, അതിനായി എത്ര തുക കേന്ദ്രം കേരളത്തിന് ലഭിച്ചു എന്നുമുള്ള കെവി വിജയദാസിന്റെ ചോദ്യനുള്ള മറുപടിയിലാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മൊത്തം 23 കേന്ദ്രാവിഷ്ടിത പദ്ധതികളാണ് കേരളത്തിനായി കിട്ടിയതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊടുത്ത മറുപടിയിൽ പറയുന്നു.

23 കേന്ദ്രാവിഷ്ടിത പദ്ധതികളിൽ മന്മോഹൻസിങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേരളത്തിനു ലഭിച്ചത് വെറും രണ്ടു പദ്ധതികൾ മാത്രമാണെന്നും മറ്റു കേന്ദ്രാവിഷ്ടിത പദ്ധതികൾ സംസ്ഥാനത്തിന് ലഭിച്ചത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ഭരണകാലത്താണെന്നും മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. അതായത് മോദിയുടെ ഭരണത്തിൽ കേരളത്തിൽ ധാരാളെ കേന്ദ്ര പദ്ധതിയെത്തുന്നുവെന്ന് കോൺഗ്രസ് സർക്കാർ തന്നെ സമ്മതിക്കുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമുള്ളപ്പോൾ അവഗണനയും വ്യക്തം.

മന്മോഹൻസിങ് ഭരണകാലത്ത് യുഡിഎഫ് ഗവൺമെന്റ് കേരളം ഭരിക്കുമ്പോൾ സബ്മിഷൻ ഓഫ് അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ, കേരള ട്രാവൽ മാർട്ട് എന്നീ രണ്ടു കേന്ദ്രാവിഷ്ടിത പദ്ധതികൾക്കായി കേരളത്തിന് വേണ്ടി പണം അനുവദിച്ചിരുന്നു. പിന്നിട് മാറിവന്ന മോദി
സർക്കാരിന്റെ 2014-2015 കാലഘട്ടത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് വലുതും ചെറുതുമായ 17 പദ്ധതികൾ കേരളത്തിന് ലഭിച്ചു. 2015-2016 കാലഘട്ടത്തിൽ അത് 23 പദ്ധതികളായി ഉയർന്നതായും മുഖ്യമന്ത്രി നിയമസഭയുടെ മുൻപിൽ വച്ച മറുപടിയിൽ നിന്ന് മനസിലാവും.

യുപിഎ ഭരിക്കുന്ന 2013-2014 കാലഘട്ടത്തിൽ കേന്ദ്രാവിഷ്ടിത പദ്ധതിയിനത്തിൽ അനുവദിച്ച രണ്ടു പദ്ധതിയിൽ കേരളത്തിന് അനുവദിച്ചത് 512 ലക്ഷം രൂപയാണ്. എന്നാൽ പിന്നീടു വന്ന ബിജെപി സർക്കാർ 17 പദ്ധതികളിലായി 64235.97 ലക്ഷം രൂപ കേരളത്തിന് നൽകി എന്നാണ് നിയമസഭയിൽ ഉമ്മൻ ചാണ്ടി പറഞ്ഞ കണക്കുകൾ വ്യക്തമാക്കുന്നത്. നടപ്പ് വർഷത്തിൽ 18 കേന്ദ്രാവിഷ്ടിത പദ്ധതികളിലായി 72154.76 ലക്ഷം രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു.

കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്ന പദ്ധതികളിൽ ആർഎംഎസ്എ (രാഷ്ട്രിയ മാദ്ധ്യമിക് ശിക്ഷ അഭിയാൻ) എന്ന പദ്ധതിക്കായി കഴിഞ്ഞ വർഷം 1650 ലക്ഷം രൂപയും ഇപ്പോൾ 6300 ലക്ഷം രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചു. നാഷണൽ ഹെൽത്ത് മിഷന് 2014-2015 ൽ 46595 ലക്ഷവും 2015-2016 നടപ്പ് വർഷത്തിൽ 37188 ലക്ഷം രൂപയും കേന്ദ്രാവിഷ്ടിത പദ്ധതി പ്രകാരം കേന്ദ്രത്തിൽ നിന്ന് അനുവദിച്ചതായി ഉമ്മൻ ചാണ്ടി തന്നെയാണ് നിയമസഭയിൽ വ്യക്തമാക്കിയത്.

ഈ സർക്കാർ വന്നതിനു ശേഷം പദ്ധതികൾ നടപ്പാക്കാൻ വീഴ്ച വരുത്തിയിട്ടില്ലെന്നും, പുതിയ പദ്ധതികളിൽ നിന്നും കേരളത്തെ നിഷേധിച്ചിട്ടിലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.