തിരുവനന്തപുരം: ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടായിട്ടും ഒരു മികച്ച കായികതാരമായി മാറണമെന്ന വാശിയിൽ ഉറച്ച് നിന്ന പി.യു ചിത്രയ്ക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ. ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് കേരള സർക്കാരിന്റെ വക പാരിതോഷികം പത്ത് ലക്ഷം രൂപ. ഇനി ചിത്രയ്ക്കും കുടുംബത്തിനും ധൈര്യമായി പരിശീലനം തുടരാം.

കൂലിപ്പണിക്കാരായ അച്ഛനും അമ്മയും വളരെ കഷ്ടപ്പെട്ടാണ് ചിത്രയെ വളർത്തിയത്. ഒരു കായികതാരത്തിന് വേണ്ടതായ നല്ല ഭക്ഷണമോ പരിശീലനമോ നൽകാൻ കഴിയാത്തതിന്റെ വിഷമവും ഈ അച്ഛനമ്മമാർക്ക് ചില്ലറയായിരുന്നില്ല. ഒടുവിൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാവുകയാണ കേരള സർക്കാർ ഏഷ്യൻ മീറ്റിൽ സ്വർണം നേടിയവർക്ക് പ്രഖ്യാപിച്ചിരിക്കുന്ന പത്ത് ലക്ഷം രൂപയിലൂടെ.

ഏഷ്യൻ അത്‌ലറ്റിക്ക് മീറ്റിൽ സ്വർണം നേടിയതോടെ ചിത്രയ്ക്ക് ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക്ക് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാനും അവസരം ഒരുങ്ങിയിട്ടുണ്ട്. ഈ അവസരത്തിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഈ തുക ചിത്രയ്ക്ക് വളരെ സഹായകമാകും. നല്ല പരിശീലനത്തിനും ഭക്ഷണത്തിനും കുടുംബ പ്രാരാബ്ദങ്ങൾക്കും ഉള്ള പരിഹാരം തന്നെയാവും ചിത്രയ്ക്ക് ഇത്.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഏഷ്യൻ അത്‌ലറ്റിക്ക് മീറ്റിൽ സ്വർണം നേടിയ താരങ്ങൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്. സ്വർണം നേടിയവർക്ക് പത്ത് ലക്ഷ രൂപയും വെള്ളി നേടിയവർക്ക് ഏഴ് ലക്ഷം രൂപയും വെങ്കലം നേടിയവർക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികം ലഭിക്കും.

ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കന്നിക്കിരീടം നേടിയ ഇന്ത്യ ആകെ 29 മെഡലുകളാണ് നേടിയത്. ഇതിൽ രണ്ടു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും മലയാളി താരങ്ങളുടെ വകയായിരുന്നു. കൂടാതെ 4ഃ400 മീറ്റർ റിലേയിൽ സ്വർണം നേടിയ പുരുഷ-വനിതാ ടീമുകളിലായി നാലു മലയാളികളുണ്ടായിരുന്നു.

400 മീറ്ററിലും 4ഃ400 മീറ്ററിലും സ്വർണം നേടിയ മുഹമ്മദ് അനസ്, 1500 മീറ്ററിൽ സ്വർണനേട്ടത്തോടെ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ പി.യു ചിത്ര, 10,000 മീറ്ററിൽ വെള്ളി നേടിയ ടി.ഗോപി, ലോങ്ജമ്പിൽ വെള്ളി നേടിയ വി നീന, വെങ്കലം നേടിയ നയന ജെയിംസ്, 400 മീറ്ററിൽ വെങ്കലവും 4ഃ400 മീറ്റർ റിലേയിൽ സ്വർണവും നേടിയ ജിസ്ന മാത്യു, 400 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയ ആർ അനു, വെങ്കലം നേടിയ ജാബിർ എംപി, ട്രിപ്പിൾ ജമ്പിൽ വെങ്കലം നേടിയ എൻ.വി ഷീന, 800 മീറ്ററിൽ വെങ്കലം നേടിയ ജിൻസൺ ജോൺസൺ, 4ഃ400 മീറ്റർ റിലേയിൽ സ്വർണം നേടിയ കുഞ്ഞുമുഹമ്മദ്, അമോജ് ജേക്കബ് എന്നിവരാണ് കേരളത്തിന്റെ അഭിമാനമായത്.

നേരത്തെ കേന്ദ്ര സർക്കാർ മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സ്വർണമെഡൽ ജേതാവിന് ഏഴുലക്ഷവും വെള്ളിമെഡൽ ജേതാവിന് അഞ്ചു ലക്ഷവും വെങ്കലമെഡലിന് 2.5 ലക്ഷവും രൂപയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.