- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ സിബിഐക്ക് മൂക്കുകയർ! കേസുകളിൽ അന്വേഷണം നടത്താനുള്ള പൊതു സമ്മതപത്രം പിൻവലിച്ചു മന്ത്രിസഭ; സിബിഐക്ക് ഇനി സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേസുകൾ എടുക്കാൻ സാധിക്കില്ല; കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുക്കാം; സർക്കാർ തീരുമാനം ലൈഫിനെ സിബിഐ അന്വേഷണം ഭയന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്ക് മൂക്കുകയർ ഇട്ട് പിണറായി സർക്കാർ. സിബിഐ അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇതു സമ്മതിച്ച തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടു. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക. സിബിഐക്ക് നേരത്തെ അനുമതിയില്ലാതെ കേസെടുക്കാനുള്ള പൊതുസമ്മതം നൽകിയിരുന്നു സംസ്ഥാനസർക്കാർ. ആ അനുമതി പത്രമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മറ്റിയുടെ അനുമതിയോടു കൂടിയാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നത്.
ഇനി കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിർദ്ദേശപ്രകാരം കേസുകൾ എടുക്കണമെങ്കിലോ ക്രിമിനൽ കേസുകൾ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്സിക്യൂട്ടീവ് ഓർഡറായി നിലവിൽ വരും. കേരളത്തിൽ സിബിഐയെ വിലക്കണമെന്ന് സിപിഎം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിർദ്ദേശിച്ചിരുന്നു. സിബിഐ. അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പി.ബി. നിർദ്ദേശിച്ചത്. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദ്ദേശപ്രകാരമോ സർക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെ സിബിഐ അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്നാണ് സിബിഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയത്.
പൊതുസമ്മതം പിൻവലിക്കാനുള്ള തീരുമാനം എക്സിക്യൂട്ടീവ് ഓർഡറായി പുറത്തിറക്കും. 2017-ലാണ് സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താൻ സർക്കാർ പൊതുസമ്മതം നൽകിയത്. അതേസമയം, സിബിഐയുടെ നിലവിലെ അന്വേഷണങ്ങളെ ഈ തീരുമാനം ബാധിക്കില്ല. ചട്ടങ്ങൾ പാലിച്ചുകൊണ്ട് തുടർന്നും അന്വേഷണം തുടരാം.
അതേസമയം സിബിഐക്ക് പുറമേ ഇഡിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സർക്കാർ ആലോചിച്ചിരുന്നു. സർക്കാരിന്റെ അഭിമാന പദ്ധതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്താനൊരുങ്ങുന്ന അന്വേഷണത്തിനു തടയിടാൻ വഴിതേടി സർക്കാർ. അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയെന്നാണു സൂചനകൾ. ഇഡി ആവശ്യപ്പെട്ട രേഖകൾ കൈമാറുന്ന കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുത്താൽ മതിയെന്ന് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, വിവരാവകാശ നിയമപ്രകാരം ഏതൊരാളും ചോദിച്ചാൽ സർക്കാർ നൽകാൻ ബാധ്യസ്ഥമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സിബിഐ അന്വേഷണത്തിനു താൽക്കാലികമായെങ്കിലും തടയിട്ടതു പോലെ ഇഡിയോടു സർക്കാരിനു മുഖം തിരിക്കാൻ കഴിയില്ലെന്നാണു നിയമവിദഗ്ധരുടെ പക്ഷം. എം.ശിവശങ്കർ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ സമ്പാദ്യവും നിക്ഷേപവും എവിടെ നിന്നു വന്നുവെന്നു കണ്ടെത്തേണ്ടതു കേസിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ശിവശങ്കർ ഇതേക്കുറിച്ചു മറുപടി നൽകുന്നില്ല. ഇതേത്തുടർന്നാണു ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ മുഖ്യ ഇടപെടലുകൾ ഇഡി പരിശോധിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ