തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ വിവാദത്തിൽ കുടുക്കി, വികസന പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നിർവഹിച്ച്, സർക്കാർ ജീവനക്കാരെ തൃപ്ത്തിപ്പെടുത്താൻ അവരുടെ ശമ്പളകാര്യത്തിൽ കാര്യമായ വർദ്ധനവും വരുത്തി ഉമ്മൻ ചാണ്ടി ഭരിക്കുന്ന സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. ശമ്പള കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചതിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ ജീവനക്കാരെ ശരിക്കും കൈയിലെടുത്തിരിക്കയാണ് ഇപ്പോൾ. സർക്കാർ ജീവനക്കാർക്ക് സന്തോഷിക്കാൻ വകനൽക്കുന്ന കാര്യങ്ങൾ ഏറെ കുത്തി നിറച്ചാണ് സർക്കാർ പുതിയ റിപ്പോർട്ട് നടപ്പിലാക്കിയിരിക്കുന്നത്. ദിവസ വേതനക്കാർക്കും ഇന് സർക്കാർ ഉദ്യോഗസ്ഥരുടെ അതേ ശമ്പളം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ സർവീസിൽ ഉള്ളവർക്ക് മാസം 2,000 മുതൽ 12,000 രൂപ വരെയുള്ള വർധന നടപ്പിൽവരുത്തിയിരിക്കയാണ് സർക്കാർ. ഇത് പ്രകാരം എൽപി സ്‌കൂൾ അദ്ധ്യാപകന് അടിസ്ഥാന ശമ്പളമായി 25,000 രൂപയും പൊലീസുകാരന് 22,200 രൂപയും ലഭിക്കും. ഫെബ്രുവരി മാസം മുതൽ ശമ്പളം പുതുക്കിയ നിരക്കിലായിരിക്കും. 2014 ജൂലൈ ഒന്നിനുശേഷം സർക്കാർ സർവീസിൽ ചേർന്നവർക്ക് അടിസ്ഥാന ശമ്പളത്തിൽ 500 രൂപ കുറവുചെയ്തത് ഉൾപ്പെടെ മൂന്നു മാറ്റങ്ങൾ വരുത്തിയാണു കമ്മിഷൻ റിപ്പോർട്ടിന് അംഗീകാരം നൽകിയത്.

മുൻകാലങ്ങൾക്കു വിരുദ്ധമായി കുടിശിക പിഎഫിൽ ലയിപ്പിക്കുന്നതിനുപകരം 2017 ഏപ്രിൽ ഒന്നുമുതൽ നാല് അർധവാർഷിക ഗഡുക്കളായി നൽകും. പുതുക്കിയ കുറഞ്ഞ ശമ്പളം 16,500 രൂപയാണ്. കൂടിയത് 1,20,000 രൂപ. പത്തു വർഷത്തേക്കുള്ള ശുപാർശയാണു കമ്മിഷൻ നൽകിയതെങ്കിലും നിലവിലെ രീതിയിൽ അഞ്ചുവർഷ കാലാവധി മാത്രമാണ് ഈ തീരുമാനത്തിനുള്ളത്. ശമ്പളപെൻഷൻ പരിഷ്‌കരണം നടപ്പാക്കുന്നതിലൂടെ സർക്കാരിനു പ്രതിവർഷം 7,222 കോടിയുടെ ബാധ്യതയാണ് ഉണ്ടാകുക.

പുതുക്കിയ ശമ്പള നിരക്ക് ഇങ്ങനെയാണ്:

എൽഡി ക്ലർക്ക് 19,000 രൂപ (9940 രൂപ)
പൊലീസ് കോൺസ്റ്റബിൾ 22,200 രൂപ (10,480 രൂപ)
എൽപി/യുപി ടീച്ചർ 25,200 രൂപ (13,210)
ഹൈസ്‌കൂൾ ടീച്ചർ 29.200 രൂപ (15,380 രൂപ)
അസിസ്റ്റന്റ് ടീച്ചർ 39,500 രൂപ (20,740)
അസിസ്റ്റന്റ് സർജൻ 51,600 രൂപ (27,140 രൂപ)
സ്റ്റാഫ് നഴ്‌സ് 27,800 രൂപ (13,900 രൂപ)

വരുമാനത്തിന്റെ 80 ശതമാനവും ശമ്പളത്തിന് നൽകണം

സർക്കാർ ജീവനക്കാരുടെ ശമ്പളം വലിയ തോതിൽ വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക നില കൂടുതൽ മോശമാകുമെന്ന അവസ്ഥ ഉറപ്പാണ്. ഏറെക്കുറെ ഇരട്ടിയായി വർധിപ്പിച്ചുകൊണ്ടു ശമ്പള പരിഷ്‌കരണ കമ്മിഷൻ ശുപാർശകൾ സർക്കാർ നടപ്പാക്കുമ്പോൾ റവന്യു വരുമാനത്തിന്റെ 80% ശമ്പളത്തിനും പെൻഷനുമായി നീക്കിവയ്‌ക്കേണ്ടിവരും. ശമ്പള പെൻഷൻ വർധന നടപ്പാക്കാൻ മാത്രം 7222 കോടിയുടെ അധികബാധ്യത വരുമെന്നും സർക്കാർ വെളിപ്പെടുത്തിക്കഴിഞ്ഞു.

2014 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുമ്പോൾ കുടിശിക സഹിതം ചെലവ് റവന്യു വരുമാനത്തിന്റെ 90 ശതമാനത്തിനു മുകളിലെത്തും. ശമ്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ എടുക്കുന്ന വായ്പയുടെ പലിശ കൂടി കണക്കാക്കിയാൽ ചെലവ് അടുത്ത വർഷം ചിലപ്പോൾ റവന്യു വരുമാനത്തെയും കടത്തിവെട്ടും. നിലവിൽ റവന്യു വരുമാനത്തിന്റെ 62% ആണു ശമ്പളത്തിനും പെൻഷനുമായി ചെലവാകുന്നത്. ആ സ്ഥാനത്താണ് ഇനി 80% ചെലവാകുക.

ഫെബ്രുവരി മാസം മുതൽ വർധന നടപ്പാക്കുമ്പോൾ ധനവകുപ്പ് ഈ വർഷത്തെ ബജറ്റിൽ മാത്രം 602 കോടി രൂപ അധികം കണ്ടെത്തണം. രാമചന്ദ്രൻ നായർ കമ്മിഷൻ 5277 കോടി രൂപയുടെ അധികബാധ്യതയാണു റിപ്പോർട്ടിൽ കണക്കാക്കിയിരിക്കുന്നത്. എന്നാൽ ധനവകുപ്പിന്റെ സൂക്ഷ്മപരിശോധനയിൽ വർധന 8122 കോടി രൂപയാകുമെന്നു കണ്ടെത്തി.

ശുപാർശകളിൽ ചിലത് ഒഴിവാക്കി ധനവകുപ്പ് 900 കോടി രൂപ കുറച്ചു ബാധ്യത 7222 കോടിയിൽ എത്തിക്കുകയായിരുന്നു. നിലവിലെ ശമ്പള സ്‌കെയിലിന് ആനുപാതികമായി പുതിയ സ്‌കെയിലാണു സാധാരണയായി മിക്ക തസ്തികകളിലും അനുവദിക്കുക. എന്നാൽ ചില തസ്തികകൾക്കു മുന്നും നാലും ഗ്രേഡുകൾക്കു മുകളിലുള്ള സ്‌കെയിൽ ശമ്പള കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇത് ഒഴിവാക്കിയാണു ധനവകുപ്പ് 900 കോടി കുറച്ചത്.

ദിവസ വേതനക്കാർക്കും സർക്കാർ ജീവനക്കാരുടേതിന് തുല്യമായ ശമ്പളം

ദിവസവേതനക്കാരുടെ ശമ്പളം സമാന ശമ്പള സ്‌കെയിലുമായി ബന്ധിപ്പിക്കാനും ക്ഷാമബത്താ വർധനയുടെ ആനുകൂല്യം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പാർട് ടൈം ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 8200 രൂപയായും (നിലവിൽ 4250) ഉയർന്നത് 16,460 (നിലവിൽ 8400) രൂപയായും വർധിപ്പിക്കും. ജീവിത ചെലവ് റോക്കറ്റുപോലെ മുകളിലേക്ക് കുതിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.

ദിവസ വേതനക്കാർക്ക് അവർ ജോലിചെയ്യുന്ന തസ്തികയിലെ ശമ്പള സ്‌കെയിലിന്റെ മിനിമത്തെ 25 ദിവസംകൊണ്ടു ഹരിച്ചാൽ കിട്ടുന്ന തുക നിശ്ചയിക്കും. സർക്കാർ ജീവനക്കാർക്കു നൽകുന്ന ക്ഷാമബത്തയുടെകൂടി ആനുകൂല്യം കിട്ടത്തക്കവിധം എല്ലാ വർഷവും ഇവരുടെ വേതനം പുതുക്കി നിശ്ചയിക്കും. ഏപ്രിൽ ഒന്നു മുതലായിരിക്കും ഇതിനു പ്രാബല്യം. ദിവസ വേതനക്കാർക്കും സ്ഥിരം വേതന വർധന വരുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. സർക്കാറിന്റെ വരുമാനത്തിന്റെ 80 ശതമാനവും ശമ്പള ഇനത്തിൽ നൽകേണ്ടി വരുന്ന സാഹചര്യത്തിൽ സർക്കാറിനെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ് ഇത് വരുത്തി വെക്കുന്നത്. ശമ്പള വർദ്ധനവിന് മുൻകാല പ്രാബല്യം കൂടി നൽകുന്നതോടെ ഈ തുക ഇരട്ടിക്കുകയും ചെയ്യും.

100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള സർക്കാർ ഓഫിസുകളിലെ കാഷ്വൽ സ്വീപ്പർമാരുടെ ശമ്പളം 6000 രൂപയായി ഉയർത്തും. 5000 രൂപയാണു കമ്മിഷൻ ശുപാർശ ചെയ്തത്.

ശമ്പള പരിഷ്‌ക്കരണം ഒറ്റനോട്ടത്തിൽ ഇങ്ങനെ

1. കമ്മിഷൻ ശുപാർശ ചെയ്ത മാസ്റ്റർ സ്‌കെയിൽ മിനിമം 16,500 രൂപയാക്കി. ശമ്പളപരിഷ്‌കരണ തീയതിക്കു മുൻപു സർവീസിലുള്ളവർക്ക് ഇത് ബാധകമാവില്ല. ടൈം സ്‌കെയിലുകളിൽ ശുപാർശ ചെയ്ത പൊതു ഫോർമുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി.

2. കമ്മിഷൻ ശുപാർശചെയ്ത പ്രകാരമുള്ള ഉയർത്തിനൽകൽ നിലവിലെ സ്‌കെയിലായ 24040-38840 സ്‌കെയിലുകളിൽ മാത്രമാക്കി. ഇവർക്കും ഒരു ഉയർത്തലേ നൽകുകയുള്ളു. ഇതിനു മുകളിലെ സ്‌കെയിലുകളിൽ വർധന അനുവദിക്കില്ല.

3. ശുപാർശയിലെ ഹയർഗ്രേഡുകൾ അംഗീകരിച്ചിട്ടില്ല. നിലവിലുള്ള ഹയർ ഗ്രേഡുകളിലെ ശുപാർശചെയ്ത വർധന 2:1 (കുറഞ്ഞ സ്‌കെയിലുകൾക്ക്), 3:1 (ഉയർന്ന സ്‌കെയിലുകൾക്ക്, 24040-38840 മുതൽ) എന്നിങ്ങനെ പരിമിതപ്പെടുത്തി. സ്‌കെയിൽ വർധനയും ആനുപാതിക വർധനയും ഒരുമിച്ച് ശുപാർശചെയ്ത കേസുകളിൽ സ്‌കെയിലിലെ വർധന ഒരു തട്ടിൽ മാത്രമാണ് അനുവദിച്ചിട്ടുള്ളത്

4. വീട്ടുവാടക അലവൻസ്, സിറ്റി കോമ്പൻസേറ്ററി അലവൻസ് തുടങ്ങി മുഴുവൻ അലവൻസുകളും കമ്മിഷൻ ശുപാർശചെയ്ത നിരക്കിൽ നൽകും. സ്‌പെഷൽ അലവൻസ്, റിസ്‌ക് അലവൻസ് എന്നിവയിൽ ശുപാർശയേക്കാൾ 10% വാർഷിക വർധന അനുവദിക്കും.

5. പെൻഷൻകാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി അംഗീകരിച്ചു. വിശദാംശങ്ങൾ ധനവകുപ്പ് തീരുമാനിക്കും. പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനുവരി ഒന്നുമുതലുള്ള 3%, 2015 ജൂലൈ മുതലുള്ള 6% ക്ഷാമബത്ത നൽകും.

6. ലീവ് സറണ്ടർ, എൽടിസി എന്നിവ നിലവിലെ രീതിയിൽ തുടരും.

7. പുതിയ ശമ്പള, പെൻഷൻ നിർണയത്തിനു കമ്മിഷന്റെ ശുപാർശകൾ അംഗീകരിച്ചു. ശമ്പളത്തിനു 12% ഫിറ്റ്‌മെന്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000 രൂപ) ഓരോ വർഷ സർവീസിനും അരശതമാനം വെയിറ്റേജും. പെൻഷന് 18% ഫിറ്റ്‌മെന്റ് ബെനിഫിറ്റ്. ഇൻക്രിമെന്റ് നിരക്കുകൾ കമ്മിഷൻ ശുപാർശചെയ്ത നിരക്കിൽ നൽകും. ഡിസിആർജി പരിധി ഏഴിൽനിന്നു 14 ലക്ഷമാക്കി. മറ്റു പെൻഷൻ ആനുകൂല്യങ്ങൾ തുടരും. എക്‌സ്‌ഗ്രേഷ്യാ പെൻഷൻകാർക്കു പുതുതായി ഡിആറും കുടുംബപെൻഷനും.

8. സ്ഥാനക്കയറ്റ ശമ്പളനിർണയത്തിന് കമ്മിഷൻ ശുപാർശ അംഗീകരിച്ചു. സമയബന്ധിത ഹയർ ഗ്രേഡ് പ്രമോഷന്റെ കാലപരിധി നിലവിലുള്ള രീതിയിൽ തുടരും. എന്നാൽ ശമ്പളം നിർണയിക്കുമ്പോൾ ഇത്തരം പ്രമോഷനുകൾക്കും സാധാരണ പ്രമോഷന്റെ ശമ്പളനിർണയ ആനുകൂല്യങ്ങൾ നൽകും.

9. ഓപ്ഷൻ സമ്പ്രദായം അവസാനിപ്പിച്ചു. എല്ലാ ജീവനക്കാരും 2014 ജൂലൈ ഒന്നിന്റെ മുൻകാലപ്രാബല്യത്തോടെ പുതിയ ശമ്പളസ്‌കെയിലിലേക്ക്.

10. അവയവമാറ്റത്തിനു വിധേയരാകുന്ന ജീവനക്കാർക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി. ന്മ സ്‌പെഷൽ പേ സമ്പ്രദായം അവസാനിപ്പിച്ചെങ്കിലും ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്ക് തുടർന്നും അനുവദിക്കും.

11. സർവകലാശാല ജീവനക്കാരുടെ ശമ്പളവും പെൻഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമാക്കും.

12. പരാതികൾ പരിശോധിക്കുന്നതിനായി അനോമലി സെൽ രൂപീകരിച്ചു.