തിരുവനന്തപുരം: പ്രവാസികൾക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥയ്ക്ക് വ്യത്യാസം വരുന്നു. പ്രവാസികളായ കേരളീയരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി എൻആർഐ(കേരള) കമ്മീഷൻ രൂപീകരിച്ചു. അർദ്ധ ജുഡീഷ്യൽ അധികാരത്തോടെ എൻആർഐ (കേരള) കമ്മീഷൻ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന പ്രവാസി ഭാരതീയർ (കേരളീയർ) ബിൽ ഇന്നലെ നിയമസഭ ഐകകണ്‌ഠേന പാസാക്കി. 141 അംഗ നിയമസഭയിൽ ഇരുപക്ഷത്തുമായി മുപ്പതോളം അംഗങ്ങൾ മാത്രമാണ് ഈ സമയം സഭയിൽ ഉണ്ടായിരുന്നത്. ഇരട്ട പൗരത്വമുള്ളവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരുന്ന ഭേദഗതിയും സഭ പാസാക്കി.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, വ്യാജ റിക്രൂട്ട്‌മെന്റുകൾ തടയാൻ നടപടി സ്വീകരിക്കുക, പ്രവാസികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ. കേരള ഹൈക്കോടതി ജഡ്ജിയുടെ പദവി വഹിക്കുന്നതോ വഹിച്ചിരുന്നതോ ആയ വ്യക്തിയാകണം കമ്മീഷൻ ചെയർപേഴ്‌സൺ. മറ്റ് രണ്ടംഗങ്ങൾ അഞ്ച് വർഷത്തിൽ കുറയാതെ വിദേശത്തുണ്ടായിരുന്നവരാകണം. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ളയാളാവും സെക്രട്ടറി. മൂന്ന് വർഷമായിരിക്കും കമ്മീഷന്റെ കാലാവധി. ഒരു തവണ പുനർനിയമനത്തിന് അർഹതയുണ്ടാകും. പരാതിയുടെ അടിസ്ഥാനത്തിലോ, സ്വമേധയോ സർക്കാർ അഭ്യർത്ഥന പ്രകാരമോ കമ്മീഷന് അന്വേഷണം നടത്താം. സർക്കാരിനോട് നടപടി ശുപാർശ ചെയ്യാനും അധികാരമുണ്ടാവും. നിശ്ചിത തുക സർക്കാർ കമ്മീഷന് ഗ്രാന്റായി നൽകും.

2015 ജനുവരിയിൽ നടന്ന ഗ്ലോബൽ എൻആർകെ മീറ്റിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എൻആർഐ കമ്മീഷൻ രൂപീകരിക്കുന്ന വിവരം പുറത്തുവിട്ടത്. ഇത് പ്രവാസി മലയാളികൾ വളരെ ആവേശത്തോടെയും സ്വീകരിക്കുകയുണ്ടായി. ഗവർണറുടെ 2015 മാർച്ചിലെ നയപ്രഖ്യാപനത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായി. ഇതിന് ശേഷം നടപടികളുമായി മുന്നോട്ടു പോയ ശേഷമാണ് ഇത് ബില്ലായി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം എൻആർഐ കമ്മീഷൻ രൂപകരണം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം പകരുന്ന സംഭവമാണ്. നാട്ടിലുള്ള ബന്ധുക്കളെ വഞ്ചിക്കുന്നവർക്കെതിരെയും നടപടി എടുക്കാം എന്നത് പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ്. പ്രവാസികൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നാട്ടിൽ ബന്ധുക്കളെ പറ്റിച്ച് തട്ടിയെടുക്കുന്ന സംഭവം പതിവാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകാർക്കെതിരെ നടപടി കൈക്കൊള്ളാം എന്നത് ഏറെ ആശ്വാസം തന്നെയാണ്.

വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സേവനങ്ങൾ തുല്യപരിഗണനയോടെ പ്രവാസികൾക്കും ഉറപ്പാക്കുക, വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ തുല്യപരിഗണന ലഭ്യമാക്കുക തുടങ്ങിയയാണു ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.

ചെയർമാനം കൂടാതെ രണ്ട് അംഗങ്ങളാണു കമ്മീഷനിൽ ഉള്ളത്. ഇവർക്കോരോരുത്തർക്കും ലക്ഷങ്ങൾ ശമ്പളമായി ലഭിക്കുകയും ചെയ്യും. എൻആർഐ കമ്മീഷൻ രൂപീകരണം സർക്കാറിനെ സംബന്ധിച്ചിടത്തോളം ഒരു തെരഞ്ഞെടുപ്പ് ആയുധം കൂടിയാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാകാവുന്ന സാമുദായിക ഘടകങ്ങൾ പരിഗണിച്ചാകും കമ്മീഷനിലെ അംഗങ്ങളെ നിശ്ചയിക്കുക. പ്രവാസികളിലേറെയും മുസ്ലിം, ക്രിസ്ത്യൻ സമുദായാംഗങ്ങളായിരിക്കെ പ്രത്യേകിച്ചും. അതൊഴിവാക്കാൻ സാമുദായിക സന്തുലനം പാലിച്ച് കമ്മീഷൻ ഉടനേ യാഥാർത്ഥ്യമാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് യുഡിഎഫ്.