തിരുവനന്തപുരം: അടുത്തകാലത്ത് പിണറായി സർക്കാറിന്റെ വൈരാഗ്യബുദ്ധിക്ക് ഏറ്റവും അധികം ഇരയാക്കപ്പെട്ടത് ടി പി സെൻകുമാർ എന്ന ഉദ്യോഗസ്ഥനായിരുന്നു. സർക്കാറിനെ നിയമപോരാട്ടത്തിലൂടെ മുട്ടുകുത്തിച്ച് ഡിജിപി സ്ഥാനം തിരികെ പിടിച്ച് അവിടെ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെ ദ്രോഹിക്കാൻ തുടക്കം മുതൽ സർക്കാർ ശ്രമിച്ചിരുന്നു. ഇടതു സർക്കാറിന് ഓശാന പാടാൻ നിന്നില്ലെന്ന കാരണം കൊണ്ടാണ് സത്യസന്ധനായ ഈ ഉദ്യോഗസ്ഥനെ സർക്കാർ വേട്ടയാടാൻ തുടങ്ങിയത്. എന്നാൽ, ഇല്ലാത്ത കേസുകൾ അടക്കം കുത്തിപ്പൊക്കിയ സർക്കാറിന് കോടതിയിൽ നിന്നും തുടർച്ചയായി പ്രഹരം ഏൽക്കേണ്ടിയും വന്നു. എന്നിട്ടും കലിപ്പിടങ്ങാതെ സർക്കാർ അദ്ദേഹത്തെ വേട്ടയാടാനുള്ള പുതുതന്ത്രം പയറ്റുകയാണ്.

ഏറ്റവും ഒടുവിലായി മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിനെതിരെ പുതിയ ആരോപണം ചമച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി സർക്കാർ. ചാരക്കേസിൽപെട്ട ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പീഡിപ്പിക്കാൻ സെൻകുമാറും കൂട്ടുനിന്നു എന്നാണ് പുതിയ കുറ്റം. നേരത്തെ ചുമത്തിയ സെൻുകുമാറിനെതിരെ ചുമത്തിയ മൂന്നുകേസുകൾ അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിക്കളഞ്ഞ ശേഷമാണ് അദ്ദേഹത്തിന് കുരുക്കിടാൻ വേണ്ടി പുതിയ നീക്കം നടത്തുന്നത്.

സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിൽ സർക്കാരിനെ തോൽപിച്ച് പൊലീസ് മേധാവിക്കസേരയിൽ തിരിച്ചെത്തിയ സെൻകുമാർ രണ്ടു വർഷത്തിനിടെ മൂന്നു ക്രമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെടുകയായിരുന്നു. എന്നാൽ, ഈ നീക്കങ്ങൾക്ക് പിന്നിൽ സർക്കാറിന്റെ പ്രതികാരബുദ്ധിയാണെന്ന് തിരിച്ചറിഞ്ഞതോടെ കോടതി തള്ളിക്കളഞ്ഞു. ഇങ്ങനെ മൂന്ന് കേസുകൾക്ക് നിലനിൽപില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞപ്പോഴാണ് ഹൈക്കോടതിക്ക് മുന്നിലായി പുതിയ കുറ്റം ആരോപിച്ച് സർക്കാർ രംഗത്തുവന്നത്. അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിലേക്കുള്ള തന്റെ നിയമനം സർക്കാർ വൈകിക്കുന്നുവെന്ന് കാണിച്ച് സെൻകുമാർ നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് പുതിയ കുരുക്കിട്ടിരിക്കുന്നത്.

ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട നമ്പി നാരായണനെ പീഡിപ്പിക്കാൻ സെൻകുമാറും ശ്രമിച്ചുവത്രേ. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയിൽ ഏഴാം എതിർകക്ഷിയായി സെൻകുമാറിനെ ചേർത്തിട്ടുണ്ട്. ഇതുപക്ഷ ഇകെ നായനാർ മന്ത്രിസഭയുടെ കാലത്ത് സർക്കാർ ഉത്തരവ് പ്രകാരം ചാരക്കേസ് പുനരന്വേഷിക്കാൻ സെൻകുമാർ നിയോഗിക്കപ്പെട്ടു എന്നതിന്റെ പേരിലാണ്.

കോടതിയുടെ അനുമതി വാങ്ങി അന്വേഷണം തുടങ്ങിയെങ്കിലും സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കി. കോടതിയെ തെറ്റിദ്ധരിപ്പിച്ച് സെൻകുമാർ തുടരന്വേഷണത്തിന് അനുമതി വാങ്ങിയെന്ന വിചിത്ര വാദമാണ് ഈ സത്യവാങ്മൂലത്തിൽ സർക്കാർ ഉന്നയിക്കുന്നത്. സിബിഐ അന്വേഷിച്ച കേസ് തിരികെ വാങ്ങി തുടരന്വേഷണം നടത്താനുള്ളത് അന്നത്തെ ഇടതു സർക്കാരിന്റെ തീരുമാനമായിരുന്നു. സെൻകുമാറിനെതിരെ സർക്കാർ പോരാട്ടത്തിന് ഇറങ്ങിയപ്പോഴോക്കെ ഖജനാവിന് നഷ്ടമുണ്ടാകുന്ന അവസ്ഥയാണ് സംജാതമായിരുന്നത്. തനിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ കൂട്ടാക്കാതെ ഏറ്റുവാങ്ങിയ 25,000 രൂപ പിഴയടച്ചത് മുതൽ ഇപ്പോഴത്തെ ഈ കേസുകൾക്കെല്ലാമായി ചിലവഴിക്കുന്ന തുക സർക്കാരിന്റെ ഫണ്ടിൽ നിന്നാണെന്ന് പരിശോധിക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.

അടുത്തിടെ സെൻകുമാറിനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. സംസ്ഥാന സർക്കാറിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയ ഡിജിപി പദവി തിരിച്ചുപിടിച്ചത് ബിജെപിക്കാർക്കിടയിൽ മതിപ്പുണ്ട് സെൻകുമാറിന്. ഈ സാധ്യത അടക്കം ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിനെ ഗവർണർ പദവി നൽകുമെന്ന വിധത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. ഇത് അദ്ദേഹത്തെ മനപ്പൂർവ്വം ദ്രോഹിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണെന്നാണ് ഈ വാർത്തയെന്നും അദ്ദേഹത്തോട് അടുത്തവർ പറയുന്നു.

അതേസമയം ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെ ലക്ഷ്യം മറ്റൊന്നാണെന്ന സൂചനയാണ് സെൻകുമാറിനോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്. താൻ ഗവർണറായി കാണണമെന്ന ആഗ്രഹം ഉള്ളവരല്ല ഇത്തരം പ്രചരണം നടത്തുന്നത്. മറിച്ച് അദ്ദേഹത്തിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന ചില പദവികളുണ്ട്. അത്തരം പദവികളിൽ ചിലത് സംസ്ഥാന കാര്യങ്ങളിൽ ഇടപെടാൻ പോന്നതായിരുന്നു. ഈ പദവികളിലേക്ക് സെൻകുമാർ എത്താതിരിക്കാൻ വേണ്ടിയാണ് ഗവർണർ പോലുള്ള പദവികൾ നൽകുമെന്ന് പ്രചരിപ്പിക്കുന്നതും എന്നാണ് പുറത്തുവരുന്ന സൂചന.

വിരമിച്ചെങ്കിലും സർക്കാറിൽ പലരും ഭയക്കുന്ന ഉദ്യോഗസ്ഥനായി സെൻകുമാർ മാറിയെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മെരുക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളും. കേന്ദ്രത്തിൽ ഉദ്യോഗസ്ഥ തലത്തിലും സെൻകുമാറിനെ താൽപ്പര്യമുള്ളവരുണ്ട്. അതേസമയം സെൻകുമാറിനെ കാവിപുതപ്പിച്ചാൽ പലകാര്യങ്ങൾ സർക്കാറിനും ഉദ്യോഗസ്ഥർക്കും എളുപ്പമാണ്. ഈ സാധ്യതയെയാണ് ഉപയോഗപ്പെടുത്തുന്നതും. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അടുത്തിടെ കേരളത്തിലെത്തിയപ്പോൾ സെൻകുമാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

അന്ന് ഷായെ സന്ദർശിച്ച പ്രമുഖരിൽ പലരും ബിജെപിയിൽ ചേർന്നെങ്കിലും സെൻകുമാർ അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന് അഭ്യൂഹമുയർന്നിരുന്നു. അതേസമയം സെൻകുമാറിനെ ഗവർണർ പദവിയിൽ നിയമിക്കുന്നു എന്ന വാർത്തകൾ വന്നാൽ മറ്റ് ബിജെപി കേന്ദ്രങ്ങളിൽ നിന്നും എതിർപ്പുയരും. ഈ എതിർപ്പുയരാൻ വേണ്ടിക്കൂടിയാണ് പുതിയ പ്രചരണരം തന്ത്രവുമായി ചില ഉദ്യോഗസ്ഥ കേന്ദ്രങ്ങൾ രംഗത്തെത്തിയത്. പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും പിണറായി സർക്കാരിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. ഹൈക്കോടതി തള്ളിയ കേസിൽ സെൻകുമാറിനെ വീണ്ടും കുടുക്കാനായി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പക്ഷെ പരിഗണനക്ക് പോലുമെടുക്കാതെ തള്ളിയതും സർക്കാറിന് തിരിച്ചിടിയായിരുന്നു.

സെൻകുമാർ വ്യാജരേഖയുണ്ടാക്കി എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് കഴമ്പില്ലെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കിയതിന് എതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വൻതുക മുടക്കി മുതിർന്ന അഭിഭാഷകരെ ഇറക്കിയെങ്കിലും വീണ്ടും പരാജയപ്പെട്ടു. സ്പഷ്യൽ ലീവ് പെറ്റിഷൻ ഫയലിൽ സ്വീകരിക്കാൻ തന്നെ കോടതി തയ്യാറായില്ല. സർക്കാരിനെ വെല്ലുവിളിച്ച് പൊലീസ് മേധാവിക്കസേരയിൽ തിരിച്ചെത്തിയ സെൻകുമാർ അവിടെ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മൂന്നു കേസുകളിലാണ് പ്രതിയായത്. ഒരെണ്ണത്തിൽ അറസ്റ്റിലായി ജാമ്യം എടുക്കണ്ടിവന്നു. ഈ കേസിൽ പക്ഷെ ഒരുവർഷം തികയുംമുൻപെ തെളിവില്ലാതെ പൊലീസിന് തന്നെ നടപടി അവസാനിപ്പിക്കേണ്ടി വന്നു. അഴിമതി ആരോപിച്ച് വിജിലൻസ് തുടങ്ങിയ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി പോയ തിരുവനന്തപുരത്തെ സിപിഎം നേതാവ് എജെ സുകാർണോക്ക് 25000 രൂപ പിഴയാണ് കോടതി വിധിച്ചത്.

ഇതൊന്നും പോരാതെയാണ് ഹൈക്കോടതി തള്ളിയ മറ്റൊരു കേസിൽ സർക്കാർ തന്നെ സുപ്രീം കോടതി വരെ പോയി ഇപ്പോൾ പരാജയം എറ്റുവാങ്ങിയത്. നേരത്തെ സെൻകുമാറിനെതിരെ കേസ് നടത്തിയ വകയിൽ അഭിഭാഷകർക്ക് നൽകാനുള്ള തുക മാത്രം 20 ലക്ഷം രൂപയിലേറെ കണക്കാക്കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാതെ വൈകിച്ച വകയിൽ പിന്നെയുമൊരു 25,000 കൂടി അന്ന് കയ്യിൽ നിന്നുപോയി. സർക്കാർ അഭിഭാഷകരെ ഒഴിവാക്കി ഇന്നലെ നിയോഗിച്ച അഡ്വക്കറ്റ് ഹരിൺ പി റാവലിന് നൽകാനുള്ള ലക്ഷങ്ങളും ഖജനാവിന്റെ നഷ്ടം തന്നെ.