- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2500 കോടി ബാക്കിവച്ച് പടിയിറങ്ങിയ തോമസ് ഐസക് തിരിച്ചുകയറുമ്പോൾ ഖജനാവ് കാലി; ശമ്പളംകൊടുക്കാൻപോലും പണമില്ലാത്ത ട്രഷറിയെപ്പറ്റി ധവളപത്രമിറക്കുമെന്ന് നിയുക്ത ധനമന്ത്രി; ഉമ്മൻ ചാണ്ടി അവസാനകാലത്ത് പിടിച്ചുനിന്നത് ബില്ലുകളെല്ലാം തടഞ്ഞുവച്ചെന്ന് കണക്കുകൾ
തിരുവനന്തപുരം: ട്രഷറിയിൽ മിച്ചംവച്ച് 2011ൽ പടിയിറങ്ങിയ തോമസ് ഐസക് അഞ്ചുവർഷത്തിനുശേഷം തിരികെ ധനമന്ത്രിയായി അധികാരത്തിലെത്തുമ്പോൾ മുന്നിലുള്ളത് കാലിയായ ഖജനാവ്. സാമ്പത്തിക നില അതീവ ഗുരുതരാവസ്ഥയിലാണെന്നും എൽഡിഎഫ് സർക്കാർ അധികാരമേറിയ ഉടൻതന്നെ ആദ്യ നടപടിയായി സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കുമെന്നും നിയുക്ത ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് പകുതിയോടെ തന്നെ സംസ്ഥാന ട്രഷറി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. എങ്കിലും ബില്ലുകൾ മിക്കവയും പാസാക്കാതെ പിടിച്ചുവച്ച് ഉമ്മൻ ചാണ്ടി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നുവെന്ന് ഐസക്കിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ട്രഷറി അടച്ചുപൂട്ടേണ്ട സ്ഥിതിയില്ലെന്നും ട്രഷറിയിൽ ആവശ്യത്തിന് പണമുണ്ടെന്നും ധനമന്ത്രി കെ എം മാണിയുടെ രാജിക്കുശേഷം വകുപ്പ് കൈകാര്യംചെയ്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥിതി അങ്ങിനെ അല്ലായിരുന്നുവെന്നാണ
തിരുവനന്തപുരം: ട്രഷറിയിൽ മിച്ചംവച്ച് 2011ൽ പടിയിറങ്ങിയ തോമസ് ഐസക് അഞ്ചുവർഷത്തിനുശേഷം തിരികെ ധനമന്ത്രിയായി അധികാരത്തിലെത്തുമ്പോൾ മുന്നിലുള്ളത് കാലിയായ ഖജനാവ്. സാമ്പത്തിക നില അതീവ ഗുരുതരാവസ്ഥയിലാണെന്നും എൽഡിഎഫ് സർക്കാർ അധികാരമേറിയ ഉടൻതന്നെ ആദ്യ നടപടിയായി സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കുമെന്നും നിയുക്ത ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.
ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് പകുതിയോടെ തന്നെ സംസ്ഥാന ട്രഷറി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. എങ്കിലും ബില്ലുകൾ മിക്കവയും പാസാക്കാതെ പിടിച്ചുവച്ച് ഉമ്മൻ ചാണ്ടി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നുവെന്ന് ഐസക്കിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ട്രഷറി അടച്ചുപൂട്ടേണ്ട സ്ഥിതിയില്ലെന്നും ട്രഷറിയിൽ ആവശ്യത്തിന് പണമുണ്ടെന്നും ധനമന്ത്രി കെ എം മാണിയുടെ രാജിക്കുശേഷം വകുപ്പ് കൈകാര്യംചെയ്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥിതി അങ്ങിനെ അല്ലായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
2011 മാർച്ച് അവസാനം എൽഡിഎഫ് സർക്കാർ ഭരണത്തിൽ നിന്നും ഇറങ്ങുമ്‌ബോൾ 3700ഓളം കോടി രൂപയായിരുന്നു ട്രഷറിയിൽ മിച്ചമുണ്ടായിരുന്ന തുക. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ കയറുമ്പാൾ 2500കോടി ബാക്കിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും എത്രയും വേഗം പണം കണ്ടെത്തേണ്ടിവരുമെന്ന സ്ഥിതിയിലാണ് പുതിയ എൽഡിഎഫ് സർക്കാർ.
മെയ് ആദ്യവാരം നൽകുന്ന ഏപ്രിലിലെ ശമ്പളം വൈകിയപ്പോഴും സ്ഥിതി നിയന്ത്രണവിധേയമാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. എന്നാൽ യഥാർത്ഥ വസ്തുത ഭീകരമാണെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. അധികാരത്തിലേറും മുമ്പുതന്നെ സർക്കാരിന്റെ ആദ്യ നടപടി ധനസ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കുകയാകുമെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചതും അതുകൊണ്ടാണ്. നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർദ്ധനയില്ലാതിരുന്നതാണ് സർക്കാരിനെ പാപ്പരാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതെന്നാണ് സൂചനകൾ. കഴിഞ്ഞ വർഷം ആകെ 11 ശതമാനമാണ് നികുതി വരുമാനം വർധിച്ചത്. സ്പാർക്കുവഴി ഓൺലൈനായി സമർപ്പിക്കുന്ന ശമ്പളബില്ലുകൾ അതതു ട്രഷറികളിൽ പാസാക്കിയശേഷം പേ ഓർഡർചെക്ക് ബാങ്കിൽ നൽകി ശമ്പളം മാറ്റുന്ന രീതി നിറുത്തലാക്കി പകരം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാൻ തീരുമാനിച്ചുകൊണ്ടാണ് കഴിഞ്ഞമാസം സർക്കാർ പ്രതിസന്ധി തൽക്കാലം മറികടന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഓരോ വിഭാഗങ്ങളിലുമുള്ള ജീവനക്കാർക്ക് ഘട്ടം ഘട്ടമായി ശമ്പളം നൽകി വരികയായിരുന്നു.
മുഴുവൻ ജീവനക്കാർക്കും ഒരുമിച്ച് ശമ്പളം നൽകിയാൽ ഖജനാവ് പൂട്ടേണ്ടിവരുമെന്ന് സ്ഥിതിവന്നപ്പോഴാണ് സർക്കാർ ഈ തന്ത്രം പയറ്റിയതെന്നാണ് സൂചന. പുതിയ പിണറായി സർക്കാർ ആദ്യമായി നേരിടാൻപോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ശമ്പളവും പെൻഷനും മുടങ്ങാതെ നൽകുക എന്നതുതന്നെയായിരിക്കും.
സാമ്പത്തികവർഷത്തിന്റെ അവസാന നാളിൽ സർക്കാർ ചെലവുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ട്രഷറി കാലിയായി. ഇതോടെ സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിലയ്ക്കുകയും ചെയ്തു. ഇന്ധനം നിറയ്ക്കാൻ കാശില്ലാതെ പൊലീസ് വാഹനങ്ങൾ ഉൾപ്പെടെ മെയ് ആദ്യവാരം പെരുവഴിയിലായ സ്ഥിതിയുണ്ടായി.
932 കോടിയുടെ നീക്കിയിരുപ്പുമായാണ് മാർച്ചുമാസം ആദ്യം ട്രഷറി പ്രവർത്തനം തുടങ്ങിയത്. സഹകരണബാങ്കുകളിൽനിന്ന് 78 കോടി രൂപ നിക്ഷേപമായും വാണിജ്യനികുതി വരവ് 600 കോടി രൂപയും ലഭിച്ചെങ്കിലും ഇത് ആകെ വേണ്ട തുകയുടെ അടുത്തുപോലും എത്തിയില്ല. ഇതോടെ ചെലവുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. യുഡിഎഫ് ഭരണനേതൃത്വമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വികസന അഥോറിറ്റികൾക്കും ബില്ലുകൾ ട്രഷറിയിലേക്ക് നൽകേണ്ടതില്ലെന്ന് രഹസ്യമായി നിർദ്ദേശം നൽകിയാണ് തൽക്കാലം സർക്കാർ മാർച്ചി്ൽ തടിതപ്പിയത്. 2400 കോടിയുടെ കുടിശ്ശികയിൽ ഒരു രൂപപോലും കരാറുകാർക്ക് നൽകിയില്ല. സാധാരണനിലയിൽ മാർച്ച് 31ന് അർധരാത്രി കഴിഞ്ഞാലും പ്രവർത്തിക്കാറുള്ള ട്രഷറികൾ ഇത്തവണ വൈകിട്ടോടെ അടച്ചുപൂട്ടി. കേന്ദ്ര നികുതി വിഹിതമായി എല്ലാ മാസവും കിട്ടുന്ന വിഹിതത്തിൽനിന്ന് മുൻകൂർ (വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ്) കൈപ്പറ്റിയായിരുന്നു പിന്നീട് സർക്കാരിന്റെ നിത്യച്ചെലവ് നടന്നത്. സ്ഥിതി ഇത്രയും രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയ ഉടൻ ധവളപത്രമിറക്കാൻ ഒരുങ്ങുന്നത്.
വാണിജ്യനികുതി, എക്സൈസ്, മോട്ടോർ വാഹന നികുതി, രജിസ്ട്രേഷൻ എന്നീ ഇനങ്ങളിൽ 2013-14ൽ ഉണ്ടായ വർധന വെറും 6.38 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ ജൂലായ് മുതൽ ഈ ജൂലായ് വരെയുള്ള ഒരു വർഷത്തെ വളർച്ചനിരക്ക് വെറും 9.65 ശതമാനം മാത്രമാണെന്നിരിക്കെ നികുതിവരുമാനത്തിൽ ഇനിയും 1300 കോടിയുടെ കുറവുണ്ടാകുമെന്ന സ്ഥിതിയാണിപ്പോൾ. ഇങ്ങനെ പോയാൽ റവന്യൂകമ്മി 16,353 കോടിമുതൽ 23,274 കോടിവരെയാകാം എന്നതാണ് തോമസ് ഐസകും പിണറായി സർക്കാരും നേരിടുന്ന പ്രധാന വെല്ലുവിളി. സഭയിൽ തോമസ് ഐസക് തന്നെ ഇത് പലതവണ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും നിയമനനിരോധനവും പെൻഷൻ പ്രായം വർധിപ്പിക്കലും അടക്കമുള്ള താൽക്കാലിക പ്രതിവിധികളാണ് ധനവകുപ്പ് മുന്നോട്ടുവച്ചതെന്നതാണ് മറ്റൊരു വിരോധാഭാസം.